ഇന്ത്യന്‍ കുര്‍ത്തയണിഞ്ഞ് ഗ്രാമി പുരസ്‌കാരം ഏറ്റുവാങ്ങി ചന്ദ്രിക ടണ്ഠന്‍; ലോകനെറുകയില്‍ 'ത്രിവേണി' ആല്‍ബം
ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ വനിത. ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയായ ചന്ദ്രിക ടണ്ഠണാണ് മാതൃരാജ്യത്തിനാകെ അഭിമാനം പകര്‍ന്ന് ഗ്രാമി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ടണ്ഠന്റെ ആദ്യ ഗ്രാമി പുരസ്‌കാരമാണിത്.
മികച്ച ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ ചന്ദ്രിക ടണ്ഠന്‍ ഒരുക്കിയ 'ത്രിവേണി' എന്ന ആല്‍ബമാണ് നേട്ടം സ്വന്തമാക്കിയത്. ചന്ദ്രിക ടണ്ഠന്‍, ദക്ഷിണാഫ്രിക്കന്‍ ഫ്‌ളൂട്ടിസ്റ്റ് വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നിവര്‍ ചേര്‍ന്നാണ് ത്രിവേണി ഒരുക്കിയത്.
ലോസ് ആഞ്ചലസ് ക്രിപ്റ്റോ.കോം അരീനയില്‍ വച്ചു നടന്ന പുരസ്്കാരദാനച്ചടങ്ങില്‍ ചുവന്ന നിറമുള്ള തിളങ്ങുന്ന ഇന്ത്യന്‍ സില്‍ക്ക് കുര്‍ത്ത അണിഞ്ഞാണ് ചന്ദ്രിക അവാര്‍ഡ് സ്വീകരിച്ചത്. ഇതിനു മുന്‍പ് 2009 ല്‍ ചന്ദ്രികയ്ക്ക് ഗ്രാമി നോമിനേഷന്‍ ലഭിച്ചിരുന്നു. സോള്‍ കോള്‍' എന്ന ആല്‍ബത്തിനാണ് നോമിനേഷന്‍ ലഭിച്ചത്.

image credit: facebook
ചെന്നെയിലാണ് ചന്ദ്രിക ജനിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മള്‍ട്ടി നാഷണല്‍ കമ്പനിയായ പെപ്‌സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ മൂത്ത സഹോദരിയാണ്.
പുരസ്‌കാരം സ്വീകരിച്ചശേഷം അവാര്‍ഡ് വേദിയില്‍ വച്ചുള്ള ചന്ദ്രികയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. 'സംഗീതം സ്‌നേഹമാണ്, സംഗീതം വെളിച്ചമാണ്, സംഗീതം ചിരിയാണ്. നമുക്കെല്ലാവര്‍ക്കും സ്‌നേഹം, വെളിച്ചം, ചിരി എന്നിവയാല്‍ അനുഗ്രഹീതരാകാം. സംഗീതം സൃഷ്ടിക്കുന്ന എല്ലാവര്‍ക്കും നന്ദി' - അവാര്‍ഡ് സ്വീകരിച്ചശേഷം ചന്ദ്രിക പറഞ്ഞു.
ഇത് അതിശയകരമായി തോന്നുന്നു എന്നാണ് വേദിക്ക് പിന്നിലുള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ചന്ദ്രിക പ്രതികരിച്ചത്. ഈ വിഭാഗത്തില്‍ ഞങ്ങളോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ടത് വലിയ സംഗീതജ്ഞരാണ്. ഈ പുരസ്‌കാരം നേടിയ നിമിഷം വളരെ വിലപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനമാണ് 'ത്രിവേണി'. പേര് അന്വര്‍ത്ഥമാക്കുന്ന പോലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് കലാകാരന്മാരുടെ സഹകരണമാണ് 'ത്രിവേണി' എന്ന ആല്‍ബം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 ന് പുറത്തിറങ്ങിയ 'ത്രിവേണി'യില്‍ ഏഴ് ട്രാക്കുകളാണ് ഉള്‍പ്പെടുന്നത്.
ചന്ദ്രികയുടെ മനോഹരമായ വസ്ത്രധാരണം ഗ്രാമി പുരസ്‌കാരച്ചടങ്ങില്‍ ഇന്ത്യന്‍ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കുര്‍ത്തയ്‌ക്കൊപ്പം ധരിച്ച നെക്ലേസും ഏവരുടെയും ശ്രദ്ധ കവര്‍ന്നു.
ചെന്നൈയിലെ തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് ചന്ദ്രിക ജനിച്ചത്. സംഗീതജ്ഞയായ അമ്മയാണ് ആദ്യഗുരു. സംഗീത നേട്ടങ്ങള്‍ക്ക് പുറമേ മികച്ച ബിസിനസ് കരിയറും ചന്ദ്രികയ്ക്കുണ്ട്. ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ഐഐഎം അഹമ്മദാബാദില്‍ നിന്നാണ് ബിരുദം നേടിയത്. ഗ്രാമിയില്‍ ചന്ദ്രികയ്ക്കു ലഭിച്ച അംഗീകാരം ഇന്ത്യന്‍ പ്രതിഭകള്‍ക്കും അഭിമാനകരമായ നിമിഷമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications