'അങ്ങനെയെങ്കില്‍ അവർക്ക് നാണക്കേട് തോന്നും': ഹോം സിനിമയ്ക്ക് സംഭവിച്ചതില്‍ ഇന്ദ്രന്‍സ്
ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും തഴഞ്ഞതിലെ അതൃപ്തി വീണ്ടും പരസ്യമാക്കി നടന്‍ ഇന്ദ്രന്‍സ്. മികച്ച മലയാള ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെടുകയും ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് പ്രത്യേക പരാമർശം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാന അവാർഡ് നിർണ്ണയത്തിനെതിരെ താരം രംഗത്ത് വന്നത്.
സംസ്ഥാന അവാർഡ് നിർണ്ണയത്തിലെ ജൂറി ഹോം സിനിമ കണ്ടിട്ടില്ലായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. കണ്ടിട്ടുണ്ടെങ്കില്‍ ആ ചിത്രം ഒഴിവാക്കാന്‍ നാണം തോന്നും. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യണം. ജനങ്ങള്‍ക്ക് ദോഷകരമാവുന്ന രീതിയില്‍ ജീവിച്ച് പോരണമെന്ന് താല്‍പ്പര്യപ്പെടാറുണ്ടെന്നും താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിലെ മത്സരം അതിശക്തമാണെന്ന് ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് അറിയാം. രാജ്യത്തെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വരും. അവരുടെ കൂടെയൊക്കെ ഇടിച്ച് നില്‍ക്കാന്‍ ത്രാണിയുള്ള കഥാപാത്രമല്ല തന്റേതെന്നും ഞാന്‍ കരുതിയിരുന്നു. പക്ഷെ പ്രമേയപരമായി എടുക്കുമ്പോള്‍ ഒഴിവാക്കുന്നതില്‍ അവരെ അലോസരപ്പെടുത്തും എന്നും മനസ്സിലുണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
അവാർഡ് നിർണ്ണയത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന അവാർഡിലെ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. ഇത് അരുതാത്ത കാര്യമാണ്. അങ്ങനെ വരാന്‍ പാടില്ല. അത്തരമൊരു ഇടപടെല്‍ വരാനുള്ള സാധ്യതയും കുറവാണ്. അവാർഡ് നിർണ്ണയത്തിന്റെ ഘടന അത്തരത്തിലാണ്.
മന്ത്രിയുടെ പ്രതിനിധി പോലെയാണ് സെക്രട്ടറി വരുന്നത്. ബാക്കിയുള്ളവർക്ക് കാര്യങ്ങള്‍ ഒന്നും അറിയാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജഡ്ജസിന്റെ അടുത്ത് മാത്രമാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ആരോപണങ്ങള്‍ വന്നതെന്ന് അറിയില്ല. എന്ത് തന്നെയായാലും സ്വാധീനങ്ങള്‍ ഒരു കാര്യത്തിന്റെ പ്രഭ കെടുത്തുകയേയുള്ളുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
ഒരു അവാർഡ് കിട്ടി എന്ന് കൂട്ടുകാരനോട് പറയുമ്പോള്‍ 'മ്... മ് മനസ്സിലായി എന്ന് ' അവന്‍ കളിയാക്കി പറയരുതല്ലോ. അതുപോലെ അവാർഡുകള്‍ സത്യസന്ധമായിരിക്കണം. സിനിമയിലെ ഇത്രയും കാലത്തിനിടയില്‍ ജീവിതം കുറെപഠിച്ചു. അതില്‍ നിന്നാണ് നമുക്ക് കഥാപാത്രങ്ങളാവാന്‍ സാധിക്കുന്നത്.
ജീവിതത്തില്‍ കണ്ടുമുട്ടുന്ന വ്യത്യസ്ത തരം ആളുകളെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ ശ്രമിച്ചിട്ടുണ്ട്. പുസ്തകങ്ങളില്‍ നിന്നും ചില കഥപാത്രങ്ങളെ വായിച്ച് എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശാരീരികമായി ഒരു നടന് വേണ്ടത് ഒന്നും സ്വരൂപിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ മനസ്സില്‍ ഒരു കഥാപാത്രമാവാന്‍ വേണ്ടി പലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. കണ്ണാടിയില്‍ നോക്കിയും അല്ലാതെയുമൊക്കെ ചെയ്തെടുത്ത് വെച്ചിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
സാഹചര്യങ്ങള്‍ കൊണ്ടും മറ്റും പഠിത്തതില്‍ ചില പോരായ്മകള്‍ പറ്റി. അതിന്റെ ചില ബുദ്ധിമുട്ടുകള്‍ ചിലപ്പോഴെങ്കിലും ഇപ്പോഴും അനുഭവിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ കാലത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതില്‍ പിഴവ് പറ്റരുത്. ബാക്കി കാര്യങ്ങളിലൊക്കെ ഒരുപാട് പിഴവ് പറ്റി.
ഇന്ന് ഞാന്‍ മോഹിച്ചൊരു തട്ടില്‍ വന്ന് നില്‍ക്കുന്നുണ്ട്. അവിടെ നിന്ന് പുറത്തായി പോവരുത്. നാളെ സിനിമകളൊക്കെ പഠിക്കാന്‍ വരുന്ന കുട്ടികളുടെ കണ്ണില്‍ ഞാന്‍ കോമഡി കഥപാത്രങ്ങള്‍ മാത്രം ചെയ്ത ഒരു നടന്നെ നിലയില്‍ ഒഴിഞ്ഞു പോവരുത്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേർക്കുന്നു.
ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജീവിതത്തില്‍ ഞാനുമൊരു ഒലിവർ ട്വിസ്റ്റാണ്. സ്മാർട്ട് ഫോണ്‍ ഒന്നും ഇപ്പോഴും നല്ല രീതിയില്‍ പഠിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും പഠിക്കുകയാണ്. സീനൊക്കെ ഇപ്പോള്‍ ഫോണിലേക്കാണ് അയക്കുന്നത്. പരിപാടികളും ലൊക്കേഷനുമൊക്കെ അറിയിക്കുന്നതും ഫോണിലാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ അവർക്കൊരു തലവേദനയാകുന്നുണ്ട്. അത് മാറ്റാനുള്ള ശ്രമമാണ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications