ഇന്ദ്രൻസിന് പത്താം ക്ലാസിൽ ചേരാനാകില്ല; ആ മോഹം നടക്കണമെങ്കിൽ ആദ്യ കടമ്പ ഇത്
തിരുവനന്തപുരം: അടുത്തിടെയായിരുന്നു താൻ പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച കാര്യം നടൻ ഇന്ദ്രൻസ് പങ്കുവെച്ചത്. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച താൻ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാൻ തീരുമാനിച്ചുവെന്നായിരുന്നു താരം അറിയിച്ചത്.
വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ പത്താം ക്ലാസ് പാസാകുകയെന്ന നടന്റെ മോഹം അൽപം വൈകിയേക്കും. കാരണം നാലാം ക്ലാസ് പാസായ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക.

അതേസമയം സാക്ഷരതാ മിഷന്റെ തുല്യതാ പഠന കോഴ്സിന്റെ പ്രവേശനോത്സവം വെട്ടുകാട് സെന്റ് മേരീസ് സ്കൂളിൽ നടന്നു. പ്ലസ് വൺ ക്ലാസിലേക്കുള്ള 38 വിദ്യാർത്ഥികളാണ് പ്ലസ് വൺ ക്ലാസിലേക്ക് എത്തിയത്. അടുത്താഴ്ചയാണ് കുമാരപുരത്തെ മെഡിക്കൽ കോളേജ് സ്കൂളിലെ പ്രവേശനോത്സവം. ക്ലാസുകൾ ഇന്നലെ ആരംഭിച്ചു.
പത്താം ക്ലാസിൽ 48 വിദ്യാർത്ഥികളും പ്ലസ് വണ്ണിന് 60 വിദ്യാർത്ഥികളുമാണ് ചേർന്നത്.പഠിതാക്കളിൽ കൂടുതൽ പേരും സ്ത്രീകളാണ്. സാക്ഷരതാ മിഷന്റെ എല്ലാ പഠനകേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള പ്രവേശനോത്സവം ജനുവരി ആദ്യയാഴ്ച മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.
അതിനിടെ പത്താം ക്ലാസിൽ ചേരാനാകാത്ത സാഹചര്യത്തിൽ ഏഴാം ക്ലാസിൽ ചേർന്ന് ഇന്ദ്രൻസ് പഠനം തുടരുമോയെന്ന് വ്യക്തമല്ല. ഏഴാം ക്ലാസിലേക്ക് മാത്രമേ ചേരാൻ സാധിക്കൂവെന്ന വിവരം അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് പിന്നീട് അന്വേഷിക്കാം എന്നാണ് താരം അറിയിച്ചു.
ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചത്. റേഷൻ പോലും കിട്ടാതെ വിഷമിച്ചിരുന്ന കാലത്ത് ആൺകുട്ടികൾ അൽപം മുതിർന്നാൽ കണ്ടെത്തണം. എന്റെ കൂടെ പഠിച്ചവർ നാലാം ക്ലാസ് കഴിഞ്ഞപ്പോഴേ ബീഡി തുറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി. വീട്ടുകാർ എന്നെ തയ്യൽ പഠിക്കാനയച്ചു. അത് ഉപജീവനമാർഗമായി' എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. തയ്യൽ ജോലിക്കാരനായ ഇന്ദ്രൻസ് പിന്നീട് കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും അതുവഴി സിനിമയിലെത്തുകയുമായിരുന്നു.












Click it and Unblock the Notifications