ഒടുവില്‍ ഉടല്‍ ഒടിടിയില്‍: റിലീസ് അവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
ഏത് ചിത്രത്തിന്റെ ഒടിടി റിലീസ് റിപ്പോട്ട് പുറത്ത് വരുമ്പോഴും പല ആരാധകരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'ഉടല്‍' എന്നാണ് ഒടിടിയില്‍ വരുന്നത്. തിയേറ്ററില്‍ കണ്ടവർ പറഞ്ഞ് കേട്ട അഭിപ്രായങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വർധിപ്പിച്ചു. എന്നാല്‍ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഉടല്‍ ഒടിടിയില്‍ എത്തിയിരുന്നില്ല. ഒടുവില്‍ ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പോകുകയാണ്.
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ താരങ്ങളുടെ പ്രകടനം നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായി കുട്ടിച്ചായനായി ഇന്ദ്രൻസ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ കിരൺ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഷൈനി ചാക്കോയെന്ന വേഷമാണ് ദുർഗ്ഗ കൃഷ്ണ ചെയ്തിരിക്കുന്നത്.

രതീഷ് രഘുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫാണ് വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം. 2022 മെയ് 20-നായിരുന്നു ഉടലിന്റെ തിയേറ്റർ റിലീസ്.
ഉടലിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിലീപ് നായകനാകുന്ന തങ്കമണി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയിലെല്ലാം പ്രശംസ നേടി. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്നുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒടിടി റിലീസ് വൈകിയതെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്.
എന്തായാലും കാത്തിപ്പിന് ഒടുവില്‍ സൈന പ്ലേയിലൂടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുകയാണ്. റെക്കോർഡ് തുകയ്ക്കാണ് സൈന പ്ലേ ഉടലിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവീണും ബൈജു ഗോപാലനുമാണ് 'ഉടൽ'ന്റെ സഹനിർമ്മാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. ക്രിസ്മസ് കഴിഞ്ഞയുടൻ ഒടിടി പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
അതേസമയം, കന്നഡ താരം രാജ് ബി ഷെട്ടി നായകനായ ടോബി കഴിഞ്ഞ ദിവസം മുതല്‍ ഒടിടിയിലെത്തി. ചിത്രം ഡിസംബർ 22 മുതൽ പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിൽ പ്രദർശനം ആരംഭിച്ചു. മലയാളികൂടിയായ ബേസിൽ എ എൽ ചാലക്കൽ ആണ് ചിത്രത്തിന്‍റെ സംവിധാനം. ഓഗസ്റ്റ് 25 നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.












Click it and Unblock the Notifications