ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം പത്താം ക്ലാസ്; ഏഴാം ക്ലാസ് പരീക്ഷയിൽ വട്ടം കറക്കിയത് ഈ വിഷയം!
ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയം നേടിയ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. ഏഴാം ക്ലാസ് കൊണ്ടൊന്നും അവസാനിക്കുന്നില്ല താരത്തിന്റെ പഠനജീവിതം, ഇനി പത്താം ക്ലാസ് പാസാവുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. ഏഴാം ക്ലാസ് പരീക്ഷ വിജയിച്ചതോടെ പത്താം ക്ലാസ് എഴുതാൻ പറ്റുമെന്ന വിശ്വാസമായി എന്നും അദ്ദേഹം പറഞ്ഞു.
നിസ്സാരമായിരുന്നില്ല ഏഴാം ക്ലാസ് പരീക്ഷ എന്നാണ് ഇന്ദ്രൻസ് പറയുന്നത്. തനിക്ക് ഹിന്ദിയൊന്നും അറിയില്ലായിരുന്നുവെന്നും അതിന്റേതായ വിഷമം ഉണ്ടായിരുന്നവെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗിന്റെ തിരക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് ഇരുന്ന് പഠിക്കാനുള്ള സമയം കിട്ടിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

' ഇപ്പോൾ പത്താം ക്ലാസ് എഴുതാൻ പറ്റുമെന്ന വിശ്വാസമായി. നന്നായി പഠിച്ചാൽ വിയർക്കാതെ ഇരുന്നു എഴുതാം. പത്താം ക്ലാസ് പരീക്ഷയുടെ ഒരുക്കങ്ങൾ തുടങ്ങിയില്ല. തിരക്ക് കഴിയുമ്പോൾ പഠിച്ച് തുടങ്ങണം. ഏഴാം ക്ലാസ് പരീക്ഷയുടെ സമയത്ത് രണ്ട് ദിവസം അടുപ്പിച്ചിരുന്നു പഠിച്ചു. മുമ്പ് പഠിച്ചാൽ മറന്നുപോകുമോ എന്ന് വിചാരിച്ച് ഹിന്ദിയുടെ അക്ഷരം തന്നെ പഠിച്ചുകൊണ്ടിരുന്നുവെന്നും താരം പറയുന്നു.
പരീക്ഷ ജയിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നുവെന്നും തോറ്റുപോകുമോ എന്നോർത്ത് നാണമൊന്നും തോന്നിയില്ല എന്നും ഇന്ദ്രൻസ് പറഞ്ഞു. ഷൂട്ടിംഗിന്റെ തിരക്കുകൾ കഴിഞ്ഞ ശേഷമെ പത്താം ക്ലാസ് പരീക്ഷ എഴുതുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വരെ പഠിക്കണമെന്ന് ഇല്ലെന്നും എങ്കിലും പത്ത് വരെ പഠിച്ചു എന്ന് പറയുന്ന ഒരു സന്തോഷമില്ലേ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 24, 24 തീയതികളിലായിരുന്നു ഏഴാം ക്ലാസ് പരീക്ഷ. മലയാളവും ഹിന്ദിയും ആയിരുന്നു ആദ്യ ക ദിവസം. ഇതിൽ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നുവെന്നും ഹിന്ദി ബുദ്ധിമുട്ടായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. രണ്ടാം ദിവസം സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണം എന്നീ വിഷയങ്ങളിൽ പരീക്ഷ നടന്നു. ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായതോടെ പത്താം ക്ലാസ് തുല്യത എഴുതാനുള്ള യോഗ്യതയായി.
ഹാസ്യ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഇന്ദ്രൻസ് ഒരു നടനെന്ന നിലയിൽ എല്ലാ വേഷങ്ങളും തനിക്ക് ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. അടുത്തിടെ താരം അഭിനയിച്ച എല്ലാ സിനിമകളിലും മികച്ച വേഷങ്ങളാണ് ചെയ്തത്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications