അമേരിക്കയെ വിറപ്പിച്ച ഇറാന്‍; ഇറാനെ കബളിപ്പിച്ച് രക്ഷപ്പെട്ട സിഐഎ, ഉദ്വേഗം സമ്മാനിച്ച സിനിമ
യുദ്ധം എല്ലാക്കാലത്തും ഹോളിവുഡിന് പ്രിയപ്പെട്ട പ്രമേയം ആണ്. യുദ്ധത്തിലെ നായകന്‍മാര്‍, ചരിത്രവിജയം, ദുഃഖം, വിരഹം , ശക്തമായ പോരാട്ടങ്ങള്‍ തുടങ്ങി എന്തും. ഹോളിവുഡിലെ മെഗാ ഹിറ്റുകളുടെ പട്ടികയില്‍, ഓസ്‌കര്‍ നേടിയ സിനിമകളുടെ പട്ടികയില്‍ എല്ലാം യുദ്ധം അല്ലെങ്കില്‍ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പ്രമേയമായ നിരവധി ചിത്രങ്ങള്‍ കാണാം. ഇപ്പോള്‍ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി പങ്കാളിയായിരിക്കുന്ന സമയത്ത് അങ്ങനെയൊരു സിനിമ വീണ്ടും ഓര്‍മകളിലെത്തുകയാണ്, ചര്‍ച്ചകളിലെത്തുകയാണ്. ARGO.
കാരണം സിനിമയില്‍ പറയുന്ന സംഭവം നടക്കുന്നത് ഇറാനിലാണ്. പശ്ചാത്തലം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ തുടക്കമാണ്.

1979ല്‍ ഷാ ഭരണകൂടത്തിന് എതിരെ ഇറാനില്‍ ഇസ്ലാമിക വിപ്ലവം. അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റസ പഹ്‌ലവി പലായനം ചെയ്യുന്നു. അമേരിക്ക ഷായ്ക്ക് രാഷ്ട്രീയാഭയം നല്‍കി. ക്യാന്‍സര്‍ ചികിത്സ പരിഗണിച്ചാണ് അന്ന് യു എസ് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ ഷാക്ക് അഭയം നല്‍കിയത്. ഇത് ഇറാനില്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ എംബസി വളഞ്ഞ പ്രതിഷേധക്കാര്‍ 66 അമേരിക്കക്കാരെ ബന്ദികളാക്കി. നയതന്ത്ര ഉദ്യോഗസ്ഥരും എംബസിയിലെത്തിയ സാധാരണക്കാരും സിഐഎ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പെടുന്നു.
നവംബര്‍ നാലിനായിരുന്നു സംഭവം. ഇതില്‍ 52 പേരും മോചിപ്പിക്കപ്പെട്ടത് 1981 ജനുവരിയില്‍ മാത്രം. 444 ദിവസത്തിന് ശേഷം മോചനം സാധ്യമായത് അള്‍ജീരിയയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്ക് ശേഷം അമേരിക്കയും ഇറാനും ധാരണയിലെത്തിയപ്പോള്‍. അവസാന ഷാ അപ്പോഴേക്കും മരിച്ചിരുന്നു (1980 ജൂലൈയില്‍ കെയ്‌റോയില്‍ വെച്ച്). ജിമ്മി കാര്‍ട്ടറിന്റെ ജനപ്രീതി ഇടിയാനും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനും ഈ പ്രതിസന്ധി വലിയ കാരണമായി. പിന്നീടിങ്ങോട്ട് ഇറാനും അമേരിക്കയും തമ്മില്‍ നല്ല ബന്ധമുണ്ടായിട്ടില്ല. ഇനി അടുത്തൊന്നും ഉണ്ടാവുന്ന മട്ടുമില്ല.
ഈ സംഭവത്തിന്റെ ചരിത്രവും നാള്‍വഴിയുമല്ല അര്‍ഗോ പറയുന്നത്. മറിച്ച് ഈ ബന്ദിയാക്കലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ ആറ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ കുറിച്ചാണ്. കാനഡയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന ജോണ്‍ ഷിയര്‍ഡൗണിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചത്. കാനഡയുടെ അംബാസഡര്‍ കെന്‍ ടെയ്‌ലറിന്റെ സംരക്ഷണയില്‍. ഇവര്‍ സിനിമാചിത്രീകരണത്തിന് എത്തിയവരാണെന്ന് കാട്ടി ഒരു കഥയുണ്ടാക്കുന്നു. സ്റ്റാര്‍ വാര്‍ പോലൊരു സയന്‍സ് ഫിക്ഷന്‍ സിനിമക്കായി ലൊക്കേഷന്‍ നോക്കാനെത്തിയവര്‍. ഇതാണ് ഉണ്ടാക്കിയ കഥ. വിശ്വാസ്യത വരാന്‍ നിര്‍മാണകമ്പനിക്ക് പേരും അഡ്രസും ഉണ്ടാക്കി. ആറുപേര്‍ക്കും കനേഡിയന്‍ പാസ്‌പോര്‍ട്ടും. രണ്ട് സിഐഎ ഉദ്യോഗസ്ഥരാണ് മിഷനില്‍ പങ്കെടുത്തത്. ഇവര്‍ എട്ടുപേരും സ്വിസ് എയര്‍ വിമാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അവിടെ നിന്ന് ജന്മനാട്ടിലേക്കും എത്തുന്നു. കനേഡിയന്‍ കേപര്‍ എന്ന് പേരിട്ട ഈ രക്ഷാ ദൗത്യത്തിന്റെ ഉദ്വേഗജനകമായ കഥയാണ് അര്‍ഗോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
രക്ഷാ ദൗത്യത്തില്‍ പങ്കാളിയായ സിഐഎ ഉദ്യോഗസ്ഥന്‍ ടോണി മെന്‍ഡസ് എഴുതിയ ഓര്‍മക്കുറിപ്പും (ദ മാസ്റ്റര്‍ ഓഫ് ഡിസ്‌ഗൈസ്) ജോഷ്വാ ബെയര്‍മാനും നിക്കോളാസ് തോംപ്‌സണും ചേര്‍ന്നെഴുതിയ ലേഖനവും ( ദ ഗ്രേറ്റ് എസ്‌കേപ്പ് : ഹൗ ദ സിഐഎ യൂസ്ഡ് എ ഫേയ്ക് സയന്റിഫിക് ഫ്‌ലിക് ടു റെസ്‌ക്യൂ അമേരിക്കന്‍സ് ഫ്രം ടെഹ്‌റാന്‍) ആസ്പദമാക്കി ക്രിസ് ടെറിയോ ആണ് തിരക്കഥ എഴുതിയത്. സംവിധാനം ചെയ്തത് ബെന്‍ അഫ്‌ലക്ക്. നിര്‍മാണത്തില്‍ അഫ്‌ലക്കിനൊപ്പം ജോര്‍ജ് ക്ലൂണിയും ഗ്രാന്റ് ഹെസ്‌ലോവും ഡേവിഡ് ക്ലാവന്‍സും ചേര്‍ന്നു. 44.5ദശലക്ഷം ഡോളറിന് നിര്‍മിച്ച സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 232.3ദശലക്ഷം ഡോളര്‍. വാണിജ്യവിജയം മാത്രമല്ല നിരൂപക പ്രശംസയും ആവോളം. ബാഫ്ത , ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങി മികച്ച സിനിമക്ക് ഉള്‍പെടെയുള്ള മൂന്ന് ഓസ്‌കര്‍ വരെ നീണ്ട പുരസ്‌കാരപ്പട്ടിക.
സിനിമയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ചിറകിലേറിയാണെങ്കിലും അര്‍ഗോ പറഞ്ഞത് അമേരിക്ക- ഇറാന്‍ ചരിത്രത്തിലെ പ്രധാന ഏടാണ്. അതുകൊണ്ടാണ് ഇപ്പോഴത് വീണ്ടും റഫറന്‍സായി എത്തുന്നത് . ആറുപേരുടെ രക്ഷാദൗത്യത്തില്‍ സിഐഎ ഉദ്യോഗസ്ഥരുടെ പങ്ക് ഏറെ കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത്. കനേഡിയന്‍ കേപര്‍ എന്ന ദൗത്യത്തിന്റെ പേര് തന്നെ അതായത് അതു കൊണ്ടാണ്. എംബസിയില്‍ ബന്ദികളായിരുന്നവരുടെ സുരക്ഷയെ കരുതിയായിരുന്നു അത്. അപ്പോഴും സിനിമയില്‍ കാനഡയുടെ അംബാസഡറിന്റെ നിര്‍ണായക പങ്കും സഹായവും വേണ്ടത്ര ഫലപ്രദമായി അവതരിപ്പിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രക്ഷാദൗത്യത്തിന് തൊട്ടുപിന്നാലെ ടെയ്‌ലറും ഭാര്യയും ഇറാന്‍ വിട്ടിരുന്നു. അവരുടെ വീട്ടിലെ സഹായിയായിരുന്ന ഇറാനിയന്‍ സ്ത്രീ ഇറാഖിലേക്കും പോയി. കാരണം, ആറുപേരും രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.
എംബസിയിലെ ആളുകളുടെ കണക്കെടുത്തപ്പോള്‍ ചിലരുടെ കുറവുണ്ടെന്ന് മനസ്സിലാക്കിയ കലാപകാരികള്‍ അവര്‍ക്ക് തൊട്ടുപിന്നാലെ എത്തിയിരുന്നുവെന്നാണ് സിനിമ പറയുന്നത്. (അത്രക്കും ശരിക്കും ഉണ്ടായിട്ടില്ലെന്ന വാദവുമുണ്ട്.)എന്തായാലും പിന്നീട് ജിമ്മി കാര്‍ട്ടര്‍ തന്നെ പറഞ്ഞു, ഈ ദൗത്യത്തിലെ യഥാര്‍ത്ഥ ഹീറോ ടെയ്‌ലര്‍ ആണെന്ന്. 81ല്‍ കാര്‍ട്ടറുടെ പിന്‍ഗാമിയായ റൊണാള്‍ഡ് റീഗന്‍ ടെയ്‌ലറിന് കോണ്‍ഗ്രസിന്റെ ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു.
വാല്‍ക്കഷ്ണം: ടോണി മെന്‍ഡസ് പറഞ്ഞ കഥ
രക്ഷാദൗത്യത്തിനായി മെനഞ്ഞ നിര്‍മാണകമ്പനിയുടെ പേര് സ്റ്റുഡിയോ സിക്‌സ് എന്നായിരുന്നു. കള്ളക്കഥ പൊളിയാതിരിക്കാന്‍ പ്ലാന്‍ കൃത്യമായിരുന്നു. എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചായിരുന്നു കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്തതും അഡ്രസ് ഉണ്ടാക്കിയതും എല്ലാം. കിറുകൃത്യമായിരുന്നു എന്നതിന് രക്ഷാദൗത്യം മാത്രമല്ല തെളിവ്. ദൗത്യ കാലയളവിലും ശേഷവും കമ്പനിയുടെ മേല്‍വിലാസത്തിലേക്ക് സിനിമാസ്‌ക്രിപ്റ്റുകള്‍ വന്നു കൊണ്ടേയിരുന്നുവത്രേ. സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് വരെ സ്റ്റുഡിയോ സിക്‌സിലേക്ക് സ്‌ക്രിപ്റ്റ് അയച്ചത്രേ!!












Click it and Unblock the Notifications