മെലിഞ്ഞുന്തിയ ചെറുക്കന് ആദ്യമായി മോഹന്‍ലാലിനെ കണ്ട കഥ; പിന്നീടത് ലാലേട്ടനായി: വൈകാരിക കുറിപ്പുമായി ഇര്‍ഷാദ്
പതിറ്റാണ്ടുകളായി ടെലിവിഷന്‍, സിനിമാ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ഇര്‍ഷാദ് അലി. നായികനായി ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ ഇര്‍ഷാദിനു കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. പുതിയ കാലത്തെ സംവിധായകര്‍ക്കും ഇണങ്ങുന്ന നടനാണ് താനെന്ന് ഇര്‍ഷാദ് തെളിയിച്ചിട്ടുണ്ട്.
പുതുക്കോട്ടയിലെ പുതുമണവാളന് എന്ന സിനിമയിലൂടെയാണ് ഇര്‍ഷാദ് വെള്ളിത്തിരയില്‍ ആദ്യമായി എത്തുന്നത്. വല്യേട്ടന്, 'പാഠം ഒന്ന്: ഒരു വിലാപം' എന്നീ സിനിമകളിലെ ഇര്‍ഷാദിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. 30 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആദ്യം സീരിയസ് കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്ന ഇര്‍ഷാദ് പിന്നീട് കോമഡി ചിത്രങ്ങളുടെ ട്രാക്കിലേക്കു മാറിയതും പ്രേക്ഷകര്‍ ഏറ്റെടുത്തു.

കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ ഈഗോ വച്ചു പുലര്‍ത്താത്ത സ്വഭാവമാണ് ഇപ്പോഴും ഇര്‍ഷാദ് സിനിമകളില്‍ നിറഞ്ഞുനില്ക്കാന് കാരണം. ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇര്‍ഷാദിന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായത്. ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഡാനി, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, പരദേശി തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളിലെ അഭിനയം മികച്ച നടനെന്ന പേരു സമ്പാദിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം സൂപ്പര്‍ ഹിറ്റ് സിനിമകളുടെയും ഭാഗമായി.
സമീപകാലത്ത് ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ നായക വേഷത്തിലെത്തിയതിലൂടെ ന്യൂജന്‍ സിനിമകള്‍ക്കും പറ്റിയ താരമാണെന്നു തെളിയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഇര്‍ഷാദ് മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമ നാളെ തിയറ്ററുകളില്‍ എത്തും. നിരവധി ചിത്രങ്ങളില്‍ ഇര്‍ഷാദ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 30 വര്‍ഷം മുന്‍പ് ഒരു ആരാധകനായി നേരിട്ടു കണ്ടതു മുതല്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിനെ അടുത്തു കാണുന്ന അനുഭവമാണ് ഇര്‍ഷാദ് പങ്കുവയ്ക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ ജന്മ ദിനത്തില്‍ പങ്കുവെച്ച കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
ഇര്‍ഷാദ് മോഹന്‍ലാലിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകല്‍. സൂര്യന് ഉച്ചിയില്‍ തന്നെയുണ്ട്. വെയിലിനെ വകവയ്ക്കാതെ തടിച്ചുകൂടി നില്ക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എംജി റോഡിന് അഭിമുഖമായ തൃശ്ശൂര്‍ രാംദാസ് തിയേറ്ററിന്റെ മെയിന്‍ ഗേറ്റില്‍ വിയര്‍ത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!
'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ തിക്കിത്തിരക്കി വന്നവരാണ്. ഗേറ്റ് തുറന്ന് ഓട്ടത്തിനിടയില്‍ വീണപ്പോള്‍ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാന്‍ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനില്‍ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോള്‍ പെട്ടെന്ന് മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്നൊരു ആരവം. തീയേറ്ററിന്റെ എതിര്‍വശത്തെ തറവാട്ടു വീട്ടില്‍ തൂവാനത്തുമ്പികള്‍ ഷൂട്ട് നടക്കുന്നെന്നോ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായി കേട്ടു. ആള്‍ക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.
ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ് ഷോട്ടില്‍ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്. പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റില്‍ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയില്‍ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.
ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹന്‍ലാല്‍ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയില്‍ സാക്കിര്‍ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവില്‍ ഒറ്റിക്കൊടുത്തിട്ടുണ്ട്. പരദേശിയില്‍ സ്നേഹ നിധിയായ അച്ഛനെ അതിര്‍ത്തി കടത്തേണ്ടി വന്നിട്ടുണ്ട്.
ദൃശ്യത്തില്‍ ജോര്‍ജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്. പിന്നീട് ബോക്സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാന്‍ പറ്റി. ഒടുവിലിപ്പോള്‍ തരുണ്‍ മൂര്‍ത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാന്‍!
കഴിഞ്ഞ വേനലില്‍, തുടരും സിനിമയുടെ ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയ കാലുമായ്
'വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും' എന്ന എന്റെ പുസ്തകം കൊടുക്കാന്‍ വേച്ചു വേച്ച് മുറിയില്‍ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ 'എന്താ ഇര്‍ഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്' പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും, പിറ്റേന്ന് അത്രയും ചേര്‍ന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാള്‍ മധുരം വായില്‍ വെച്ചു തന്നപ്പോഴും ഞാനോര്‍ക്കുകയായിരുന്നു.
ഒക്കെയും ഒരേ വേനലില്‍.
ഒരേ പൊള്ളുന്ന ചൂടില്‍.
പക്ഷേ ഒരു മാറ്റമുണ്ട്. അന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹന്‍ലാലിനെ ഒരു നോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കന്, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും, പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹന്‍ലാല്‍!
പ്രിയമുള്ളവരേ...
സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാന്‍ തുടങ്ങിയിട്ട് നാളുകളായി...
നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിര്‍ത്തുന്നത്
നിങ്ങളുടെ ചേര്‍ത്തുപിടിക്കല്‍ 'തുടര്‍'ന്നാല് ഞങ്ങളിവിടെ 'തുടരു'ക തന്നെ ചെയ്യും -
സ്നേഹപൂര്‍വ്വം ഇര്‍ഷാദ് അലി എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications