ബിഗ് ബോസ് താരം ജാസ്മിൻ യുട്യൂബ് വരുമാനത്തിൽ കേരളത്തിൽ ഏഴാമത്?; താരത്തിന് പറയാനുള്ളത്
കൊച്ചി: ബ്യൂട്ടി ബ്ലോഗിലൂടെയാണ് ജാസ്മിൻ ജാഫർ എന്ന 23 കാരി ആദ്യം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വളരെ പെട്ടെന്ന് തന്നെ ജാസ്മിന്റെ വീഡിയോകളെല്ലാം വൈറലായി. വൈകാതെ യുട്യൂബിൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനേയും ജാസ്മിന് ലഭിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയലായിരുന്നു ജാസ്മിൻ ബിഗ് ബോസിലെത്തുന്നത്. ആ സീസണിലെ പ്രധാന ചർച്ചയാകാനും ജാസ്മിന് സാധിച്ചു. ഒരുപക്ഷെ സീസൺ 6 അറിയപ്പെടുന്നത് തന്നെ ജാസ്മിന്റെ പേരിലാണെന്ന് പറയേണ്ടി വരും. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദമായിരുന്നു പുറത്ത് വലിയ ചർച്ചയ്ക്ക് കാരണമായത്.

തുടക്കത്തിൽ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ജാസ്മിനും ഗബ്രിയും പറഞ്ഞിരുന്നു. ഇരുവരും കോമ്പോ പിടിച്ച് കളിച്ചത് ഷോയിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെട്ടു. ഇതോടെ ഇരുവരുവർക്കുമെതിരെ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം രംഗത്തെത്തി. വിവാഹം ഉറപ്പിച്ച ശേഷമാണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ എത്തിയത്. അങ്ങനെയൊരു പെൺകുട്ടി ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായ ഗബ്രിയോട് കാണിക്കുന്ന അടുപ്പം സദാചാര കേരളത്തിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ഇതിനിടയിൽ വിവാഹം ഉറപ്പിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.ഇതെല്ലാം കൊണ്ട് തന്നെ ജാസ്മിനും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണത്തിന് യാതൊരു കുറവും ഉണ്ടായില്ല.
വിമർശനം കടുത്തതോടെ ഷോ കഴിയുമ്പോൾ താൻ നാട് വിട്ട് പോകേണ്ടി വരുമോ എന്നടക്കം ജാസ്മിൻ പറഞ്ഞിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ജാസ്മിനെതിരെ ഉയർന്ന വിമർശനങ്ങൾ പതിയെ കുറഞ്ഞ് തുടങ്ങി. ഗബ്രിയുമായി ഹൗസിന് പുറത്തും സൗഹൃദം തുടർന്നതോടെ ഒരുപരിധി വരെ ഇരുവരുടേയും കൂട്ടുകെട്ട് സ്വീകരിക്കപ്പെട്ടു. വീണ്ടും തന്റെ യുട്യൂബിൽ വീഡിയോകളുമായി ജാസ്മിൻ പ്രത്യേക്ഷപ്പെട്ടതോടെ പഴയ പിന്തുണ തിരിച്ചുപിടിക്കാൻ ജാസ്മിന് സാധിച്ചു. യുട്യൂബിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കൂടി. 1.49 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ ജാസ്മിന് ഉള്ളത്.
ഇത്രയും സബ്സ്ക്രൈബേഴ്സ് ഉള്ള ജാസ്മിന്റെ വരുമാനം അപ്പോൾ എത്രയായിരിക്കും? ഇത്തരമൊരു ചോദ്യം ആരാധകരുടെ മനസിൽ ഉണ്ടെങ്കിലും അതിന് താരം ഇതുവരെ വ്യക്തമായൊരു മറുപടി നൽകിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യുട്യൂബേഴ്സിനിടയിൽ 7ാം സ്ഥാനത്താണ് ജാസ്മിൻ എന്ന അഭ്യൂഹങ്ങൾ ഉണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് ജാസ്മിൻ തന്നെ മറുപടി നൽകുകയാണ്. ആദ്യം അമ്പരപ്പ് പ്രകടിപ്പിച്ച ജാസ്മിൻ ഏഴാം സ്ഥാനത്തല്ല താൻ ഒന്നാം സ്ഥാനത്താണെന്നും എന്തിനാണ് കുറക്കുന്നതെന്നും ചിരിച്ചുകൊണ്ട് മറുപടി നൽകി.
വളരെ കഷ്ടപ്പെട്ടാണ് താനും കുടുംബവും ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്നും തന്റെ സോഷ്യൽ മീഡിയ വരുമാനം തന്നെയാണ് കുടുംബം സാമ്പത്തികമായി മെച്ചപ്പെടാൻ സഹായിച്ചതെന്നും നേരത്തേ ജാസ്മിൻ തുറന്നുപറഞ്ഞിട്ടുണ്ട്. 50 ലക്ഷം രൂപയുടെയെങ്കിലും കടം തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും ഒരു സമയത്ത് കടക്കാരുടെ ശല്യം കാരണം പൊറുതുമുട്ടി ജീവിച്ചിരുന്നുവെന്നും ജാസ്മിൻ പറഞ്ഞിരുന്നു. കൊറോണക്കാലത്താണ് ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 23 വയസിനുള്ളിൽ കടങ്ങളെല്ലാം വീട്ടി തന്റെ പിതാവിന് സ്വന്തമായി ഒരു കാർ അടക്കം വാങ്ങിക്കൊടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു.












Click it and Unblock the Notifications