'ലാത്തിരി പൂത്തിരി' വീഡിയോയുമായി ഗോപി സുന്ദർ, അഭയ ഹിരൺമയിക്കുള്ള മറുപടി? പ്രതികരിച്ച് അഭയയും
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്നുള്ള അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം അഭയ ഹിരൺമയി പങ്കുവെച്ചൊരു പോസ്റ്റ് വലിയ ചർച്ചയായിരുന്നു. 'എല്ലാ ലാത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം' എന്ന വരികളോടെ പങ്കുവെച്ച കുറിപ്പായിരുന്നു ചർച്ചയായത്.
ദീപാലങ്കാരങ്ങൾക്ക് നടുവിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം 'ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ' എന്ന പാട്ടും അഭയ പങ്കിട്ടിരുന്നു. ഇതോടെ അഭയയുടെ ഈ പോസ്റ്റ് ഗോപി സുന്ദറിനേയും അമൃതയേയും ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിലായിരുന്നു ചർച്ചകൾ ഏറെയും. നിരവധി പേർ ഇത് ചൂണ്ടിക്കാട്ടി അഭയയുടെ പോസ്റ്റിന് താഴെ കമന്റിടുകയും ചെയ്തു.

എന്നാൽ ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ. തനിക്ക് ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും മറ്റുള്ളവരുടെ ജീവതത്തിൽ തനിക്ക് താത്പര്യമില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിൽ അഭയ പറഞ്ഞു. അഭയയുടെ കുറിപ്പ് ഇങ്ങനെ 'സന്തോഷത്തിനും സമാധാനത്തിനുമായി എന്റെ രീതികൾക്ക് അനുസരിച്ച് മുന്നോട്ട് പോകുകയാണ് ഞാൻ. മറ്റുള്ളവരുടെ ജീവിതത്തിൽ എനിക്ക് ഒട്ടും താൽപ്പര്യമില്ല, എനിക്ക് ചെയ്യാൻ എന്റേതായ ജോലിയും നേടിയെടുക്കാൻ ലക്ഷ്യങ്ങളും ഉണ്ട്.
എന്റെ പോസ്റ്റുകളും സ്റ്റോറികളും ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് വളരെ പരിതാപകരമാണ്. ആരെയും വേദനിപ്പിക്കാൻ എനിക്ക് ഉദ്ദേശ്യമില്ല.ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, അത് പോകുന്ന വഴിയും ഞാൻ ഇഷ്ടപ്പെടുന്നു. കാര്യങ്ങൾ കൂടുതൽ ലഭിതമാക്കു, നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ, എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളോടും, ദയവായി ജീവിതത്തെ വളച്ചൊടിക്കരുത്', അഭയ ട്വീറ്റ് ചെയ്തു.
ഗോപി സുന്ദറുമായി 14 വർഷത്തോളം ലിവിംഗ് ടുഗേദർ റിലേഷൻഷിപ്പിലായിരുന്നു ഗായിക കൂടിയായ അഭയ ഹിരൺമയി. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിൽ പിരിഞ്ഞത്. പിന്നീട് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.
അതേസമയം വേർപിരിയുകയാണെന്നുള്ള അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ഇന്ന് അമൃതയ്ക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. ഗുഡ്മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റോറിയായി ഒരു വീഡിയോയും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭയ പങ്കുവെച്ച അതേ ഗാനത്തോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരാൾ പടക്കം കത്തിക്കുകയും അത് മറ്റൊരു ഇടത്തേക്ക് പോയി വീണ്ടും തന്റെടുത്തേക്ക് തിരിച്ചെത്തുന്നതാണ് വീഡിയോയിൽ ഉള്ളത്'. ഇത് അഭയക്കുള്ള മറുപടിയാണോയെന്നാണ് ചിലരുടെ സംശയം.
അമൃത സുരേഷും ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയായിരുന്നു ഇരുവരും പിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽ മീഡയയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രണയം അറിയിച്ചുള്ള പോസ്റ്റുകളും നീക്കം ചെയ്തു. ഇതോടെയായിരുന്നു അഭ്യൂഹങ്ങൾ കനത്തത്. 2022 മെയിലായിരുന്നു അമൃതയും താനും പ്രണയത്തിലാണെന്ന് ഗോപി സുന്ദർ അറിയിച്ചത്.












Click it and Unblock the Notifications