മണിരത്‌നം ചിത്രത്തിലേക്ക് നയന്‍താര? തൃഷയ്ക്ക് പകരം നായിക, പ്രതിഫലത്തിലും വന്‍ മാറ്റം
ചെന്നൈ: തമിഴ് സിനിമയിലെ ക്ലാസിക് കോമ്പോയായ കമല്‍ഹാസനും, മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നായികയായി തൃഷ വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ കമല്‍ഹാസന്‍ ചിത്രത്തില്‍ നായികയായി തൃഷയല്ല തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എങ്കില്‍ ഇത് ആദ്യമായിട്ടായിരിക്കും നയന്‍താര ഒരു കമല്‍ഹാസന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. മണിരത്‌നം ചിത്രത്തിലും നയന്‍താര ആദ്യമായിട്ടാണ് വേഷമിടുന്നത്. എന്നാല്‍ ചിത്രത്തില്‍ നയന്‍താര വന്‍ പ്രതിഫലം തന്നെ വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍താരയ്ക്കായി തമിഴ് സിനിമയിലെ ഏറ്റവും വലിയ പ്രതിഫലമാണ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.

12 കോടി പ്രതിഫലം നയന്‍താരയ്ക്ക് ലഭിക്കുമെന്നാണ് സൂചന. തൃഷയ്ക്ക് ഈ തുക നേരത്തെ ഓഫര്‍ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം തൃഷയും നയന്‍താരയും തമ്മിലായിരുന്നു ഈ റോളിനായി മത്സരം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 കോടി ആര്‍ക്ക് ലഭിച്ചാലും അത് റെക്കോര്‍ഡാണ്. തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറും. എന്നാല്‍ ജവാന്റെ വിജയത്തിന് പിന്നാലെ തന്നെ 13 കോടിയായി നയന്‍താര പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.
നയന്‍താരയുടെ ഇപ്പോഴത്തെ പ്രതിഫലത്തിനും താഴെയാണ് ഈ തുക. ഹിന്ദി സിനിമയില്‍ വമ്പന്‍ വിജയമാണ് നയന്‍താര സമ്മാനിച്ചത്. 1000 കോടിയില്‍ അധികം ജവാന്‍ കളക്ട് ചെയ്തിരുന്നു. നയന്‍താരയുടെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പൊന്നിയിന്‍ സെല്‍വന്റെ ആദ്യ രണ്ട് ഭാഗങ്ങളും നല്‍കിയ വിജയം തൃഷയുടെ താരമൂല്യം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ലിയോ കൂടി റിലീസ് ആയതോടെ തൃഷ ഒന്നാം നമ്പര്‍ നായികയായിരിക്കുകയാണ്.
നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയമാണ് പൊന്നിയിന്‍ സെല്‍വന്‍. ലിയോ ഈ റെക്കോര്‍ഡ് തകര്‍ത്താല്‍ തൃഷയുടെ താരമൂല്യം വീണ്ടും ഉയരും. ആദ്യ രണ്ട് ഗ്രോസറും തൃഷയുടെ പേരിലാവും. അതേസമയം വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ചിത്രമെന്നാണ് സൂചന. കമലിനൊപ്പം ജയം രവിയും, ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി ടൈറ്റില്‍ ടീസറില്‍ കമല്‍ അഭിനയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നവംബര്‍ ഏഴിന് ഈ ടീസര്‍ പുറത്തുവിടുമെന്നാണ് സൂചന. നയന്‍താരയാണോ തൃഷയാണോ നായികയെന്ന് ഈ ടീസറില്‍ വ്യക്തമാകും. തൃഷ നേരത്തെ മണിരത്‌നം ചിത്രത്തിന്റെ ഭാഗമായതാണ്. അതുകൊണ്ട് നയന്‍താരയ്ക്ക് കൂടുതല്‍ സാധ്യതയെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications