'ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണോ, സംഗീതം പഠിക്കാൻ പോയതോ?'; മറുപടിയുമായി ഷിനു
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വ്യക്തിജീവിതത്തിലെ തന്റെ തിരഞ്ഞെടുപ്പുകളുടെ പേരിലെല്ലാം താരത്തിന് അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തേ ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നപ്പോഴും പിന്നീട് ഇവരുമായി പിരിഞ്ഞ് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായപ്പോഴുമെല്ലാം ഗോപി സുന്ദർ കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയായി. അമൃതയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോഴും ചിലർ അദ്ദേഹത്തെ വെറുതെ വിട്ടില്ല.
ഗോപി സുന്ദർ ഏത് പെൺസുഹൃത്തിനൊപ്പം ഫോട്ടോ പങ്കിട്ടാലും ചിലർ അതിന് കീഴെ മോശം കമന്റുമായി എത്താറുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിൽ ഗോപി സുന്ദറിന്റെ ചിത്രത്തിന് താഴെ ചിലർ രംഗത്തെത്തി. മോഡിൽ ഷിനു പ്രേമിനൊപ്പമുള്ള ചിത്രത്തിനെതിരെയായിരുന്നു വിമർശനം. ഷിനു ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണെന്ന തരത്തിൽ ചിലർ താരത്തെ പരിഹസിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടിയായി ഷിനു തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'സോഷ്യൽ മീഡിയയിൽ ആ ഫോട്ടോ വൈറലാണ്. ഞാൻ ശരിക്കുമൊരു ഷൂട്ടിന് പോയതാണ്. അവിടെ വെച്ച് ഒരു സംഗീതസംവിധായകനെ കാണുന്നു. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ആ ഫോട്ടോയ്ക്കൊപ്പം ഞാനൊരു ഹാഷ് ടാഗ് കൊടുക്കുന്നുണ്ട്. നമ്മുടെ കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാൾ എന്ന വരികളോട് കൂടിയാണ് ഞാൻ ആ ഫോട്ടോ പോസ്റ്റ് ചെയ്ത്. ഒരുപാട് കമന്റ് വന്നിട്ടുണ്ട് ആ ഫോട്ടോയ്ക്ക്. എല്ലാം ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ എന്നെ അതൊന്നും ബാധിക്കുന്നില്ല.
സംഗീതം പഠിക്കാൻ പോയതാണോയെന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. അങ്ങനെയല്ല, ഞാൻ ഒരു ഷൂട്ടിനായിരുന്നു പോയത്. ഞാൻ മിസ് ഫാഷൻ ക്വീൻ കേരള കൂടിയാണ്. അന്ന് സാറായിരുന്നു അവിടെ ജഡ്ജായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയെടുക്കുകയെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അന്ന് പക്ഷെ ആ ആഗ്രഹം എനിക്ക് സാധിച്ചില്ല. ജഡ്ജസ് എല്ലാവരും അന്ന് വളരെ പെട്ടെന്ന് പോയിരുന്നു. ഈ ഫോട്ടോയോട് കൂടി എന്റെ എല്ലാ സങ്കടവും മാറി.
ആ ഫോട്ടോ വൈറലായതിന് ശേഷം സാർ വിളിച്ചിട്ടില്ല. പക്ഷെ എനിക്ക് മെസേജ് അയച്ചിരുന്നു, നിങ്ങൾ ഒകെയാണോയെന്ന്. ഞാൻ പറഞ്ഞത് സാർ ഞാൻ വളരെ ഒകെയാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതേ അല്ലെന്ന്. വീട്ടുകാർ ഈ ഫോട്ടോ കണ്ടിരുന്നു. പക്ഷെ അവർക്ക് ഞാൻ എന്താണെന്ന് അറിയാം. ഞാൻ എങ്ങോട്ടാണ് പോകുന്നത്, എന്താണ് ചെയ്യുന്നത്, എന്നെക്കാൾ കൃത്യമായ ധാരണയുള്ളവരാണ് വീട്ടുകാർ. ഞാൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റായിരിക്കില്ലെന്ന് എന്നെക്കാൾ വിശ്വാസം വീട്ടുകാർക്ക് ഉള്ളിടത്തോളം കാലം എന്നെ ബാധിക്കില്ല. 20കെ ലൈക്ക്സും 480 കമന്റ്സും 12 കെ ഷെയറുമൊക്കെ ആ പോസ്റ്റിന് ഉണ്ടായിട്ടുണ്ട്. എല്ലാം ഞാൻ നോക്കി വെച്ചിരുന്നു. എല്ലാ കമന്റും ഞാൻ വായിച്ചിട്ടുണ്ട്. ആ കമന്റിനൊക്കെ ഞാനാണ് ലൈക്ക് കൊടുത്തത്', ഷിനു പറഞ്ഞു.












Click it and Unblock the Notifications