'പട്ടായയില്‍ കാണിക്കുന്നത് എന്തിന് ഗുരുവായൂരിൽ കാണിക്കണം? ബിഗ് ബോസ് വിജയിയെന്ന് പറയാൻ നാണക്കേട്'
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിന് എതിരെ ദേവസ്വം പോലീസിൽ പരാതി കൊടുത്തിരുന്നു. വീഡിയോ ചിത്രീകരണം അനുവദനീയമല്ലാത്ത ക്ഷേത്രക്കുളത്തിൽ കാലിട്ട് റീൽസ് ചിത്രീകരിച്ചത് വിവാദമായതോടെ ജാസ്മിൻ ക്ഷമ പറഞ്ഞ് രംഗത്ത് വരികയും ചെയ്തു,
അതിന് പിന്നാലെ മറ്റൊരു ബിഗ് ബോസ് താരം സായ് ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. ക്ഷേത്രക്കുളത്തിൽ കാലിട്ടത് കൊണ്ട് കൃഷ്ണൻ ഇറങ്ങി ഓടുമോ എന്നത് അടക്കമുളള പരാമർശങ്ങളാണ് സായ് നടത്തിയത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് 5 വിജയി ആയ അഖിൽ മാരാർ.
അഖിൽ മാരാരുടെ വാക്കുകൾ: '' ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിന്‍ വളരെ മര്യാദയ്ക്ക് മാപ്പ് പറഞ്ഞു. പക്ഷേ ആ വിഷയത്തില്‍ സായ് ഉള്‍പ്പെടെ ഉളളവര്‍ പറഞ്ഞതിനോട് തീരെ യോജിപ്പില്ല. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല. കൃഷ്ണന്‍ ഇറങ്ങി ഓടുമോ എന്നൊക്കെ ചോദിച്ച് കൊണ്ട് വീഡിയോ ചെയ്ത് കണ്ടു. വീഡിയോ മുഴുവന്‍ കണ്ടില്ല, ഒന്നുരണ്ട് പേര്‍ പറയുന്നത് കേട്ടു.

അത് പോലെ ചിലര്‍ ആ വിഷയത്തില്‍ ജാസ്മിനെ അനുകൂലിച്ച് രംഗത്ത് വന്നു. ജാസ്മിന്‍ അത് ചെയ്തത് അറിഞ്ഞ് കൊണ്ടായിരിക്കില്ല. റീലെടുക്കാന്‍ നമുക്ക് പട്ടായയില്‍ പോകാമല്ലോ. പട്ടായയില്‍ പോയി കാണിക്കുന്നത് എന്തിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി കാണിക്കണം. എന്തിനാണ് ഇത്ര വാശി. നമുക്ക് അതിനുളള സ്‌പേസ് ഇവിടെ ഉണ്ടല്ലോ. കേരളത്തില്‍ നിങ്ങള്‍ക്ക് റീല്‍സ് എടുക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും സ്‌പേസ് ഉണ്ട്.
ജാസ്മിന് തെറ്റ് പറ്റി. പക്ഷേ ആ തെറ്റ് അവള്‍ മനസ്സിലാക്കി പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു. പക്ഷേ ജാസ്മിനെ ന്യായീകരിക്കാന്‍ വേണ്ടി വരുന്നവര്‍ കാണിക്കുന്നത് മര്യാദകേടാണ്. ഇവിടെ യേശുദാസ് എന്ന ഗായകന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ പറ്റാത്തത് കൊണ്ട്. ഇനി, ഗുരുവായൂര്‍ അമ്പലത്തിലെ ചിട്ടവട്ടങ്ങള്‍ മാറ്റണോ, അവിടെ ഹൈന്ദവര്‍ക്ക് മാത്രം കയറിയാല്‍ മതിയോ, ബാക്കിയെല്ലാവരും കയറണോ എന്നുളള ചര്‍ച്ചകളൊന്നും ഈ പറയുന്ന റീല്‍സ് ടീമുകള്‍ അല്ല തീരുമാനിക്കേണ്ടത്.
അത് തീരുമാനിക്കാന്‍ അതിന്റെ ആചാര്യന്മാരുണ്ട്. അവര്‍ ഒരു തീരുമാനമെടുത്ത് അവിടെ കയറും. ശബരിമല എല്ലാ മതസ്ഥര്‍ക്കും തുറന്ന് കൊടുത്തിരിക്കുകയല്ലേ, അവിടെ പോകൂ. എത്രയോ ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്, അവിടെയൊക്കെ നിങ്ങള്‍ക്ക് പോകാം, പ്രാര്‍ത്ഥിക്കാം, റീല്‍സ് എടുക്കാം. ചില ക്ഷേത്രങ്ങളില്‍ അവര്‍ക്ക് സന്തോഷമാണ്, നിങ്ങള്‍ ഇവിടുത്തെ റീല്‍സ് എടുത്ത് നാല് പേരെ കാണിച്ചോ. അങ്ങനെ വളരെ സ്വാഗതാര്‍ഹമായി സ്വീകരിക്കുന്ന സ്ഥലങ്ങളുണ്ട്.
ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് റെനീഷ വീഡിയോ ഇട്ടിട്ടുണ്ടല്ലോ. അത് അനുവദനീയമായ സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിയമം അനുശാസിക്കുന്ന ഇടത്ത് ആണ്. ഗുരുവായൂര്‍ അമ്പലത്തിന്റെ മുന്നില്‍ വെച്ചല്ലേ നന്ദനം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. അവിടുത്തെ വിശ്വാസം അങ്ങനെയാണ്. അപ്പോള്‍ അമ്പലക്കുളത്തില്‍ കാല്‍ കഴുകിയാല്‍ ശ്രീകൃഷ്ണന്‍ ഇറങ്ങി ഓടുമോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഇതിനെക്കുറിച്ച് ഏക്കും പൂക്കും അറിയാത്തവര്‍ അഭിപ്രായം പറയാതിരിക്കുക.
ബിഗ് ബോസ് സീസണ്‍ 6 കണ്ടന്റിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് അരോചകം ആയിരുന്നത് പോലെ മത്സരാര്‍ത്ഥികള്‍ പുറത്ത് നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പരിധി വേണം. ആവശ്യത്തിന് ആകാം. ഇതൊരു പരിധി കടന്ന് ബിഗ് ബോസ് എന്ന് പറയുന്നത് തന്നെ നാണക്കേടായി'' .












Click it and Unblock the Notifications