'അമ്മ'യെ നയിക്കാന്‍ ഉര്‍വശിയും ജഗദീഷും? പൃഥ്വി, ആസിഫ്, ടൊവിനോ, കുഞ്ചാക്കോ എന്നിവരും കമ്മിറ്റിയിലേക്ക്..!
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുമുണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നാലെ രാജി വെച്ച താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉര്‍വശിയും എത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. 24 ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ചിലരാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. സംഘടനാ ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും ആരോപണത്തിന്റെ നിഴലില്‍ ആയതോടെയാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വെച്ചത്. ജനറല്‍ സെക്രട്ടറി സിദ്ദീഖ്, ജോ. സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഭരണസമിതി അംഗങ്ങളായ ഇടവേള ബാബു, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരും ആരോപണത്തിന്റെ നിഴലിലാണ്.

ഇതിന് പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജി വെച്ചത്. തുടര്‍ന്ന് 17 അംഗ ഭരണസമിതിയും രാജി വെക്കുകയായിരുന്നു. ഇതോടെ ഉരുത്തിരിഞ്ഞ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന അഭിനേതാക്കളുടെ കഠിനശ്രമം. തുടക്കം മുതല്‍ സംഘടനയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വിവാദമുണ്ടായ സമയത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് സ്വീകരിച്ച നിലപാടില്‍ നിന്ന് വിഭിന്നമായിരുന്നു ജഗദീഷ് കൈക്കൊണ്ട് നിലപാട്.
വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് ആരോപണങ്ങളെ ഗൗരവത്തോടെ കാണണം എന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മൗനത്തിനെതിരേയും ജഗദീഷ് രംഗത്തെത്തിയിരുന്നു. ജഗദീഷിന്റെ നിലപാടിനോട് അമ്മയില്‍ നിരവധി പേര്‍ അനുകൂലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജഗദീഷിനെ പ്രസിഡന്റ് സ്ഥാനത്തേക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഉര്‍വശിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. ഒരു വനിത സംഘടനാ തലപ്പത്തേക്ക് വരണം എന്നതിനാലാണ് ഇത്. മാത്രമലല്ല പ്രധാന സ്ഥാനങ്ങളിലും എക്‌സിക്യൂട്ടിവ് കമ്മറ്റിയിലും ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്നാണ് നിര്‍ദേശം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവര്‍ക്ക് പിന്തുണയുണ്ട്.
മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വനിതകളെ നിലനിര്‍ത്തണം എന്നും ആവശ്യമുണ്ട്. അനന്യ, സരയൂ, ജോമോള്‍, അന്‍സിബ എന്നിവരായിരുന്നു പിരിച്ചുവിട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍. അതേസമയം രണ്ട് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തും എന്നാണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.












Click it and Unblock the Notifications