തെന്നിന്ത്യയില്‍ നയന്‍താര തന്നെ ഒന്നാമത്: രണ്ടാം സ്ഥാനത്ത് ഈ നായിക, ജനപ്രീതിയില്‍ മുന്നില്‍ ഇവര്‍
ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ നടിമാര്‍ ഇപ്പോള്‍ ബോളിവുഡില്‍ വരെ ജനപ്രീതി ആര്‍ജിച്ച് നില്‍ക്കുകയാണ്. ബാഹുബലിയിലൂടെ അനുഷ്‌ക ഷെട്ടിയാണ് ഏറ്റവും ജനപ്രീതി ആദ്യം നേടിയത്. പാന്‍ ഇന്ത്യന്‍ സ്റ്റാറായി അവര്‍ മാറിയിരുന്നു. ഫാമിലി മാനിലൂടെ സാമന്ത അതുപോലെ ബോളിവുഡിലെ അറിയപ്പെടുന്ന താരമായിരുന്നു. അടുത്തിടെ ഷാരൂഖ് ഖാന്റെ ജവാനില്‍ നായികയായതോടെ നയന്‍താരയുടെ ജനപ്രീതിയും പ്രതിഫലവും ഒരുപോലെ ഉയര്‍ന്നിരുന്നു.
കൂടുതല്‍ ബോളിവുഡ് ചിത്രങ്ങളിലേക്ക് നയന്‍താരയെ പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിരവധി വമ്പന്‍ നായികമാരുണ്ട്. ഇവരില്‍ ആരാണ് ജനപ്രീതി കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത്. അത് പറയുക ബുദ്ധിമുട്ടായിരിക്കും അല്ലേ. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ഇപ്പോള്‍ ഏറ്റവും ജനപ്രീതിയേറിയ നായികമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ മാസത്തില്‍ ജനപ്രീതിയിലുള്ള തെന്നിന്ത്യന്‍ സിനിമാ നായികമാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ജവാന്റെ റെക്കോര്‍ഡ് വിജയം നയന്‍താരയ്ക്ക് അനുകൂലമായിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായി ജവാന്‍ മാറിയിരിക്കുകയാണ്. ആഗോള തലത്തില്‍ ആയിരം കോടിയിലേറെ നേടിയ ജവാന്‍ പുതിയ ചിത്രങ്ങളേക്കാള്‍ ഇപ്പോഴും കളക്ഷന്‍ നേടുന്നുണ്ട്.
അതുപോലെ ഇന്ത്യയില്‍ നിന്ന് 550 കോടിയിലേറെ ജവാന്‍ കളക്ട് ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലാകെ ഈ ചിത്രം തരംഗമാവുകയും ചെയ്തു. അതായത് നയന്‍താരയുടെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ ചിത്രത്തിന് ഗുണകരമായി മാറി എന്നും പറയാം. സാധാരണ ഷാരൂഖ് ചിത്രത്തിന് ലഭിക്കുന്ന കളക്ഷനും എത്രയോ മുകളിലാണ് ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം ജവാന് ലഭിച്ചത്. ജയം രവി നായകനായി എത്തിയ ഇരൈവനും നായികയെന്ന നിലയില്‍ നയന്‍താരയ്ക്ക് നേട്ടമുണ്ടാക്കി.
അതേസമയം രണ്ടാം സ്ഥാനത്ത് മറ്റാരുമല്ല സാമന്തയാണ്. നടിക്ക് കഴിഞ്ഞ രണ്ട് വര്‍ഷം മോശം സമയമായിരുന്നു. യശോദ ഹിറ്റായെങ്കിലും, വലിയൊരു വിജയം നേടാനായില്ല. ശാകുന്തളം ബോക്‌സോഫീസില്‍ വന്‍ പരാജയമായി. ഇതിനിടയില്‍ പുഷ്പയിലെ ഐറ്റം ഡാന്‍സ് മാത്രമാണ് വന്‍ വിജയമായി മാറിയത്.
എന്നാല്‍ വിജയ് ദേവര്‍കൊണ്ടയ്‌ക്കൊപ്പം നായികയായി എത്തിയ ഖുഷി ബംപര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നടി വന്‍ തിരിച്ചുവരവാണ് നടത്തിയതെന്നാണ് ഓര്‍മാകാസ് മീഡിയ പട്ടികയിലൂടെ വ്യക്തമാകുന്നത്. സാമന്ത കരിയറില്‍ ബ്രേക്കെടുത്തിരിക്കുകയാണ്. ചികിത്സയ്ക്കായിട്ടാണ് ഇടവേളയെടുത്തത്. അതുകൊണ്ട് താരമൂല്യത്തില്‍ വരും വര്‍ഷത്തില്‍ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.
മൂന്നാം സ്ഥാനത്ത് തൃഷയാണ്. പൊന്നിയിന്‍ സെല്‍വനില്‍ മികച്ച വേഷത്തില്‍ എത്തിയത് നടിക്ക് ഗുണകരമായിട്ടുണ്ട്. ദ റോഡാണ് തൃഷയുടേതായി പുറത്തെത്തിയ അവസാന ചിത്രം. വിജയ് നായകനാവുന്ന ലിയോയിലും തൃഷയാണ് നായിക. തമന്നയാണ് നാലാം സ്ഥാനത്ത്. അടുത്തിടെ വിജയ ചിത്രമായ ജയിലറിന്റെ ഭാഗമായത് നടിക്ക് നേട്ടമായിട്ടുണ്ട്.
അഞ്ചാം സ്ഥാനത്ത് കീര്‍ത്തി സുരേഷാണ്. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രൊജക്ടുകളുമായി നടി സജീവമാണ്. സായ് പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി എന്നിവരാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications