ബോളിവുഡുകാർക്ക് അക്കാര്യത്തില്‍ ഭയം: പക്ഷെ ദക്ഷിണേന്ത്യന്‍ സിനിമ അങ്ങനെയല്ല: തുറന്ന് പറഞ്ഞ് പ്രിയാമണി
കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അറ്റ്‌ലി കുമാർ - ഷാരൂഖ് ഖാന്‍ ചിത്രം ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. ആഗോളതലത്തിൽ 1000 കോടിയെന്ന നാഴികക്കല്ല് മറികടന്ന ജവാൻ ഇപ്പോൾ ആഭ്യന്തര വിപണിയിൽ 600 കോടിക്ക് അടുത്ത് എത്തിയിരിക്കുകയാണ്. ഇതോടെ രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ താരമായും ഷാരൂഖ് ഖാന്‍ മാറി.
നയന്‍താര, പ്രിയാമണി തുടങ്ങിയ മലയാളികളുടെ അഭിമാനമായ താരങ്ങളും ജവാനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ ചെന്നൈ എക്‌സ്‌പ്രസ് (2013) എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യാമായാണ് മറ്റൊരു ഷാരൂഖ് ചിത്രത്തില്‍ പ്രിയാമണി അഭിനയിക്കുന്നതെന്ന പ്രത്യേകതകയും ജവാനുണ്ട്. ജവാനില്‍ തനിക്ക് ലഭിച്ചത് വളരേയേറെ പ്രധാന്യമുള്ള വേഷമാണെന്നാണ് താരം തന്നെ പറയുന്നത്.

അതേസമയം, ബോളിവുഡിൽ നിന്ന് വ്യത്യസ്‌തമായി തങ്ങളുടെ സിനിമകളിൽ പ്രധാനപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യുന്നത് ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളാണെന്നാണ് പ്രിയാമണി വ്യക്തമാക്കുന്നത്. എന്തെങ്കിലുമൊരു സന്ദേശമോ യാഥാർത്ഥ്യമോ ചിത്രീകരിക്കാൻ ഒരാൾ സജീവ രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടതില്ലെന്നും പറയുന്ന പ്രിയാമണി ദക്ഷിണേന്ത്യയിലെ സിനിമാ വ്യവസായങ്ങൾ അത്തരം വിഷയങ്ങളെക്കുറിച്ച് എപ്പോഴും വാചാലരാണെന്നും ഇ-ടൈംസിനോട് പറഞ്ഞു.
കർഷക ആത്മഹത്യകൾ, ഡോക്ടർമാരുടെ പ്രാധാന്യം, ഓക്‌സിജൻ ദുരന്തം തുടങ്ങി ജവാനിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ യഥാർത്ഥത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങളാണ്. ആളുകൾ പതിവായി അഭിമുഖീകരിക്കുന്ന ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള സന്നദ്ധതയാണ് ചിത്രത്തിന് പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാന്‍ കാരണമായതെന്നും "ആരെങ്കിലും അവരെക്കുറിച്ച് സംസാരിക്കാൻ സമയമായി." എന്നും പ്രിയാമണി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ നിർമ്മിക്കുന്ന സിനിമകൾ എല്ലായ്‌പ്പോഴും ഒരുപാട് വിഷയങ്ങളെ സ്പർശിക്കുന്നുണ്ട്. "വടക്കുള്ള ആളുകളും ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ അതിനെക്കുറിച്ച് സംസാരിക്കാൻ അവർ തയ്യാറാകുന്നില്ല. അവരുടെ ആശങ്കകൾ കൂടുതൽ വാചാലമായി പ്രകടിപ്പിക്കാൻ ജവാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു." പ്രിയാമണി കൂട്ടിച്ചേർത്തു.
ജവാനില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം തരാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് നടന്നില്ലെന്ന് പ്രിയാമണി അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തില്‍ വിജയ് കാമിയോ റോളില്‍ എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
'ജവാൻ ചിത്രത്തിൽ നടൻ വിജയ് യും ഉണ്ടാകുമെന്ന് സംവിധായകൻ അറ്റ്ലി എന്നോട് പറഞ്ഞിരുന്നു. ഇതു ശരിക്കും എന്നെ ഞെട്ടിച്ചു. വിജയ്ക്കൊപ്പം അഭിനയിക്കാൻ ആഗ്രഹംകൊണ്ട് കോമ്പിനേഷൻ രംഗങ്ങൾ ചോദിച്ചു. അത് ആറ്റ്ലി സമ്മതിക്കുകയും ചെയ്തു. എന്നാൽ ചിത്രീകരണവേളയിൽ വിജയ് സെറ്റിലെത്തിയില്ല. ഇത് എന്നെ നിരാശപ്പെടുത്തി. പിന്നീടാണ് ആറ്റ്ലി എന്നെ പറ്റിച്ചതാണെന്ന് മനസിലായത്'- പ്രിയാമണി പറഞ്ഞു.












Click it and Unblock the Notifications