ജവാന്‍ 1000 കോടി ക്ലബ്ബിലേക്ക്: ഷാരൂഖ് ഖാന്റെ പേരില്‍ പുതിയ റെക്കോർഡ് കുറിക്കും, മറ്റാരുമില്ല
കേരളത്തില്‍ സമ്മിശ്രമായ അഭിപ്രായമാണ് ലഭിച്ചതെങ്കിലും ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ ബോക്‌സ് ഓഫീസിൽ അജയ്യമായ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾക്കുള്ളിൽ ചിത്രം ലോകമെമ്പാടും നിന്നുമായി 800 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ജവാന്‍ നേടിയത് 530 കോടിയിലധികവും നേടി.
ചിത്രത്തിന്റെ ഈ രീതിയുള്ള കുതിപ്പ് തുടരുകയാണെങ്കില്‍ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ജവാന്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ ഷാരൂഖ് ശക്തമായ തിരിച്ചുവരവ് നടത്തിയതിന് പിന്നാലെയാണ് ജവാനും അതിഗംഭീര കളക്ഷനുമായി മുന്നോട്ടുപോവുന്നത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായക വേഷത്തിലെത്തിയ ചിത്രമായിരുന്നു പഠാന്‍. ചിത്രം ലോകമെമ്പാടുനിന്നുമായി 1,055 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ട്. 657.5 കോടി രൂപയുടെ ഇന്ത്യൻ ഗ്രോസും നേടി. ഇതോടെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായും പഠാന്‍ മാറി.
ഇപ്പോൾ ജവാനും ആഗോളതലത്തിൽ 1,000 കോടി രൂപ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ പോവുമ്പോള്‍ ഷാരുഖിന്റെ പേരില്‍ പുതിയ റെക്കോർഡും കുറിക്കപ്പെടുകയാണ്. നിതേഷ് തിവാരിയുടെ ദംഗൽ (2016), പത്താൻ (2023) എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ബോളിവുഡില്‍ നിന്നും ഇതുവരെ 1,000 കോടിയിലധികം കളക്ട് ചെയ്തതെങ്കിലും ഈ നാഴികക്കല്ലിലെത്താൻ രണ്ട് ചിത്രങ്ങളും വളരെയധികം സമയമെടുത്തിരുന്നു.
തിയറ്റർ റിലീസ് ചെയ്ത് 27-ാം ദിവസം പത്താൻ 1,000 കോടി ക്ലബ്ബിൽ പ്രവേശിച്ചപ്പോൾ, ദംഗൽ അത് മറികടക്കാൻ മാസങ്ങളെടുത്തു. ചിത്രം ചൈനയിൽ റിലീസ് ചെയ്തതിന് ശേഷമാണ് ദംഗല്‍ 1000 കോടി പിന്നിട്ടത്. എന്നാല്‍ നിലവിലെ ട്രെൻഡ് അനുസരിച്ച്, മൂന്നാം ആഴ്ച അവസാനിക്കുമ്പോഴേക്കും ജവാൻ 1000 കോടി ക്ലബ്ബിലെത്താന്‍ സാധ്യതയുണ്ട്.
അതേസമയം ദംഗൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി തുടരുകയാണ്. ആമിർ ഖാൻ ചിത്രം 2,070.30 കോടിരൂപയാണ് ആകെ നേടിയത്. സിനിമയുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം ചൈനയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് ചിത്രം 535 കോടി രൂപയാണ് ആകെ നേടിയത്. ആഭ്യന്തര വിപണിയിൽ 657.5 കോടി രൂപ നേടിയ പത്താനാണ് പട്ടികയില്‍ മുന്നില്‍.
അനിൽ ശർമ്മയുടെ ഗദർ 2 610.4 കോടിയുമായി രണ്ടാമതെത്തിയപ്പോൾ ജവാന്റെ ഇന്ത്യൻ ഗ്രോസ് ഇതിനകം 530 കോടി രൂപയിലെത്തി. ജവാൻ 1,000 കോടി ക്ലബ്ബിൽ പ്രവേശിക്കുന്നത് ഷാരൂഖിനെ ഒരു വർഷം കൊണ്ട് രണ്ട് 1,000 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യൻ കലാകാരനായി മാറും എന്ന് മാത്രമല്ല, രണ്ട് 1000 കോടി ഗ്രോസറുകൾ നേടുന്ന ഒരേയൊരു ബോളിവുഡ് നടൻ ഷാരൂഖിനെ മാറ്റുകയും ചെയ്യും.












Click it and Unblock the Notifications