Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയുംനാള്‍ പിന്നില്‍നിന്ന് കുത്തി; ഇപ്പോള്‍ നെഞ്ചില്‍; കെനീഷ എനിക്ക്... വൈകാരിക കുറിപ്പുമായി രവി മോഹന്‍

തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ച രവി മോഹന്റെയും (ജയം രവി) ഭാര്യ ആരതിയുടെയും കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ്. ഗായിക കെനീഷയും രവി മോഹനും ഒരു പൊതു ചടങ്ങില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്ന അഭ്യൂഹങ്ങളും ശക്തമായി. ഇതോടെ രവി മോഹനും ആരതിയും തമ്മിലുള്ള ചെളി വാരിയെറിയലും വര്‍ധിച്ചു. ആദ്യം മൗനം പാലിച്ച ഇരുവരും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നു.

ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് രവി മോഹന്റെ കരിയര്‍ കടന്നുപോകുന്നത്. തനിക്ക് ഒരു വീട്ടുജോലിക്കാരന്റെ പരിഗണന പോലും ഭാര്യ വീട്ടുകാര്‍ നല്‍കുന്നില്ല എന്നാണ് രവി മോഹന്‍ ആരോപിക്കുന്നത്. അതിനു മറുപടിയായി ആരതി പറയുന്നത് തന്നെ രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും മക്കളെ പോലും തിരിഞ്ഞു നോക്കുന്നുമില്ല എന്നുമാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലാണ്. 2009-ല്‍ വിവാഹം കഴിച്ച ദമ്പതികള്‍ 2024 ലാണ് വേര്‍പിരിയുന്നത്.

Ravi Mohan

ഇപ്പോഴിതാ, തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് രവി മോഹന്‍ ഒരു നീണ്ട വൈകാരിക കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിവാഹ ജീവിതത്തില്‍ തന്നെ ഭാര്യയും ഭാര്യ വീട്ടുകാരും ചേര്‍ന്ന് വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി രവി മോഹന്‍ ആരോപിക്കുന്നു. ആ പ്രതിസന്ധിയില്‍ നിന്ന് തന്നെ രക്ഷിച്ച ലൈഫ്‌ലൈന്‍ ആയിട്ടാണ് ഗായിക കെനീഷയെ നടന്‍ വിശേഷിപ്പിക്കുന്നത്.

ആരതി തൊടുത്തുവിട്ട ആരോപണങ്ങളെക്കുറിച്ചും കെനീഷയുമായുള്ള ബന്ധത്തെക്കുറിച്ചും ആളുകള്‍ അഭ്യൂഹങ്ങള്‍ പരത്തുന്നത് തനിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നതായി രവി മോഹന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. മറ്റുള്ളവര്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഏറെ സങ്കടകരമാണ്.

രവി മോഹന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:

'നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങളുടെ കോടതിയില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സങ്കടമുണ്ട്. തന്നോട് യാതൊരു അനുകമ്പയോ സ്‌നേഹമോ പ്രകടിപ്പിക്കാതെ തന്റെ സ്വകാര്യ ജീവിതം വെറുമൊരു ഗോസിപ്പായി മാത്രം മാറുന്നത് ഏറെ വേദനാജനകമാണ്.

എന്റെ നിശബ്ദത ഒരു ബലഹീനതയല്ല, അത് അതിജീവനമായിരുന്നു. ഞാന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അറിയാത്തവര്‍ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍ എനിക്ക് സംസാരിക്കേണ്ടി വരുന്നു. ഇഷ്ടിക ഓരോന്നായി അടുക്കി വയ്ക്കുന്നത് പോലെയാണ് ഞാന്‍ കരിയര്‍ വളര്‍ത്തിയെടുത്തത്. എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വിലകുറഞ്ഞ സഹതാപത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ചിലര്‍ എനിക്കെതിരേ നടത്തുന്നത്.

വിവാഹ ജീവിതത്തില്‍ വര്‍ഷങ്ങളോളം സാമ്പത്തികവും വൈകാരികവുമായ കടുത്ത ചൂഷണം നേരിട്ടു. മാതാപിതാക്കളെ കാണുന്നതില്‍ നിന്ന് പോലും വിലക്കപ്പെട്ടു. എന്റെ ദാമ്പത്യം സുന്ദരമാക്കാനും സംരക്ഷിക്കാനും എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഞാന്‍ നടത്തിയിട്ടും അത് പരാജയപ്പെട്ടു. ഒരിക്കലും ഒത്തു പോകാന്‍ കഴിയാത്ത ഒരു ജീവിതത്തില്‍ നിന്ന് പതിയെ ഇറങ്ങി പോകാനുള്ള ശക്തി ഒടുവില്‍ എനിക്ക് ലഭിച്ചു. ആ തീരുമാനം ഒട്ടും നിസാരമായി എടുത്തതല്ലെന്ന് നിങ്ങള്‍ അറിയണം.

ഞാന്‍ വിവാഹ മോചനത്തിന് എന്തുകൊണ്ട് അപേക്ഷിച്ചു എന്നതും എല്ലാവരും അറിയണം. കെട്ടിച്ചമച്ച അവകാശവാദങ്ങള്‍ എല്ലാം ഞാന്‍ തള്ളിക്കളയുന്നു. ഞാന്‍ എല്ലായ്‌പ്പോഴും നിലകൊള്ളുന്നത് പോലെ അന്തസോടെയും ആത്മാര്‍ത്ഥതയോടെയും എന്റെ സത്യത്തില്‍ ഉറച്ചു നില്‍ക്കും'.

സഹതാപത്തിനായി മക്കളെ ഉപയോഗിക്കുന്നതിലുള്ള നിരാശയും രവി മോഹന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. തനിക്ക് അവരെ കാണാന്‍ പോലും അനുവാദമില്ലെന്ന് രവി മോഹന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

'ഞങ്ങളുടെ വേര്‍പിരിയലിനു ശേഷം കുട്ടികളെ കാണുന്നതില്‍ നിന്നും എന്നെ വിലക്കി. സാമ്പത്തിക നേട്ടത്തിനും ആളുകളുടെ സഹതാപത്തിനും വേണ്ടിയുള്ള ഉപകരണങ്ങളായി എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് ഏറ്റവും സങ്കടകരം. എന്റെ കുട്ടികളെ ഞാന്‍ ഒരിക്കലും കാണാതിരിക്കാനും അവരുടെ അടുത്തേക്ക് വരാതിരിക്കാനും ബൗണ്‍സര്‍മാരെ ഏര്‍പ്പെടുത്തി. ഒരു പിതാവ് എന്ന നിലയിലുള്ള പങ്കിനെ ചോദ്യം ചെയ്യുകയാണ് ആരതി. എന്റെ അഭിമാനമായ മക്കളെയല്ല, ആരതിയെ ഉപേക്ഷിക്കുക എന്നതായിരുന്നു എന്റെ തീരുമാനം.

'ഞാന്‍ പൊന്മുട്ടയിടുന്ന താറാവ്'

പൊന്മുട്ടയിടുന്ന താറാവിനെ പോലെയായിരുന്നു തന്നെ വിവാഹ ജീവിതത്തില്‍ ആരതി കണ്ടിരുന്നതെന്നും അതു കൊണ്ടാണ് താന്‍ ആ വീട് വിട്ടു പോയതെന്നും നടന്‍ വിശദീകരിക്കുന്നുണ്ട്. 'ഇത്രയും വര്‍ഷമായി എന്നെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു ഇപ്പോള്‍ നെഞ്ചില്‍ കുത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ദയവായി ജീവിക്കാന്‍ അനുവദിക്കണമെന്നും രവി അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഗായിക കെനീഷയുമായി ഡേറ്റിങ്ങിലാണെന്ന പ്രചാരണങ്ങളിലും രവി മോഹന്‍ വ്യക്തത വരുത്തുന്നുണ്ട്. അവള്‍ ഒരു സുഹൃത്തിനും മേലെയാണെന്ന് നടന്‍ സ്ഥിരീകരിച്ചു. മുങ്ങി മരിക്കുന്ന ഒരാളെ രക്ഷിക്കാന്‍ തിരഞ്ഞെടുത്ത സുഹൃത്തായിരുന്നു അവള്‍. പഴ്‌സും അന്തസും അഭിമാനവും എല്ലാം വിട്ടെറിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കെനീഷ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതെന്ന് രവി മോഹന്‍ പറഞ്ഞു. കെനീഷ എന്റെ എല്ലാ പോരാട്ടങ്ങളും അടുത്ത് നിന്നു കണ്ടു. അവള്‍ ഒരു സുന്ദരിയായ കൂട്ടുകാരിയാണ്. പ്രശസ്തിക്കു വേണ്ടിയല്ല, മറിച്ച് തികഞ്ഞ സഹാനുഭൂതിയോടു കൂടിയാണ് അവള്‍ തന്നെ കണ്ടത്.

തന്റെ വിവാഹ മോചനത്തിന് കാരണക്കാരി കെനീഷയാണെന്ന അഭ്യൂഹങ്ങളെ നടന്‍ തള്ളിക്കളഞ്ഞു. ആര്‍ക്കും ആരുടെയും കുടുംബ ജീവിതം തകര്‍ക്കാന്‍ കഴിയില്ല.

15 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് രവി മോഹനും ആരതിയും അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമൂഹ മാധ്യമത്തിലൂടെയാണ് ആരതിയുമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി രവി മോഹന്‍ ആദ്യം അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+