പാർവതിയുടേയും ജയറാമിന്റേയും പ്രണയം; ഹോട്ടലില്‍ നിന്നും ഇറങ്ങി വന്ന അമ്മ ഭയങ്കര ചീത്തവിളി: കമല്‍
മലയാളികളുടെ ഇഷ്ട താരജോഡികളാണ് ജയറാമും പാർവതിയും. നിരവധി സിനികളില്‍ ഒന്നിച്ച് അഭിനയിച്ച ഇവർ പിന്നീട് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും പ്രണയ ജീവിതത്തേക്കുറിച്ച് സംവിധായകന്‍ കമല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. കൗമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് ഇടയ്ക്കാണ് പാർവതിയും ജയറാമും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ഈ പ്രണയ ജോഡികള്‍ ആ കാലത്ത് വളരെ അധികം പോപ്പുലറുമായിരുന്നു. പെരുവണ്ണാപുരത്തിന് ശേഷം പ്രാദേശിക വാർത്തകള്‍ എന്ന ചിത്രത്തിലേക്ക് വന്നപ്പോള്‍ ഈ പ്രണയം ഒന്നുകൂടെ ദൃഢമായെന്നും കമല്‍ പറയുന്നു.

പിന്നീട് ഞാന്‍ സംവിധാനം ചെയ്ത പാവം പാവം രാജകുമാരനില്‍ ജയറാം ഉണ്ടായിരുന്നെങ്കിലും പാർവതി ഉണ്ടായിരുന്നില്ല. ശുഭയാത്ര എന്ന ചിത്രം വന്നപ്പോള്‍ ഇരുവരുമായിരുന്നു നായിക. മുംബൈയില്‍ അവരുടെ പ്രണയും സിനിമാ ഷൂട്ടിങുമൊക്കെ ഒരുമിച്ച് പോകുന്ന ഒരു കാലഘട്ടമായിരുന്നു. രസകരമായ കുറേ സംഭവങ്ങള്‍ ആ സമയത്ത് ഉണ്ടായിട്ടുണ്ട്.
പാർവതിയും ജയറാമും തമ്മിലുള്ള പ്രണയം പാർവതിയുടെ അമ്മക്കും വീട്ടുകാർക്കുമൊന്നും ഒട്ടും ഇഷ്ടമായിരുന്നില്ല. ശുഭായത്ര മുബൈയിലാണ് ഷൂട്ട് ചെയ്യുന്നത്. അന്ന് ലാല്‍ ജോസും എന്റെ കൂടെ വർക്ക് ചെയ്യുന്നുണ്ട്. ജയറാം, പാർവതി, ജഗദീഷ്, സിദ്ധീഖ്, ഇന്നസെന്റ്, ലളിത ചേച്ചി എന്നിവരൊക്കെയാണ് പ്രധാന താരങ്ങളെന്നും കമല്‍ പറയുന്നു.
ജയറാമും പാർവതിയും മാത്രമുള്ള കുറേ സീനുകളും പാട്ടുമൊക്കെ എടുക്കാനുണ്ട്. എന്നും രാവിലെ ഒരു ഒമ്നി വാനില്‍ ക്യാമറയും താരങ്ങളേയുമൊക്കെ കയറ്റി പുറപ്പെടും. സിറ്റിക്ക് അകത്തെ വിവിധ ലൊക്കേഷനുകളിലായിട്ടാണ് ഷൂട്ട്. ജയറാമും പാർവതിയും ഒരുമിച്ച് ഒരു വാഹനത്തില്‍ പോകുന്നത് പാർവതിയുടെ അമ്മക്ക് വലിയ പ്രശ്നമായിരുന്നു. അവരുടെ പ്രണയം കൂടുതല്‍ മുറുകുമോയെന്നതായിരുന്നു അവരുടെ ആശങ്ക.
ജയറാമിനേയും പാർവതിയേയും രണ്ട് വണ്ടിയില്‍ കൊണ്ടുപോകണമെന്നായിരുന്നു അവരുടെ ആവശ്യം. അതൊന്നും പ്രായോഗികമല്ലെന്നായിരുന്നു എന്റെ മറുപടി. ഒരു വണ്ടി വഴിയില്‍ എവിടെയെങ്കിലും വെച്ച് മിസ്സായാല്‍ അവരെ കണ്ടെത്തലൊക്കെ വലിയ പണിയാണ്. മൊബൈലൊന്നും ഇല്ലാത്ത കാലമാണല്ലോ.
ഒമ്നിയില്‍ അമ്മയെ കയറ്റാനും സ്ഥലമുണ്ടാകില്ല. അവരെ വേറൊരു കാറിലാണ് കയറ്റുക. ഇതും വലിയ പ്രശ്നമാണ്. അങ്ങനെ ഒരു ദിവസം അമ്മ സഞ്ചരിച്ച കാർ എവിടെയോ വഴി തെറ്റി. അന്ന് രാത്രി ഷൂട്ടിങ് ഉള്ള സമയാണ്. ഈ സമയത്തിന് ഇടയില്‍ അവർ ഹോട്ടലില്‍ തിരിച്ച് എത്തുകയും ചെയ്തിരുന്നു. ഞങ്ങള്‍ വരാനായി അക്ഷമയായി കാത്തിരിക്കുകയാണ് അവർ.
ഷൂട്ടിങ് ഒക്കെ കഴിഞ്ഞ പത്ത് മണിയോടെയാണ് ഞങ്ങള്‍ ഹോട്ടലില്‍ എത്തുന്നത്. ഞങ്ങള്‍ എത്തിയതും അമ്മ ഹോട്ടലില്‍ നിന്നും ഇറങ്ങി വന്ന് എന്നേയും ജയറാമിനേയും ഭയങ്കര ചീത്തവിളിയാണ്. 'ഷൂട്ടിങ് അല്ലേ നടക്കുന്നത്, പ്രേമമാണോ നടക്കുന്നത് ' എന്നൊക്കെയാണ് അവർ ചോദിക്കുന്നത്.
ഇത് എനിക്ക് അത്ര പിടിച്ചില്ല. നിങ്ങളുടെ മകളെ അഭിനയിപ്പിക്കാന്‍ വിട്ടതാണ്. പ്രണയം ഞങ്ങളെ ബാധിക്കുന്ന വിഷയം ഇല്ല. കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം സിനിമയിലുള്ളതാണ്. പുറത്ത് എന്താണ് എന്നുള്ളത് ഞങ്ങള്‍ക്ക് അറിയില്ല. സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവർ ആർട്ടിസ്റ്റുമാരാണ്. എന്നേയും ജയറാമിനേയും വിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് മകളെ അഭിനയിപ്പിക്കാന്‍ കൊണ്ടുവന്നതെന്നും ഞാന്‍ ചോദിച്ചു.
പിന്നെ അവർ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ചു. കുറേ കാലത്തിന് ശേഷം ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ പോയി. അന്ന് അവിടെ അമ്മയും ഉണ്ട്. എന്നെ കണ്ടപ്പോള്‍ അവർ വല്ലാതായി. ഭക്ഷണമൊക്കെ കഴിഞ്ഞപ്പോള്‍ എന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ വന്നു. 'ശുഭയാത്രയുടെ സമയത്ത് കമലിനെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു. അന്നത്തെ മാനസികാവസ്ഥയില്‍ അവരെ ചീത്തപറയാന്‍ സാധിക്കാത്തതുകൊണ്ട് കമലിനേയും കൂട്ടി വഴക്ക് പറഞ്ഞതാണ്. ഒന്നും തോന്നരുത്' എന്നായിരുന്നു അവർ പറഞ്ഞത്. ഞാന്‍ അത് അന്നേ മറന്ന കാര്യമായിരുന്നു. ഒരു തമാശയായിട്ടാണ് അത് എടുത്തത്. അവർ പ്രകടിപ്പിച്ചത് ഏത് ഒരു അമ്മയ്ക്കും തോന്നുന്ന കാര്യമാണെന്നും കമല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications