ഷൂട്ടിങ് മുടങ്ങിയത് നാലു വര്‍ഷം; ജിത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 'റാം' വീണ്ടും ചിത്രീകരിക്കുന്നു
ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാള സിനിമാ പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കോമ്പോയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. പിന്നാലെ ഇറങ്ങിയ ഇതിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകാര്യത ലഭിച്ചു. ദൃശ്യം മൂന്നാം ഭാഗം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതിനോട് ഇരുവരും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.
ഇപ്പോഴിതാ ഹിറ്റ് ജോഡികളായ മോഹന്‍ലാല്‍ - ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതും അനൗണ്‍സ് ചെയ്തിട്ട് നാലു വര്‍ഷത്തിലേറെ മുടങ്ങിപ്പോയ ചിത്രമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. 'റാം', എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. 2019 ലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ചിത്രത്തിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ നിര്‍ഭാഗ്യങ്ങളുടെ ഒരു ഘോഷയാത്രയാണ് ചിത്രത്തെ കാത്തിരുന്നത്.

2020 ല്‍ ഷൂട്ടിങ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. ലോക്ടൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ട് വീണ്ടും പുനരാരംഭിച്ചിരുന്നു. ചിത്രീകരണം പകുതിയിലധികം തീര്‍ന്നപ്പോഴാണ് അടുത്ത പ്രശ്‌നം. നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഷൂട്ടിങ് മുടങ്ങി. തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളും വന്നു.
ഈ വര്‍ഷം നവംബറോടെ ഷൂട്ടിങ് തീര്‍ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. റാമിലെ നായിക തൃഷയാണ്. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആറോളം രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.












Click it and Unblock the Notifications