ലാലേട്ടന്‍ തന്ന സമ്മാനം ഫ്രെയിം ചെയ്തു വയ്ക്കുമെന്ന് ജിഷിന്‍; നൂറു രൂപയ്ക്ക് പോലുമില്ലെന്ന് വിമര്‍ശനം
ബിഗ് ബോസ് സീസണ്‍ ഏഴില്‍ നിന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ജിഷിന്‍ മോഹന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാണ് ജിഷിന്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ചത്. നല്ലൊരു ഗെയിമര്‍ എന്ന പേരെടുത്തു വരുമ്പോഴാണ് ജിഷിന്‍ പുറത്താകുന്നത്.
എവിക്ഷന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജിഷിന്‍ പ്രതികരിച്ചു. ജിഷിന്റെ വാക്കുകള്‍: നന്നായി കളിച്ചു എന്നാണ് വിശ്വാസം. എന്റെ മനസില്‍ കുറെ കാര്യങ്ങളുണ്ട്. അത് ഞാന്‍ ഓപ്പണ്‍ ആയി പിന്നീട് പറയും. പോകുമ്പോള്‍ എനിക്ക് ഒരുപാട് നെഗറ്റിവിറ്റി ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചു വരുമ്പോള്‍ എനിക്ക് കുറെ പോസിറ്റിവിറ്റി കിട്ടി. നല്ല രീതിയിലാണ് പുറത്തിറങ്ങിയത് എന്ന് പ്രതീക്ഷ എനിക്കുണ്ട്.

എല്ലാത്തിനേക്കാളും ഉപരി ആര്‍ക്കും കിട്ടാത്ത അംഗീകാരമാണ് എനിക്ക് ലാലേട്ടനില്‍ നിന്ന് ലഭിച്ചത്. മനസ് വിഷമിച്ചപ്പോള്‍ ലാലേട്ടന്‍ സ്‌നേഹത്തോടെ തന്ന ഈ ബനിയന്‍ ഒരിക്കലും മറക്കില്ല. ഇത് വീടിനുള്ളില്‍ ചില്ലുകൂട്ടിനുള്ളില്‍ ഫ്രെയിം ചെയ്തു വയ്ക്കും. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഒരു സമ്മാനമായാണിത് കാണുന്നത്.
സാധാരണ സെല്‍ഫി എടുക്കാന്‍ ഒക്കെയാണ് ആളുകള്‍ അടുത്തേക്ക് വന്നിരുന്നത്. ഇത്രയും ക്യാമറ മുന്നിലേക്ക് വരുന്നത് ആദ്യമായിട്ടാണ്. ബിഗ് ബോസില്‍ കളിച്ചത് എല്ലാം ഗെയിം ആണ്. ഒരാളെയും വേദനിപ്പിച്ചിട്ടില്ലെന്ന വിശ്വാസം എനിക്കുണ്ട്. പുറത്തിറങ്ങിയാലും അവരുമായി സൗഹൃദം ഉണ്ടാക്കുന്ന രീതിയിലുള്ള ഫൈറ്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ.
അണ്‍ഫെയര്‍ ആയി നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. എന്തിനു പുറത്തായി എന്ന് ചിന്തിച്ചിട്ട് ഇതുവരെ മനസിലായിട്ടില്ല. എന്നെ പിന്തുണച്ച് കമന്റ് ഇട്ടവര്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും ബിഗ്‌ബോസില്‍ തന്നെ ഉണ്ടായേനെ. ഇപ്പോള്‍ കിട്ടുന്ന സ്‌നേഹവും ആദരവും ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം നല്‍കിയതാണ്. ഷാനവാസുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ആരുടെയും മനസ് മുറിവേല്‍പ്പിച്ചിട്ടില്ല എന്ന് പൂര്‍ണ വിശ്വാസം എനിക്കുണ്ട്.
ബിഗ് ബോസില്‍ പോയതുകൊണ്ട് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് അവസാനം അല്ലെന്നും തുടക്കം മാത്രമാണെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു. ജിഷിനെ പിന്തുണച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ജിഷിന്‍ ഒരിക്കലും ഇപ്പോള്‍ പോകേണ്ടയാള്‍ അല്ലായിരുന്നു എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അണ്‍ഫെയര്‍ എവിക്ഷന്‍ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മോഹന്‍ലാല്‍ സമ്മാനമായി കൊടുത്ത ടീഷര്‍ട്ട് ധരിച്ചാണ് ജിഷിന്‍ പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ കയ്യൊപ്പ് ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. ലൗവിങ്‌ലി യുവേഴ്‌സ് മോഹന്‍ലാല്‍ എന്നാണ് ടീഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. അതേസമയം 100 രൂപയുടെ ബനിയനാണ് ജിഷിന് കിട്ടിയതെന്ന വിമര്‍ശനങ്ങളും ചിലര്‍ കമന്റ് ബോക്‌സുകളില്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സമ്മാനത്തിന്റെ വിലയല്ല, അത് ലാലേട്ടന്റെ കൈയില്‍ നിന്നു കിട്ടിയതിനാണ് പ്രസക്തി എന്നും പലരും തക്ക മറുപടി നല്‍കുന്നുണ്ട്.












Click it and Unblock the Notifications