അക്കാര്യങ്ങളില്‍ മമ്മൂട്ടിയെപ്പോലുള്ള മറ്റൊരു നടന്‍ ഇന്ത്യയില്‍ വേറെയില്ല: ജോണി ആന്റണി പറയുന്നു
ആദ്യ സംവിധാന സംരഭമായ സിഐഡി മൂസയിലൂടെ തന്നെ മലയാള സിനിമാ രംഗത്തേക്കുള്ള വരവ് അറിയിച്ച കലാകരാനാണ് ജോണി ആന്റണി. അതിന് വർഷങ്ങള്‍ക്ക് മുമ്പ് തന്നെ സഹസംവിധായകനായി തുടങ്ങിയ അദ്ദേഹം ഏതാനും ചിത്രങ്ങളും ചെറിയ വേഷങ്ങളും ചെയ്തിരുന്നു. സി ഐ ഡി മൂസക്ക് പുറമെ കൊച്ചി രാജാവ്, തുറപ്പ് ഗുലാന്‍, ഇന്‍സ്പെക്ടർ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യാ ഭയ്യാ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന് ശേഷമാണ് ജോണി ആന്റണി അഭിനയ രംഗത്ത് കൂടുതല്‍ സജീവമാകുന്നത്. വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷന്‍ ജാവ, ഹോം, ഹൃദയം, ജോ ആന്‍ഡ് ജോ, നെയ്മർ, ജാനകി ജാനെ, കൊറോണ ധവാന്‍, മഹാറാണി തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. അഭിനയ രംഗത്ത് സജീവമാകുന്നതിനോടൊപ്പം തന്നെ സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ് അദ്ദേഹം.

ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചു തുറന്ന് പറയുകയാണ് ജോണി ആന്റണി. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുമായി ആദ്യം ഒന്നിക്കുന്നത് തുറപ്പ് ഗുലാനിലൂടെയാണ്. 2006 ജനുവരി 25 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. അന്ന് രാവിലെയാണ് എന്റെ ഇളയ മകള്‍ പിറക്കുന്നത്. അതു കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത് 'അവള്‍ ഭാഗ്യവുമായിട്ടായിരിക്കും വന്നിരിക്കുന്നത്' എന്നായിരുന്നു. പറഞ്ഞത് പോലെ അവള്‍ ഭാഗ്യവുമായിട്ടായിരുന്നു വന്നത്. തുറപ്പുഗുലാന്‍ വലിയ വിജയമായെന്നും ജോണി ആന്റണി പറയുന്നു.
അടുത്ത ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കൊന്നുമില്ല. അഭിനയം നല്ല രീതിയില്‍ ആസ്വദിച്ച് തന്നെ മുന്നോട്ട് പോകുന്നുണ്ട്. അത് അങ്ങോളം തുടരട്ടേയെന്നാണ് ആഗ്രഹം, അതിനുള്ള സാഹചര്യം ഒരുങ്ങട്ടേയെന്ന് പ്രാർത്ഥിക്കുന്നു. സംവിധാനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമോ. സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം എന്തായാലും വരുമെന്നാണ് പ്രതീക്ഷ.
ബേസില്‍ ജോസഫ് എന്ന് പറയുന്നത് നല്ലൊരു വ്യക്തിയാണ്. നമുക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു അനിയനെപ്പോലെ തോന്നും. ഒരു ഓമനത്തമുണ്ട്. ഭയങ്കര നിഷ്കളങ്കനാണ്, അതുപോലെ നല്ല ബുദ്ധിമാനും. വളർന്ന് വന്ന സാഹചര്യമൊക്കെ കൃത്യമായി മനസ്സിലാക്കി, ഒരു മനുഷ്യനെപ്പോലും മുഷിപ്പിക്കാത്ത, വളരെ കൃത്യതയോടെ വർക്ക് ചെയ്ത് പോകുന്ന ഒരു വ്യക്തിയാണ് ബേസില്‍ ജോസഫ് എന്നും ജോണി ആന്റണി പറയുന്നു.
മമ്മൂക്ക എന്ന് പറയുന്നത് എല്ലാവർക്കും ഒരു റോള്‍ മോഡലാണ്. ഒരു സിനിമാ പ്രവർത്തകന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരാളാണ് മമ്മൂട്ടിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുള്ളിയുടെ അച്ചടക്കമുള്ള ജീവിതം, സിനിമയോടുള്ള പാഷന്‍, വ്യത്യസ്തത കണ്ടെത്താനുള്ള അന്വേഷണം, പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള മനസ്സ് ഇതെല്ലാം മാതൃകയാണ്.
സിനിമയോട് ഇത്രയേറെ അടങ്ങാത്ത അഭിനിവേശമുള്ള ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കാണാറില്ല. കാണുമ്പോള്‍ വയറ് കൂടുന്നുണ്ട് കുറയ്ക്കണം എന്നൊക്കെ പറയും. പുകവലിയുള്ള സമയത്ത് 'ജോണീ.. വയസ്സ് നാല്പ്പത് കഴിഞ്ഞില്ലേ.. വലി നിർത്തൂ' എന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് പടങ്ങള്‍ വാരിവലിച്ച് ചെയ്യരുത്. നോക്കിയും കണ്ടും വേണം സിനിമ തിരഞ്ഞെടുക്കാന്‍ എന്ന് പറയും. മൊത്തത്തില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് മമ്മൂക്കയെ എന്നും ജോണി ആന്റണി പറയുന്നു.












Click it and Unblock the Notifications