'ദിലീപിന്റെ സിനിമ വിജയിക്കണം, അയാള്‍ ഇവിടെ ഉണ്ടാകണം..' ജോണി ആന്റണി പറയുന്നു
ദിലീപിന്റെ 150-ാമത്തെ സിനിമ എന്ന ലേബലില്‍ വന്ന ചിത്രമാണ് പ്രിന്‍സ് ആന്റ് ഫാമിലി. മേയ് ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ദിലീപിനെ കൂടാതെ സിദ്ദീഖ്, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, റാനിയ തുടങ്ങിയവരാണ് പ്രിന്‍സ് ആന്റ് ഫാമിലിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ നിന്ന് ഭേദപ്പെട്ട പ്രതികരണം ലഭിച്ച സിനിമയാണ് പ്രിന്‍സ് ആന്റ് ഫാമിലി. നവാഗത സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമ വിജയിക്കണം എന്ന് എല്ലാവര്‍ക്കും വലിയ ആഗ്രഹമുണ്ടായിരുന്നു എന്നും അതിന് കാരണം ദിലീപ് എന്ന ഘടകമാണ് എന്നും പറയുകയാണ് ജോണി ആന്റണി.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണി ആന്റണിയുടെ പ്രതികരണം. ദിലീപ് ഇവിടെയൊക്കെ ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിലീപിന്റെ അടുത്ത സുഹൃത്തായ ജോണി ആന്റണി അദ്ദേഹത്തെ വെച്ച് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജോണി ആന്റണിയുടെ ആദ്യ രണ്ട് സിനിമകളും (സിഐഡി മൂസ, കൊച്ചിരാജാവ്) ദിലീപിനൊപ്പമായിരുന്നു.
2007 ല്‍ ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന സിനിമയും ജോണി ആന്റണി - ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. നിലവില്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജോണി ആന്റണി സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്നും അറിയിച്ചിരുന്നു. ജോണി ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഈ സിനിമയോട് എല്ലാവരും പ്രത്യേക താല്‍പര്യത്തോടെയാണ് സമീപിച്ചത്. പ്രത്യേകിച്ച് ബിന്റോയുടെ ആദ്യത്തെ സിനിമ. ദിലീപിന്റെ 150-ാമത്തെ സിനിമ എന്നൊക്കെയുണ്ട്. ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു. ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ. കാര്യം അത് എനിക്കോര്‍ക്കാതിരിക്കാന്‍ പറ്റില്ല. കൊച്ചിരാജാവ് എന്ന പടം ഫസ്റ്റ് കോപ്പിയായി ഞാന്‍ ഇങ്ങോട്ട് വരികയാണ്.
ആ സമയം എനിക്ക് ഒരു കോള്‍ വരികയാണ്. ഇന്നസെന്റേട്ടന്റെ കോളാണ്. ജോണിയാ, ഞാന്‍ ഇന്നസെന്റാണ്. എങ്ങനെയുണ്ട് നിന്റെ പടം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ചേട്ടാ നന്നായിട്ടുണ്ട്, ഒരുവിധം വിശ്വാസം ഉണ്ട് എന്ന്. ആ പടം ഓടണം, അയാള്‍ ഇവിടെ ഉണ്ടാകണം. ഞാന്‍ ദിലീപിനെ വിളിച്ച് പറഞ്ഞു ദിലീപേ നിന്റെ അപ്പന്‍ വിളിച്ച് കേട്ടോ എന്ന്. അപ്പോള്‍ ദിലീപ് ചോദിച്ചു ഏ എന്റെ അപ്പനോ എന്ന്.
അപ്പോള്‍ ഞാന്‍ പറഞ്ഞു നിന്റെ സിനിമയിലെ അപ്പന്‍ എന്ന്. ഇന്നസെന്റേട്ടന്‍ എന്നോട് പറഞ്ഞതാ അയാളിവിടെ ഉണ്ടാകണം എന്ന്. അതിപ്പോള്‍ ഓര്‍ക്കുമ്പോഴും എന്തോ പോലെ ആണ്. എന്ന് പറഞ്ഞത് പോലെ ദിലീപ് ഇവിടെ ഉണ്ടാകണം.'












Click it and Unblock the Notifications