ജോജുവിന്റെ 'പണി'; ഭീഷണിയിൽ പ്രതികരണവുമായി നടൻ; വിളിച്ചതിന് കാരണം ഇതാണ്
'പണി' സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ പങ്കിട്ടയാളെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സിനിമയുടെ സംവിധായകൻ കൂടിയായ ജോജു ജോർജ്. പല ഗ്രൂപ്പുകളിലും നെഗറ്റീവ് റിവ്യൂ പങ്കിട്ടതിനാലും സിനിമയുടെ സ്പോയിൽ പറഞ്ഞതിനാലുമാണ് നെഗറ്റീവ് റിവ്യൂ എഴുതിയ ആദർശ് എന്നയാളെ വിളിച്ചത് എന്നാണ് ജോജു തന്റെ വീഡിയോയിൽ പറയുന്നത്. ജോജുവിന്റെ വാക്കുകളിലേക്ക്
'വളരെ അത്യാവശ്യമുള്ള കാര്യം പറയാനുള്ളതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺകോൾ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ഒരു വേദി കിട്ടിയത് കൊണ്ടാണ് ഇപ്പോൾ പറയുന്നത്. ദയവായി ഇക്കാര്യങ്ങൾ നല്ല അർഥത്തിൽ തന്നെ എടുക്കണം. ഈ സിനിമയെ സംബന്ധിച്ച് ഞാൻ രക്ഷപ്പെട്ട സന്തോഷത്തിലാണെന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് പൈസ നിക്ഷേപിച്ച പടമാണ് . ആദ്യ ദിവസം സിനിമക്കെതിരെ ഡീഗ്രേഡിങ് നടന്നു, പക്ഷെ ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. ഭാഗ്യം എന്ന് പറയാം. അതിന് ശേഷം ഈ സിനിമയുടെ നെഗറ്റീവ് പ്രിന്റുകൾ വന്നു. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നു. ഞാൻ ഒരാളെ പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്.

സിനിമ ഇഷ്ടമല്ലെങ്കിൽ അല്ല എന്ന് തന്നെ പറയണം. എന്നാൽ ഈ വ്യക്തി സിനിമയുടെ റിവ്യൂ ഒരുപാട് ഗ്രൂപ്പുകളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. പല കമന്റുകളിലും പോയി ഈ സിനിമ കാണരുതെന്നും എഴുതി. വളരെ കഷ്ടപ്പാടാണ് ഒരു സിനിമ വിജയിക്കാൻ. എന്നെ സംബന്ധിച്ച് ഇതൊരു ജീവിത പ്രശ്നമാണ്. ഞാൻ നിർമ്മാതാവും കൂടിയാണല്ലോ. ഞാൻ അദ്ദേഹത്തെ വിളിച്ചത് അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കിലല്ല, റിവ്യൂ പറയണം , സിനിമ മോശമാണെങ്കിൽ അതും പറയണം. പക്ഷെ അദ്ദേഹം ഇത് ഒരുപാട് ഇടത്ത് കോപ്പി പേസ്റ്റ് ചെയ്തു.
ബോധപൂർവ്വം ചെയ്തതാണ്. എന്റെ രണ്ട് വർഷത്തെ അധ്വാനമാണ് സിനിമ. അതുകൊണ്ടാണ് ഞാൻ അയാളെ വിളിച്ച് സംസാരിച്ചത്. എനിക്ക് കിട്ടിയ രേഖകൾ വെച്ച് ഞാൻ നിയമപരമായി തന്നെ മുന്നോട്ട് പോകും. എനിക്ക് ഇയാളെ വ്യക്തിപരമായി അറിയുക പോലും ഇല്ല മുൻപരിചയം ഉണ്ടാകാൻ. കരുതിക്കൂട്ടി ഇങ്ങനെ ഒരാൾ ചെയ്യുമ്പോഴുള്ള ദേഷ്യവും പ്രയാസവുമൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ പ്രതികരിക്കും. കാരണം എന്റെ ജീവിതമാണ്. ഞാൻ അത്രയും റിസ്ക് എടുത്തിട്ടുണ്ട്. എന്റെ ദേഷ്യമോ, ധാഷ്ട്യമോ അഹങ്കാരമോ ഒന്നുമല്ല പ്രകടിപ്പിക്കുന്നത്. ഇങ്ങനെ ഉപദ്രവിക്കുമ്പോൾ പ്രതികരിക്കും.
സിനിമയുടെ സ്പോയിലർ റിവ്യൂ ചെയ്യുന്നവർ പ്രചരിപ്പിക്കാറില്ല. ഇതിലെ മെയിൻ കാര്യം പറഞ്ഞിട്ടാണ് റിവ്യൂ എഴുതിയിരിക്കുന്നത്. വ്യക്തിപരമായി ഈ സിനിമ കാണാൻ ഞാൻ സജസ്റ്റ് ചെയ്യില്ല എന്നൊക്കെ അയാൾ കമന്റ് ചെയ്തത് എന്റെ കൈയ്യിൽ ഉണ്ട്. ഇത്രയും ചെയ്തതിന്റെ ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. കിട്ടണം എനിക്ക്. നിയപരമായി തന്നെ ഉത്തരം കിട്ടണം. റിവ്യൂവർമാർ മറ്റ് പേജുകളിൽ കൊണ്ടുപോയി അവരുടെ റിവ്യൂ ഇടാറില്ല, ഇയാൾ പലയിടത്തും കോപ്പി പേസ്റ്റ് ചെയ്തു.












Click it and Unblock the Notifications