ദേവരയിലെ ജൂനിയർ എന്‍ടിആറിന്റെ പ്രതിഫലം കേട്ടോ? ഒരു മലയാള സിനിമയുടെ ബജറ്റിനും മുകളില്‍
ആർ ആർ ആർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂനിയർ എന്‍ടിആർ അഭിനയിക്കുന്ന ചിത്രമാണ് ദേവര. കൊരട്ടാല ശിവയാണ് താരത്തിന്റെ മുപ്പതാമത് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ചിത്രമായ ദേവര പാന്‍ ഇന്ത്യ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. യുവസുധ ആർട്ട്‌സും എന്‍ ടി ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.
ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. 2024 ഏപ്രില്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങിയവരും പ്രവർത്തിക്കുന്നു.

രണ്ട് പാർട്ടുകളായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ആർ ആർ ആറിന്റെ വന്‍ വിജയത്തിന് പിന്നാലെ എത്തുന്ന ചിത്രത്തിലെ ജുനിയർ എന്‍ ടി ആറിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിട്ടുണ്ട്. ദേവരയില്‍ അഭിനയിക്കുന്നതിനായി 60 കോടിയോളും രൂപയാണ് എന്‍ ടി ആറിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. അതായത് ഒരു മലയാള ചിത്രം നിർമ്മിക്കുന്നതിനേക്കാള്‍ കുടിയ തുകയാണ് ജൂനിയർ എന്‍ ടി ആറിന്റെ പ്രതിഫലം.
ബോളിവുഡ് താരമായ സെയ്ഫ് അലിഖാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തിനായി 10 മുതല്‍ 13 കോടി വരെയാണ് സെയ്ഫ് അലിഖാന്റെ പ്രതിഫലമെന്നും ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. അതുപോലെ ജാഹ്നവി കപൂറിന്റെ പ്രതിഫലം 5 കോടിയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് 300 കോടിയെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ ദിവസം ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു ജൂനിയർ എന്‍ടിആർ രക്ഷപ്പെട്ടത്. ഒരാഴ്ചയായി ജപ്പാനിൽ അവധി ആഘോഷിക്കുകയായിരുന്നു താരം. ഭൂകമ്പങ്ങൾക്കിടെയാണ് ജൂനിയർ എൻടിആർ ജപ്പാൻ വിട്ടത്. എൻ.ടി.ആർ ജപ്പാനിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ താൻ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയതായും ജപ്പാനിൽ ഉണ്ടായ ഭൂകമ്പങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്ന് താരം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications