2009 ന് ശേഷം ഒറ്റ ഹിറ്റില്ല, എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി; ജൂഹിയുടെ ആസ്തിക്ക് പിന്നില്‍
ബോളിവുഡിലെ എക്കാലത്തേയും ജനപ്രിയ നടിമാരില്‍ ഒരാളാണ് ജൂഹി ചൗള. 1980 കളുടെ അവസാനം തൊട്ട് ഹിന്ദി സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ജൂഹി ചൗള മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സിലെ നായികയുമായിരുന്നു. 1984 ല്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട ജൂഹി ചൗള 1986 ല്‍ ആണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി ഏറ്റക്കുറച്ചിലുകള്‍ കണ്ട കരിയറായിരുന്നു ജൂഹിയുടേത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണെങ്കിലും 2009 ന് ശേഷം ഒറ്റ ഹിറ്റ് പോലും ജൂഹി ചൗളയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണം ജൂഹി ചൗളയ്ക്ക് സ്വന്തമാണ്. ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങി സൂപ്പര്‍ നായികമാര്‍ വന്നെ ജൂഹിക്ക് പിന്നിലാണ്.

ജൂഹി ചൗളയുടെ ആസ്തി 4,600 കോടി രൂപയാണ് എന്നാണ് അടുത്തിടെ ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2024 വെളിപ്പെടുത്തിയത്. ഐശ്വര്യ, പ്രിയങ്ക, ആലിയ ദീപിക എന്നിവരുടെ മൊത്തം ആസ്തിയേക്കാള്‍ വളരെ കൂടുതലാണ് ഇത്. 2009 ന് ശേഷം ഒരു ഹിറ്റ് പോലുമില്ലാത്ത, ഇടയ്ക്ക് മാത്രം സിനിമകള്‍ ചെയ്യുന്ന ജൂഹി ചൗള എങ്ങനെയാണ് ഇത്രയും സമ്പത്തിന് ഉടമയായത് എന്ന് പരിശോധിക്കാം.
ബിസിനസുകാരനും വ്യവസായിയുമായി ജയ് മേത്തയെ ആണ് ജൂഹി ചൗള വിവാഹം കഴിച്ചത്. വിവാഹത്തോടെ സിനിമകളുടെ എണ്ണം കുറച്ച താരം ഭര്‍ത്താവിന്റെ ബിസിനസുകളിലും ഭാഗമായിരുന്നു. ഉറ്റസുഹൃത്തായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനുമായി ചേര്‍ന്ന് നിരവധി ബിസിനസ് സംരംഭങ്ങളില്‍ ജൂഹി ചൗള പങ്കാളിയാണ്. ഐപിഎല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഷാരൂഖ് ഖാനൊപ്പം ജൂഹിയും സഹ ഉടമയാണ്.
ഷാരൂഖിന്റെ റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സഹസ്ഥാപകയുമാണ് താരം. ജൂഹി ചൗളയുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് സിനിമയില്‍ നിന്നുള്ളതാണ്. ഷാരൂഖ് ഖാനും ജൂഹി ചൗളയും ജയ് മേത്തയും ചേര്‍ന്ന് 2007-ല്‍ 75.09 മില്യണ്‍ ഡോളറിന് അതായത് 623 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ടീമിനെ വാങ്ങുന്നത്. ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച് ടീമിന്റെ നിലവിലെ മൂല്യം 1.1 ബില്യണ്‍ ഡോളറാണ്, അതായത് 9,139 കോടി രൂപ!
ഇതിനുമുമ്പ്, 2001-ല്‍ ഷാരൂഖും ജൂഹിയും ചേര്‍ന്ന് ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു. ജയ് മേത്തയുടെ മേത്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സൗരാഷ്ട്ര സിമന്റ് ലിമിറ്റഡിന്റെ ഓഹരി ഉടമ കൂടിയാണ് ജൂഹി. മലബാര്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന മേത്തയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് ദമ്പതികള്‍ താമസിക്കുന്നത്.
ഇരുവര്‍ക്കും മുംബൈയില്‍ രണ്ട് റെസ്റ്റോറന്റുകളും ഉണ്ട്. ചന ദാസ്വാട്ടെ പുനര്‍രൂപകല്‍പ്പന ചെയ്ത പോര്‍ബന്തറിലെ ഹില്‍ ബംഗ്ലാവ് എന്ന ആഡംബര വസതിയും ദമ്പതികളുടെ സ്വന്തമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജൂഹി ചൗള കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. 3.3 കോടി രൂപ വിലമതിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്, 1.8 കോടി രൂപയ്ക്ക് ബിഎംഡബ്ല്യു 7, 1.7 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, ജാഗ്വാര്‍ എക്സ്ജെ, 1.2 കോടി രൂപ വിലമതിക്കുന്ന പോര്‍ഷെ കയെന്‍ എന്നിങ്ങനെ നിരവധി ആഡംബര കാറുകള്‍ താരത്തിന് ഉണ്ട്.
നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായ നടി, മാഗി, പെപ്സി, കുര്‍കുറെ, റൂഹ് അഫ്സ, കെല്ലോഗ്സ് ചോക്കോസ്, കെഷ്‌കിംഗ് ആയുര്‍വേദിക് ഓയില്‍, ഗായ് ബാനസ്പതി, അശോക പിക്കിള്‍സ്, ഇമാമി ബോറോപ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നുണ്ട്. ജലക് ദിഖ്ലാ ജാ പോലുള്ള റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും ജൂഹി എത്തിയിരുന്നു.












Click it and Unblock the Notifications