ഐശ്വര്യയും ദീപികയും അടുത്തെങ്ങുമില്ല: സമ്പത്തില്‍ കേമി ഈ നടി, നാലായിരം കോടിക്കും മേലെ
ദീപിക പദുക്കോണും ആലിയ ഭട്ടും ഐശ്വര റായിയും പോലെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാർ വാഴുന്ന ലോകമാണ് ബോളിവുഡ്. ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ 20 കോടി രൂപവരെയാണ് ദീപിക പദുക്കോണ്‍ പ്രതിഫലമായി വാങ്ങിക്കാറുള്ളതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആലിയ ഏകദേശം 15 കോടി രൂപയും വാങ്ങിക്കുന്നു. എന്നാല്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നരയായ നടി ഇവരൊന്നും അല്ലെന്നാണ് യാഥാർത്ഥ്യം.
ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെയെല്ലാം മറികടന്ന് ജൂഹി ചൗളയാണ് ബോളിവുഡിലെ എന്നല്ല രാജ്യത്തെ തന്നെ ഏറ്റവും ധനികയായ നടിയായി മാറിയിരിക്കുന്നത്. ഐശ്വര്യ റായ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരുടെയെല്ലാം മൊത്തം സമ്പത്തിനേക്കാള്‍ കൂടുതലാണ് ജൂഹി ചൗളയുടെ ആസ്തി. നടി എന്നതിനോടൊപ്പം വിജയം കൈവരിച്ച ഒരു സംരഭക കൂടിയാണ് ജൂഹി ചൗള.

ഹുറൂൺ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടിക പ്രകാരം ജൂഹി ചൗളയുടെ ആസ്തി 4600 കോടി രൂപയാണ് (580 മില്യൺ ഡോളർ). നടിമാരുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലുള്ള ജൂഹി ചൗള ഇന്ത്യയിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ കാര്യത്തിൽ സുഹൃത്തും ബിസിനസ് പങ്കാളി കൂടിയായ ഷാരൂഖ് ഖാന് പിന്നില്‍ രണ്ടാമതായി വരും എന്നതാണ് ശ്രദ്ധേയം.
2009 ന് ശേഷം ഒരു ഹിറ്റ് സിനിമ പോലും ജൂഹി ചൗളയ്ക്ക് ഇല്ല. അതുകൊണ്ട് തന്നെ സിനിമ മേഖലയില്‍ നിന്നുള്ള വരുമാനവും അവരെ സംബന്ധിച്ച് കുറവാണ്. 2009-ൽ പുറത്തിറങ്ങിയ ലക്ക് ബൈ ചാൻസ് എന്ന ചിത്രമാണ് ജൂഹി ചൗളയുടേതായി പുറത്തിറങ്ങിയ അവസാന ഹിറ്റ് ചിത്രം. സിനിമ എന്നതിന് പുറത്ത് താരത്തിന്റെ പ്രധാന വരുമാന മാർഗ്ഗം ബിസിനസ്സ് സംരംഭങ്ങളിൽ നിന്നാണ്,
ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് ഗ്രൂപ്പിലെ പങ്കാളിത്തതോടെ വലിയ വരുമാന താരത്തിന് ലഭിക്കുന്നു. റെഡ് ചില്ലീസിന്റെ സഹസ്ഥാപക എന്ന നിലയില്‍ കമ്പനി നിർമ്മിക്കുന്ന സിനിമകളുടെ സഹ-നിർമ്മാതാവും ഐ പി എല്ലി ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ്. റെഡ് ചില്ലീസില്‍ നിന്നുള്ള വരുമാന മാർഗ്ഗത്തിന് പുറമെ ഭർത്താവ് ജയ് മേത്തയ്‌ക്കൊപ്പം ചേർന്നുള്ള വിവിധ നിക്ഷേപങ്ങളും താരത്തിനുണ്ട്.
ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും ജൂഹി ചൗളയ്ക്കുണ്ട്. 3.3 കോടി രൂപയുടെ ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എന്നിവയ്ക്ക് പുറമെ 1.8 കോടി രൂപയോളം വിലവരുന്ന ബിഎംഡബ്ല്യു 7 സീരീസ്, 1.7 കോടിയുടെ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, 1.2 കോടിയുടെ ജാഗ്വാർ എക്‌സ്‌ജെ 1.35 കോടിയുടെ പോർഷെ കയെൻ എന്നിവയാണ് താരത്തിന്റെ ഗാരേജിലുള്ള വില കൂടിയ വാഹനങ്ങള്‍.
സമ്പത്തിന്റെ കാര്യത്തില്‍ ജൂഹിക്ക് പിന്നില്‍ ഏറം ദൂരം പിന്നിലായി രണ്ടാമതായിട്ടുള്ളത് ഐശ്വര്യ റായ് ബച്ചനാണ്. 100 മില്യൺ ഡോളറിലധികം, അതായത് ഏകദേശം 850 കോടി രൂപയാണ് ഐശ്വര്യ റായിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയ്ക്ക് 650 കോടിയുടേയും ആസ്ഥിയാണുള്ളത്. പട്ടികയില്‍ ആലിയ ഭട്ട് നാലാം സ്ഥാനത്തും ദീപിക പദുക്കോണ്‍ അഞ്ചാം സ്ഥാനത്തുമാണ്.












Click it and Unblock the Notifications