'കാതൽ' എന്തുകൊണ്ട്? മമ്മൂട്ടി തന്നെ പറയുന്നു.. 'കൺഫ്യൂഷനെ' കുറിച്ച് ജിയോ ബേബിയും
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി ഒരുക്കിയ കാതൽ തിയറ്ററുകളിൽ റിലീസായിരിക്കുകയാണ്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിനൊപ്പം തന്നെ മമ്മൂട്ടിയടക്കമുള്ളവരുടെ പ്രകടനത്തിനും കൈയ്യടിക്കുകയാണ് ആരാധകർ. അതിനിടെ സിനിമയ്ക്ക് കാതൽ എന്ന പേര് എന്തുകൊണ്ടെന്ന് നൽകിയെന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം പറഞ്ഞത് വായിക്കാം
'കാതൽ ഒരു പരീക്ഷണ ചിത്രമെന്നൊന്നും പറയരുത്. എല്ലാ സിനിമയും പരീക്ഷണമാണ്. പുതിയ കഥകൾ, വിഷയങ്ങൾ, അവതരണങ്ങൾ എല്ലാം കാണാനുള്ള മലയാളി പ്രേക്ഷകരുടെ താത്പര്യമാണ് പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകാൻ മലയാള സിനിമയെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകരാണ് വളരുന്നത്. അതനുസരിച്ചാണ് സിനിമ വളരുന്നത്. മലയാള സിനിമ എന്നത് ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സിനിമ രംഗമായി മാറാൻ കാരണം ക്വാളിറ്റിയുള്ളത് കൊണ്ട്.
കാതൽ എന്ന സിനിമയ്ക്ക് തിരഞ്ഞെടുത്ത വിഷയം വിപ്ലവകരമായ വിഷയം തന്നെയാണ്. നിങ്ങൾ ഉദ്ദേശിക്കുന്നതോ കേട്ടതോ ആയ വിഷയങ്ങൾ അല്ല സിനിമയിൽ ഉള്ളത്. കാതൽ എന്നാൽ മലയാളത്തിൽ വളരെ അധികം പ്രയോഗിക്കുന്ന വാക്കാണ്. കാതൽ എന്നാൽ ഉൾക്കാമ്പ് എന്നതാണ് ഉദ്ദേശിക്കുന്നത്. ആ വാക്ക് ഒരിക്കലും അന്യമായ വാക്കല്ല. കാതൽ എന്ന വാക്ക് മലയാളികൾ ഉപയോഗിക്കുന്നത് തന്നെയാണ്. പക്ഷേ അർത്ഥ വ്യത്യാസം ഉണ്ട്. കാതൽ എന്നത് തമിഴിൽ പ്രണയം എന്നാണ്. കാതൽ എന്ന് മലയാളത്തിലും അതേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്',അദ്ദേഹം പറഞ്ഞു.

' ആദ്യം ഈ പേര് വേണോ എന്നാലോചിച്ചിരുന്നു. പക്ഷെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്തു പോകെ അതാണ് ഏറ്റവും അനുയോജ്യം എന്ന് തോന്നി. മമ്മൂക്കയുടെ അടുത്തേക്ക് എങ്ങനെ എത്തും എന്നത് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെങ്കിലും മമ്മൂക്ക തന്നെയായിരിക്കും ഈ കഥാപാത്രത്തിന് മികച്ചത് എന്ന് ഞാൻ പറഞ്ഞിരുന്നു. മമ്മൂക്കയുടെ അടുത്ത് ഈ വിഷയം കൃത്യമായി എത്തിക്കാൻ സാധിച്ചത് കൊണ്ടാണ് ഈ സിനിമ സംഭവിച്ചത്', ജിയോ ബേബി പറഞ്ഞു.
അതേസമയം മറ്റൊരു അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും മമ്മൂട്ടി പറഞ്ഞിരുന്നു. പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ലെന്നും മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
'പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നുമില്ല. കല്യാണത്തിനു മുമ്പും പ്രേമിക്കാം കല്യാണത്തിന് ശേഷവും പ്രേമിക്കാം. ഒരാളെ തന്നെ പ്രേമിക്കണമെന്നേ ഉള്ളൂ. മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.പ്രണയിക്കുന്ന ആൾ നമ്മുടെ ഇണയാണ്. ഇണായെന്ന് പറഞ്ഞാൽ തന്നെ എല്ലാ തരത്തിലും തുല്യമാവും. രണ്ട് പേരും ഇണകളാണ്,അതാണ് സ്ത്രീ പുരുഷ ബന്ധം. ഇണയും പരസ്പരം തുണയുമാണ്.', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ..












Click it and Unblock the Notifications