'നടി സുകന്യയെ വ്യക്തിയെന്ന നിലയിൽ ഇഷ്ടമല്ല, എന്നോട് അവർ സംസാരിച്ചിട്ടേ ഇല്ല'; പ്രകാശ് പോൾ പറയുന്നു
കൊച്ചി: ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ഹൊറർ സീരിയലായിരുന്നു 'കടമറ്റത്ത് കത്തനാർ'. പുരോഹിതന്റെ അത്ഭുതകഥകളായിരുന്നു സീരിയൽ പറഞ്ഞിരുന്നത്. നടൻ പ്രകാശ് പോളായിരുന്നു സീരിയയിൽ കത്തനാരുടെ വേഷം അഭിനയിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു താൻ ആ വേഷത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് ഇപ്പോൾ ജിവി പ്രകാശ്. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഡ്യൂപ്പായിട്ടാണ് ഞാൻ ആ സീരിയലിലേക്ക് എത്തിയത്. എന്നാൽ ഇയാളെ തന്നെ എന്തുകൊണ്ട് സീരിയയിൽ അഭിനയിപ്പിച്ചൂട എന്ന ചിന്തയാണ് കത്തനാരുടെ വേഷം എന്നിലേക്ക് എത്തിയത്. ഏകദേശം ഒരു വർഷത്തോളമായിരുന്നു സീരിയൽ ഉണ്ടായിരുന്നത്. നീലിയെ പോലൊരു പ്രേതത്തെ അടക്കി നിർത്താൻ കഴിവുള്ളൊരാളായിട്ടാണ് പ്രേക്ഷകർ എന്നെ കണ്ടത്, അല്ലാതെ ഒരു നടനായിട്ടല്ല. കത്തനാരായി അഭിനയിച്ചെങ്കിലും ഈ അമാനുഷികശക്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല. പ്രേതത്തതിലൊന്നും എനിക്ക് വിശ്വാസമില്ല. ഞാൻ ജീവിതത്തിൽ പ്രേതത്തെ കണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഞാൻ വിശ്വസിക്കുന്നത്', പ്രകാശ് പോൾ പറഞ്ഞു.

സീരിയലിൽ നീലിയായി അഭിനയിച്ച നടി സുകന്യയെ കുറിച്ചും നടൻ സംസാരിച്ചു.
'പലരും നീലിയായി അഭിനയിച്ചെങ്കിലും സുകന്യയുടെ നീലിയാണ് കൃത്യമായ നീലി.സുകന്യ എന്ന നടിയെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് അത്ര ഇഷ്ടവുമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി,അത്രേ ഉള്ളൂ, അല്ലാതെ പ്രത്യേകം ഒരു കാരണം വെച്ച് പറഞ്ഞതല്ല. എന്റെ തോന്നൽ അതാണ്. അങ്ങനെ പറഞ്ഞുവെന്നേ ഉള്ളൂ.
വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം. സുകന്യയെന്ന് പറയുന്ന വ്യക്തിയെക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു.
അധികം ആരോടും സംസാരിക്കാറില്ല. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയുണ്ടാവില്ല. സീനിൽ പറയുന്ന ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ.
ഞാൻ നാടകത്തിലൊന്നും അഭിനയിച്ചിട്ടില്ല. അങ്ങനെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു നാടകത്തിന്റെ റിഹേഴ്സൽ കണ്ടു, അതോടെ നാടകത്തിൽ അഭിനയിക്കാനാകില്ലെന്ന് പറഞ്ഞ് തിരിച്ചുവന്ന ആളാണ് ഞാൻ. എന്റെ ജീവിത രീതിയും നാടകക്കാരുടെ ജീവിത രീതിയും തമ്മിൽ ഒത്തുപോകില്ലെന്ന് മനസിലായി. നാടകത്തിലാകുമ്പോൾ കുറെ യാത്ര പോകണമായിരുന്നു. ഞാൻ ആണെങ്കിൽ അന്ന് വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാനും ഭാര്യയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. എന്റേത് രജിസ്റ്റർ വിവാഹം ആയിരുന്നു.
ലൗ മാരേജ് ആണോ ചോദിച്ചാൽ ലൗ കം അറേഞ്ച്ഡ് മാരേജ് എന്ന് പറയാം. എന്റെ വീടിന് പുറകിലുള്ള വീട്ടിലെ ഒരു അമ്മ എന്നോട് ഒരു തവണ വിവാഹത്തെ കുറിച്ച് സംസാരിച്ചു. വിവാഹം കഴിക്കുന്നില്ലേയെന്ന് ചോദിച്ചു. അതുവരെ ഞാൻ അതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. അങ്ങനെയെങ്കിൽ അവർക്കൊരു മകൾ ഉണ്ട്. അവരെ വിവാഹം കഴിക്കാമെന്ന് കരുതി. ഞാൻ ഇത് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ഞാനല്ല, അവളുടെ അച്ചാച്ചനാണ് തീരുമാനിക്കുന്നത്. അദ്ദേഹം ബാങ്കിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു.
വൈകീട്ട് അദ്ദേഹം വന്നപ്പോൾ ഞാൻ ചോദിച്ചു. അദ്ദേഹം വിരണ്ട് പോയി കാരണം പെണ്ണിന് 18 വയസ് ആയിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരവർഷം കഴിഞ്ഞ് ആലോചിക്കാമെന്ന് പറഞ്ഞു. കൃത്യം ഒന്നരവർഷം കഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു. അപ്പോൾ പ്രകാശ് വേറെ പണി നോക്കാൻ പറഞ്ഞു. അതെനിക്ക് ഇഷ്ടമായില്ല. അങ്ങനെ അവളോട് ഞാൻ സംസാരിച്ചു. രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു', താരം പറഞ്ഞു.












Click it and Unblock the Notifications