ദിലീപ് ആ സിനിമയിലേക്ക് വരാന്‍ കാരണം ഞാന്‍; അന്ന് അദ്ദേഹം താരമല്ല: സുരേഷ് ഗോപിയെക്കൊണ്ടും ഗുണമുണ്ടായി
കലാഭവന്‍ മലയാള സിനിമ ലോകത്തിന് സംഭാവന ചെയ്ത അനേകം താരങ്ങളില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് കലാഭവന്‍ അന്‍സാർ. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ അദ്ദേഹം ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യകാല ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മാനത്തെ കൊട്ടാരം. റോബിനുമായി ഒന്നിച്ച് തിരക്കഥ എഴുതിയ ചിത്രം തന്‍റെ ജീവിത കഥയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് മാസ്റ്റർബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ അന്‍സാർ പറയുന്നു.
മാനത്തെകൊട്ടാരം എന്ന സിനിമ എന്‍റെ അനുഭവമാണ്. എനിക്ക് ഒരു സോഡാ കമ്പനി ഉണ്ടായിരുന്നു. കോളേജ് കഴിഞ്ഞ ഉടനെ ഞാനും കലാഭവന്‍ റഹ്മാനും ചേർന്നാണ് സോഡ കമ്പനി ആരംഭിക്കുന്നത്. ആ സമയത്ത് തന്നെ സിനിമ ഭ്രാന്തും ഉണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമയയായ അരവിന്ദന്‍റെ പോക്കുവെയിലില്‍ അഭിനയിച്ചിരുന്നു.

സോഡ കമ്പനി ആണെങ്കിലും പറയുമ്പോള്‍ സോഡ ഫാക്ടറിയാണ്. അതാണ് മാനത്തെ കൊട്ടാരത്തിന്റെ ത്രെഡ്. സിനിമ എന്ന് പറയുന്നത് എനിക്ക് വലിയ ഭ്രാന്തായിരുന്നു. ആ സിനിമയെ ഞാന്‍ ഒരു നടിയാക്കി മാറ്റി. ആ നടിയുടെ പുറകെ മൂന്നാല് ആളുകള്‍ നടക്കുന്നു. നിർമ്മാതാവ് പറഞ്ഞത് ജഗദീഷ്, മുകേഷ് തുടങ്ങിയവരെയൊക്കെ അഭിനയിപ്പിക്കാം എന്നായിരുന്നു. എന്നാല്‍ അതിനേക്കാള്‍ നല്ലത് ദിലീപ്, അശോകന്‍ തുടങ്ങിയവരൊക്കെ മതി എന്നായിരുന്നു എന്‍റെ നിർദേശമെന്നും കലാഭവന്‍ അന്‍സാർ പറയുന്നു.
അന്ന് ദിലീപ് വലിയ തിരക്കുള്ള താരമൊന്നും ആയിട്ടില്ല. ഓർക്കിഡ് എന്ന ഹോട്ടലിലേക്ക് ദിലീപിനെ വിളിച്ച് വരുത്തി സുനിലിന് പരിചയപ്പെടുത്തുകയും ചില ഡയലോഗുകള്‍ പറയിപ്പിക്കുകയും ചെയ്തു. നാദിർഷയെ കൊണ്ടുവരുന്നത് ദലീപാണ്. ഷിയാസിനെയായിരുന്നു ആ റോളിലേക്ക് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരു ദിവസം രാത്രിയാണ് ഞാനും ദിലീപും കാറെടുത്ത് നാദിർഷയുടെ വീട്ടില്‍ പോയി സിനിമയിലേക്ക് വിളിക്കുന്നത്. നാദിർഷയേയും കൂട്ടിയുള്ള ആ വരവ് എനിക്ക് ഇന്നും ഓർമ്മയുണ്ട്.
സിനിമയില്‍ കഴിവ് തന്നെയാണ് പ്രധാനം. ദിലീപ് എന്ന് പറയുന്നത് അപാര കഴിവുള്ള വ്യക്തിയാണ്. നമ്മള്‍ ഒരു കാര്യം കൊടുത്തു കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റേതായ ചില സാധനങ്ങള്‍ കൂടെ ഇടും. അത് ഗംഭീരമായിരിക്കും. മാനത്തെ കൊട്ടാരത്തിന്റെ കഥയില്‍ എനിക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇത് ഇത്ര വലിയ വിജയം ആകുമെന്നൊന്നും വിചാരിച്ചിരുന്നില്ല. അന്നും ഇന്നും താരങ്ങളേക്കാള്‍ കഥയിലാണ് എനിക്ക് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിനിമ എന്ന് പറയുന്നത് ജാഡകളുടെ ഒരു ലോകമാണ്. അറിയപ്പെട്ട് തുടങ്ങിയാല്‍ ശരീര ഭാഷയിലും ശ്വാസത്തിലും വരെ മാറ്റം വരും. എനിക്ക് അത് ഇഷ്ടമല്ല, അങ്ങനെ കാണിക്കുന്ന വ്യക്തിയുമല്ല. അതായത് ഒരു ജാഡകളുടേയും പിറകെ പോകില്ല. ആരുടേയും പുറകെ പോയി കാലുപിടിച്ച് കഥ പറയാന്‍ നില്‍ക്കില്ല. ആർട്ടിസ്റ്റിന്റെ മേലെ നില്‍ക്കുന്ന കഥ ഉണ്ടാക്കുക എന്നതാണ് പ്രധാനം. അത്തരം ഒരു ചിത്രമായിരുന്നു മാനത്തെ കൊട്ടാരം.
മാനത്തെ കൊട്ടാരത്തിന്റെ കഥ ആദ്യം പറഞ്ഞത് ശോഭനയോടായിരുന്നു. അവർക്ക് ഇഷ്ടമായി. എന്നാല്‍ ഫാസില്‍ സാറിന്റെ ഒരു പടവുമായി ഡേറ്റിന്റെ പ്രശ്നം വന്നു. അങ്ങനെയാണ് ഖുഷ്ബുവിനോട് പോയി കഥ പറയുന്നു. അവർക്കും നല്ല രീതിയില്‍ കഥ ഇഷ്ടമായി. മാർക്കറ്റിങ് എന്ന രീതിയിലാണ് സുരേഷ് ഗോപി വരുന്നത്. അത് നിർമ്മാതാവിന്റെ ഒരു താല്‍പര്യം കൂടിയായിരുന്നു. എപ്പോഴും തിയേറ്ററുകളിലേക്ക് ആളെ കിട്ടാന്‍ നല്ല നടന്മാർ തന്നെ വേണം. ആ ഗുണം അദ്ദേഹത്തെ കൊണ്ട് കിട്ടിയെന്നും അന്‍സാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications