കോടിപതിയാണ് താരിണി; ആഢംബര വീടും ഔഡി കാറും, അറിയാം കാളിദാസിന്റെ ഭാവിവധുവിനെ
മലയാളികള്‍ക്ക് എന്നും ഏറെയിഷ്ടപ്പെട്ട താരജോഡികളാണ് ജയറാമും പാർവ്വതിയും. നിരവധി സിനിമകളില്‍ ഒന്നിച്ച ഇരുവരും ജീവിതത്തിലും ഒന്നിച്ചു. വിവാഹത്തോടെ പാർവ്വതി അഭിനയരംഗത്ത് നിന്ന് മാറി നിന്നെങ്കിലും മകന്‍ കാളിദാസ് ജയറാം ഇപ്പോള്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
തന്റെ പ്രണയം അടുത്തിടെ ഒരു അവാർഡ് വേദിയില്‍ വെച്ച് താരം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.ചെന്നൈയിൽ നിന്നുള്ള മോഡലായ താരിണി കലിംഗരായരാണ് കാളിദാസിന്റെ ഭാവി വധു. 30 കാരനായ കാളിദാസിന് വധുവായി എത്തുന്നത് താരിണിയുടെ പ്രായം കേവലം 23 വയസ്സാണ്. എന്നാല്‍ ഇതിനോടകം തന്നെ അഭിമാനകരമായ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് താരിണി.

16-ാം വയസ്സിൽ ഫാഷന്റെ ലോകത്തേക്ക് ചുവടുവച്ച വ്യക്തിയാണ് താരിണി. കുട്ടിക്കാലത്തെ വെല്ലുവിളികളെ മനക്കരുത്തുകൊണ്ട് അതിജീവിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമായിരുന്നു ഒരോ നേട്ടങ്ങളും. താരിണിയെയും സഹോദരിയെയും ഏറെ കഷ്‌ടപ്പാടുകൾ സഹിച്ച് അമ്മ മാത്രമാണ് വളർത്തിയതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമം എന്ന സ്കൂളിലായിരുന്നു പഠനം.
ചെന്നൈയിലെ എം ഒ പി വൈഷ്ണവ് കോളേജ് ഫോർ വിമനിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം നടത്തുമ്പോഴാണ് മോഡലിങ് വളരെ പ്രധാന്യത്തോടെ എടുക്കാന്‍ തുടങ്ങിയത്. ഇതോടൊപ്പം തന്നെ ചലച്ചിത്ര നിർമ്മാണവും താരിണി പഠിച്ചിരുന്നു. 2019 ല്‍ മിസ് തമിഴ്നാട് കിരീടം ചൂടിയതോടെ മോഡലിങ് രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 2021ൽ മിസ് ദിവാ എന്ന സൗന്ദര്യ മത്സരത്തിൽ തേർഡ് റണ്ണർ അപ്പുമായി.
മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് തുടങ്ങിയ നേട്ടങ്ങൾ കൂടി താരത്തെ തേടിയെത്തിയിട്ടുണ്ട്. പരസ്യങ്ങളും സ്പോൺസർഷിപ്പ് ഡീലുകളും നൽകുകയും വഴി ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യവും താരം ഇതിനോടകം നേടിയതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ, ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായിട്ടുണ്ട്. മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ് താരിണി.
ഷി അവാർഡ് വേദിയില്‍ വെച്ചായിരുന്നു താരിണി കലിംഗരായരുമായുള്ള തന്റെ പ്രണയം കാളിദാസ് ജയറാം തുറന്ന് പറയുന്നത്. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍ തങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കാളിദാസ് തുറന്ന് പറയുകയായിരുന്നു.












Click it and Unblock the Notifications