പ്രഭാസിനെയും നിഷ്പ്രഭമാക്കി ബിഗ് ബിയുടെ വിളയാട്ടം; കല്‍ക്കി ആദ്യദിനം നേടിയത്
ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ബ്രഹ്‌മാണ്ഡ സിനിമ എന്ന ഖ്യാതിയുമായി ഇന്നലെയാണ് കല്‍ക്കി 2898 എ ഡി റിലീസ് ചെയ്തത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങി കല്‍ക്കി 2898 എ ഡിയില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ശോഭന, ദിഷ പടാനി, പശുപതി, അന്ന ബെന്‍, ശാശ്വത ചാറ്റര്‍ജി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ഉള്ളത്.
കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവര്‍കൊണ്ട എന്നിവര്‍ അതിഥി വേഷത്തിലും എത്തുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദു പുരാണങ്ങളെ അധികരിച്ചൊരുക്കിയ ഒരു സയന്‍സ് ഫിക്ഷന്‍ ഡിസ്റ്റോപ്പിയന്‍ ചിത്രമാണ് കല്‍ക്കി. കല്‍ക്കി യൂണിവേഴ്‌സില്‍ ഇനിയും ചിത്രങ്ങളെത്തും എന്നാണ് വിവരം.

ബോക്‌സോഫീസ് കളക്ഷന്‍ അനലിസ്റ്റ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ദിവസം തന്നെ ലോകമെമ്പാടുമായി 180 കോടി രൂപയ്ക്ക് അടുത്ത് ചിത്രം നേടി എന്നാണ് പറയുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ലഭിച്ച മൂന്നാമത്തെ ചിത്രം എന്ന റെക്കോഡും കല്‍ക്കിക്ക് ലഭിച്ചു. ഇന്ത്യയിലെ നാല് ഭാഷകളിലുമായി 95 കോടി രൂപയാണ് ചിത്രം നേടിയത്.
ഇന്ത്യയിലാകെ 115 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. ഓവര്‍സീസ് കണക്കുകള്‍ കൂടി ചേര്‍ത്താല്‍ 'കല്‍ക്കി 2898 എഡി' ആദ്യ ദിനം തന്നെ 180 കോടിയില്‍ എത്തും. ഏകദേശം 65 കോടി രൂപയാണ് ചിത്രത്തിന്റെ വിദേശ കളക്ഷന്‍. ഇന്നലെ വൈകുന്നേരം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിഫൈനല്‍ മത്സരം സിനിമയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യ കളക്ഷന്‍ വരാനിരിക്കെ ഇതായിരിക്കും സിനിമയുടെ ഭാവി നിര്‍വചിക്കുക.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് 85.15 ശതമാനം ഒക്യുപെന്‍സിയാണ് രേഖപ്പെടുത്തിയത്. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', 'ബാഹുബലി 2' എന്നീ ചിത്രങ്ങളാണ് ആദ്യദിന കളക്ഷനില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും ഒന്നിച്ച ആര്‍ആര്‍ആര്‍ ആദ്യ ദിനം 223 കോടി രൂപ നേടിയപ്പോള്‍ പ്രഭാസ് നായകനായ 'ബാഹുബലി 2' ആദ്യ ദിനം 217 കോടി രൂപയാണ് നേടിയത്.
ഈ വമ്പന്‍ കളക്ഷനോടെ കല്‍ക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാര്‍ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) സഹോ (130 കോടി), ജവാന്‍ (129 കോടി) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ മറികടന്നു. അതേസമയം 2024 ലെ ആറ് മാസങ്ങള്‍ക്കുള്ളില്‍ ബോക്സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ഒരേയൊരു ബിഗ് ബജറ്റ് ചിത്രവും കല്‍ക്കിയാണ്.
ബോളിവുഡില്‍ ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ കൂട്ടുകെട്ടില്‍ പിറന്ന 'ഫൈറ്റര്‍' പ്രതീക്ഷിച്ച പോലെ തിയേറ്ററില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നില്ല. ഹിന്ദിയില്‍ മാത്രം കല്‍ക്കി 22-23 കോടി നേടി. 'ഫൈറ്ററി'നേക്കാള്‍ 5 ശതമാനം കൂടുതലാണ് ഇത്. വൈജയന്തി മൂവീസ് 600 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കല്‍ക്കി എഡി 2989 ന്റെ സംഗീതം സന്തോഷ് നാരായണനാണ്.
ഛായാഗ്രഹണം ദ്‌ജോര്‍ജെ സ്റ്റോജില്‍കോവിച്ചും എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവുവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ വേഗം കുറവാണെങ്കിലും രണ്ടാം പകുതി ഗംഭീരമാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പ്രഭാസിനേക്കാള്‍ കൈയടി അമിതാഭ് ബച്ചനാണ് ലഭിക്കുന്നത്.












Click it and Unblock the Notifications