നടന്‍ മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍; അന്ത്യം കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന്
ചെന്നൈ: തമിഴ് ചലച്ചിത്ര താരം മോഹന്‍ അന്തരിച്ചു. 60 വയസായിരുന്നു. മോഹനെ മധുരയിലെ തിരുപ്പരന്‍കുണ്ഡരം മേഖലയില്‍ ജൂലൈ 31 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാകാനാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്. കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് ഭിക്ഷാടനം ചെയ്ത് ജീവിക്കുകയായിരുന്നു മോഹന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ കമല്‍ഹാസന്റെ 'അപൂര്‍വ സഗോതരരങ്ങള്‍' എന്ന സിനിമയില്‍ ശ്രദ്ധേയവേഷം ചെയ്തയാളാണ് മോഹന്‍.
1989-ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ കമല്‍ഹാസന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടായിരുന്നു മോഹന്‍ വേഷമിട്ടത്. ആര്യയുടെ 'നാന്‍ കടവുള്‍', 'അത്ഭുത മനിതര്‍കള്‍' തുടങ്ങിയ നിരവധി സിനിമകളില്‍ ഭാഗമായിരുന്നു. സേലം ജില്ലയിലെ മേട്ടൂര്‍ സ്വദേശിയാണ് മോഹന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മധുരയിലെ തിരുപ്പരന്‍കുണ്ഡരത്തേക്ക് താമസം മാറിയത്. സിനിമയില്‍ അവസരം കുറഞ്ഞതോടെയാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്.

ജൂലൈ 31 ന് മോഹന്റെ ചേതനയറ്റ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സേലത്തുള്ള കുടുംബാംഗങ്ങളെ മരണ വിവരമറിയിക്കുകയും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും താരത്തിനുണ്ട് എന്നാണ് വിവരം.
10 വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മുന്‍കാല നടന്‍മാര്‍ ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുകയാണെന്നും ഇവരെ സംരക്ഷിക്കാന്‍ നടിഗര്‍ സംഘം മുന്നോട്ട് വരണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications