കങ്കണയ്ക്ക് വിവരമില്ല, നേരില്‍ കണ്ടാല്‍ മുഖത്ത് രണ്ട് അടികൊടുക്കണം: രൂക്ഷ വിമർശനവുമായി മറ്റൊരു നടി
ഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ജനപ്രിയ പാക് നടി നൗഷീൻ ഷാ. ഇന്ത്യക്കാരിയായ നടി പാകിസ്ഥാനെ കുറിച്ച് മോശമായ കാര്യങ്ങൾ സംസാരിക്കുന്നത് രാജ്യത്തെ കുറിച്ച് അറിയാതെയാണെന്നും ഇതിന് ശക്തമായ മറുപടി കൊടുക്കണമെന്നുമാണ് നൗഷീൻ ഷാ അഭിപ്രായപ്പെടുന്നത്. 'ഹദ് കർ ദി വിത്ത് മോമിൻ സാഖിബ്' എന്ന ചാറ്റ് ഷോയിലൂടെയാണ് നൗഷീൻ കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ചത്.
'അവൾ എന്റെ രാജ്യത്തെ കുറിച്ച് പറയുന്ന രീതി, പാകിസ്ഥാൻ പട്ടാളത്തെക്കുറിച്ച് ഒരുപാട് ചീത്ത പറയുന്ന രീതി, അവളുടെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു, പക്ഷെ അവർക്ക് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നത്. അതും മറ്റൊരു രാജ്യത്തെക്കുറിച്ച്. നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ അഭിനയം, നിങ്ങളുടെ സംവിധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക... നിങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളിലും മുൻ കാമുകൻമാരിലും ശ്രദ്ധ കേന്ദ്രീകരിക്കുക.' കങ്കണ റണാവത്തിനെക്കുറിച്ച് നൗഷീൻ പറഞ്ഞു.

'പാകിസ്ഥാനിലെ ആളുകൾ മോശമായി പെരുമാറുന്നുവെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? പാകിസ്ഥാൻ സൈന്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അറിവുള്ളത്? ഞങ്ങളുടെ ഏജൻസികളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം? ഞങ്ങൾക്ക് തന്നെ അതേക്കുറിച്ച് അറിയില്ല. ഏജൻസികൾ ഞങ്ങളുടെ രാജ്യത്താണ്, സൈന്യം നമ്മുടെ രാജ്യത്തിന്റേത്, അവർ ഞങ്ങളോട് ഇക്കാര്യങ്ങൾ പങ്കുവെക്കുന്നില്ല, അവ രഹസ്യങ്ങളായ കാര്യങ്ങളാണ്' നൗഷീൻ അഭിപ്രായപ്പെടുന്നു.
കങ്കണയുടെ മികച്ച അഭിനയ വൈദഗ്ധ്യത്തെ പ്രശംസിച്ചുവെങ്കിലും ബോളിവുഡ് താരം 'തീവ്രവാദി'യെന്നാണ് പാകിസ്താന്‍ താരം വിശേഷിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും അഭിനേതാക്കൾ പരസ്പരം എങ്ങനെ ബഹുമാനിക്കണം എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നൗഷീൻ, താൻ ഇതുവരെ ഒരു ഇന്ത്യൻ അഭിനേതാക്കളെയും കണ്ടിട്ടില്ലെങ്കിലും കങ്കണയെ കാണാനും രണ്ട് അടി കൊടുക്കാനും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
'ഹാദ് കർ ദി വിത്ത് മോമിൻ സാഖിബ്' എന്ന വീഡിയോയുടെ യൂട്യൂബ് പതിപ്പിൽ 'സ്ലാപ്പ്സ്' എന്ന വാക്ക് മ്യൂട്ട് ചെയ്തിരുന്നെങ്കിലും നൗഷീന്‍ കൈകൊണ്ട് അടിക്കുന്ന ആംഗ്യം വ്യക്തമായി കാണിച്ചിരുന്നു. അതേസമയം യൂട്യൂബ് കമന്റ് ബോക്സില്‍ കങ്കണ ആരാധകരുടെ ശക്തമായ മറുപടിയും പാകിസ്താന്‍ താരത്തിന് ലഭിക്കുന്നുണ്ട്. ഏതാണ് ഈ നടിയെന്നാണ് പലരും ചോദിക്കുന്നത്. കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയുള്ള കാര്യം മറന്നാണോ ഈ പ്രസ്താവനകളെന്ന് മറ്റ് ചിലരും ചോദിക്കുന്നു.












Click it and Unblock the Notifications