ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണ് കങ്കണയുടെ തേജസ്: നാണക്കേടായി അഞ്ചാം ദിനത്തിലെ കളക്ഷന്‍
ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണ് മറ്റൊരു കങ്കണ റണാവത്ത് ചിത്രം കൂടെ. സർവ്വേഷ് മേവാര സംവിധാനം ചെയ്ത തേജസ് എന്ന ചിത്രം പ്രേക്ഷകർ പൂർണ്ണമായും കൈവിട്ട നിലയിലാണ്. ആദ്യ ദിനങ്ങളില്‍ നേരിയ തോതിലെങ്കിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവർത്തി ദിവസങ്ങളിലേക്ക് കടന്നതോടെ ചിത്രം കാണാന്‍ മിക്കയിടത്തും പത്ത് പേരെ തികച്ച് കിട്ടാനില്ലാത്ത സ്ഥിതിയായി. ഇതോടെ തിയേറ്ററുകള്‍ പ്രദർശനം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോർട്ടുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. ഹിന്ദി വിപണിയില്‍ 5.80% വരെ ഒക്യുപെൻസിയിൽ ചിത്രം 35 ലക്ഷം രൂപ കളക്ഷന്‍ മാത്രമാണ് ചൊവ്വാഴ്ച നേടിയതെന്നാണ് സിനിമ ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ മൊത്തം വരുമാനം ഇതോടെ 4.50 കോടി രൂപയിലെത്തിച്ചു. ഈ നിലയിലാണ് കളക്ഷന്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രമായി തേജസ് മാറിയേക്കും.

തിങ്കളാഴ്‌ച തേജസിന്റെ പല ഷോകളും പ്രേക്ഷകരില്ലാത്തതിനാൽ റദ്ദാക്കിയിരുന്നു. ഞായറാഴ്ചയിലെ ഒരു ഷോയ്ക്ക് എത്തിയ നൂറുപേരാണ് ഈ ചിത്രത്തിനായി വന്ന കാഴ്ചക്കാരുടെ ഏറ്റവും ഉയർന്ന കണക്കെന്നാണ് മനോജ് ദേശായി എന്ന തിയേറ്റർ ഉടമയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. "ബാക്കിയുള്ള ഷോകളിൽ സിനിമാപ്രേമികളുടെ എണ്ണം 100ൽ താഴെ മാത്രമായിരുന്നു," അദ്ദേഹം പറഞ്ഞു. മറ്റ് തിയേറ്റർ ഉടമകള്‍ക്കും പറയാനുള്ളത് സമാനമായ കഥയാണ്.
ധാക്കഡ്, തലൈവി, പംഗ, ജഡ്ജ്മെന്റൽ ഹേ ക്യാ തുടങ്ങിയ കങ്കണയുടെ പരാജയ ചിത്രങ്ങളുടെ ഗണത്തിലേക്കാണ് തേജസും അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ മണികർണിക എന്ന വന്‍ പ്രതീക്ഷയോടെ ചിത്രം മാത്രമാണ് അടുത്ത കാലത്ത് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. കട്ടി ബട്ടി, സിമ്രാൻ, റംഗൂൺ തുടങ്ങിയ തുടർച്ചയായ നാല് ഫ്ലോപ്പുകൾക്ക് ശേഷമായിരുന്നു മണികർണിക റിലീസ് ചെയ്തത്.
2006-ൽ ഗ്യാങ്‌സ്റ്റർ എന്ന റൊമാന്റിക് ത്രില്ലറിലൂടെ ആരംഭിച്ച കങ്കണയുടെ സിനിമാ ജീവിതം പരിശോധിക്കുമ്പോള്‍ 17 വർഷത്തിനിടെ താരത്തിന് അഞ്ച് ഹിറ്റുകൾ മാത്രമേ ഉള്ളു എന്നതാണ് ശ്രദ്ധേയം. 2009-ൽ പുറത്തിറങ്ങിയ റാസ് - ദി മിസ്റ്ററി കണ്ടിന്യൂസ്, ക്വീൻ, തനു വെഡ്‌സ് മനു റിട്ടേൺസ്, ലൈഫ് ഇൻ എ മെട്രോ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ തുടങ്ങിയവയാണ് കങ്കണയുടെ വിജയ ചിത്രങ്ങള്‍. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന എമർജന്‍സിയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.












Click it and Unblock the Notifications