കാനില്‍ തിളങ്ങി മലയാളി താരങ്ങള്‍; പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കനി, കൈയടി നേടി ദിവ്യയും ഹൃദുവും
കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന് അഭിമാനമായി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും നടന്‍ ഹൃദു ഹാറൂണും. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമ കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മൂന്ന് പേരും കാന്‍ വേദിയില്‍ എത്തിയത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നിരുന്നു. അതിനിടെ തന്റെ രാഷ്ട്രീയ നിലപാട് ലോകവേദിയില്‍ വ്യക്തമാക്കാനും കനി കുസൃതി മറന്നില്ല. തണ്ണിമത്തന്റെ ഡിസൈനോട് കൂടിയ ഹാന്‍ഡ് ബാഗ് കൈയിലേന്തിയ കനി പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കനിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

Image Credit: Instagram@festivaldecannes
കാനില്‍ എത്തുന്ന സെലിബ്രിറ്റികളുടെ വേഷവിധാനം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളി താരങ്ങളും ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ചില്ല. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ വസ്ത്രം. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് ഉള്ളത്. ഇതിനൊപ്പം ഹാംഗിഗ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവുമാണ് താരം ധരിച്ചിരുന്നു. ദിവ്യ പ്രഭ ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ടൈപ്പ് ഗൗണ്‍ ആണ് ധരിച്ചത്.
ബ്രാലെറ്റ് ഷര്‍ട്ടില്‍ അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. ഹൃദു ഹാറൂണ്‍ ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ധരിച്ചത്. മലയാളി താരങ്ങളുടെ കാനിലെ ചിത്രങ്ങള്‍ സിനിമാ പ്രേമികളും മറ്റും ആഘോഷമാക്കി. അടുത്തിടെ ബോക്‌സോഫീസ് ഹിറ്റായ മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി സംവിധായിക അഞ്ജലി മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്ക് വെച്ചിരുന്നു.
ഇതിനുള്ള മറുപടിയെന്നോണം ഇതാ മലയാള സിനിമയിലെ സ്ത്രീകള്‍ ലോകവേദിയില്‍ എന്ന അടിക്കുറിപ്പോടെയാണ് പലരും ദിവ്യ പ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നത്. നടി ദര്‍ശന രാജേന്ദ്രന്‍, മന്ത്രി ആര്‍ ബിന്ദു, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം എന്നിവരടക്കം ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' മികച്ച നിരൂപക പ്രശംസയാണ് നേടുന്നത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിച്ചു. മത്സരവിഭാഗത്തില്‍ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. പ്രഭ എന്ന നഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്.
കാന്‍ മത്സരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സംവിധായികയാണ് കപാഡിയ. 1994 ല്‍ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത 'സ്വം' ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.












Click it and Unblock the Notifications