ദൃശ്യവിസ്മയമൊരുക്കാൻ 'കാന്താര: ചാപ്റ്റർ 1' ; കാത്തിരിപ്പിനൊടുവിൽ ട്രെയിലർ എത്തി
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കാന്താര: ചാപ്റ്റർ 1' ന്റെ ട്രെയിലർ എത്തി. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിൽ പുറത്തിറക്കിയത് നടൻ പൃഥ്വിരാജാണ്. യുദ്ധ രംഗങ്ങളും മാസ് ആക്ഷനുകളും പ്രണയവും പകയും പോരാട്ടവും പ്രതീക്ഷയുമെല്ലാം നിറഞ്ഞ് നിൽക്കുന്നതാണ് ട്രെയിലർ. ആരാധകർക്കിടയിൽ വലിയ ആവേശം തീർക്കാൻ ട്രെയിലറിന് സാധിച്ചിട്ടുണ്ട്.
2022ൽ ദേശീയ പുരസ്കാരം നേടിയ 'കാന്താര'യുടെ പ്രീക്വലാണ് ചാപ്റ്റർ 1. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രമാണ്. ചിത്രത്തിലെ നായകനായ ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ആദ്യഭാഗത്ത് പ്രേക്ഷകർ കണ്ട കഥയിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് ചാപ്റ്റർ 1 ൽ കാണാൻ സാധിക്കുക. ഋഷഭ് ഷെട്ടി തന്നെയാണ് ഈ ചിത്രത്തിൻ്റെയും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

2022-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം സമകാലിക പശ്ചാത്തലത്തിലായിരുന്നെങ്കിൽ, പുതിയ ഭാഗം കാന്താര പ്രപഞ്ചത്തിൻ്റെ ഐതിഹാസിക വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പീരിയഡ് സ്റ്റോറിയാണ്. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുകുമിണി വസന്ത് (കനകവതി), ഗുൽഷൻ ദേവയ്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അരവിന്ദ് എസ് കാശ്യപാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി അജനീഷ് ലോക്‌നാഥ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.അനിരുദ്ധ് മഹേഷ്, ഷാനിൽ ഗൗതം എന്നിവരാണ് ഋഷഭ് ഷെട്ടിയോടൊപ്പം ചേർന്ന് തിരക്കഥയൊരുക്കിയത്. അർജുൻ രാജ്, ടോഡോർ ലാസറോവ് (ജുജി), രാം-ലക്ഷ്മൺ, മഹേഷ് മാത്യു, മിഥുൻ സിംഗ് രാജ്പുത് എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റണ്ട് കൊറിയോഗ്രാഫർമാർ. വലിയ യുദ്ധ-സംഘട്ടന രംഘങ്ങളാണ് ട്രെയിലറിൽ ഉള്ളത്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേക ഗ്രാമസജ്ജീകരണത്തിൽ നടക്കുന്ന യുദ്ധരംഗമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാഗങ്ങളിലൊന്ന്.
സുരേഷ് (എഡിറ്റർ ), വിഎഫ്എക്സ് സൂപ്പർവൈസർ സഞ്ജിത് കെ വി, സൗണ്ട് ഡിസൈനർ രാജ്കൃഷ്ണൻ എം ആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സില്ലി മോങ്ക്സ്, സ്പൈസ് മീഡിയ, ഡിവോ, ഖുഷി ആഡ്സ് എന്നിവർ ചേർന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗും പ്രചാരണ പരിപാടികളും കൈകാര്യം ചെയ്യുന്നത്. ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിർഗന്ദൂർ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ എത്തും.












Click it and Unblock the Notifications