കാവ്യയും മഞ്ജുവും ദിലീപുമൊക്കെ എനിക്ക് ഒരു പോലെ: ഞാന്‍ എവിടേയും മൊഴി മാറ്റിയിട്ടില്ല: ബിന്ദു പണിക്കർ
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിനായി സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടേയുള്ള ഒട്ടനവധി ആളുകളുടെ മൊഴികള്‍ അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഇതിലൂടെ പൊലീസ് ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ കേസിന്റെ വിചാരണ ഘട്ടത്തിലേക്ക് എത്തിയതോടെ ഇവരില്‍ പലരും കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടന്‍ സിദ്ധീഖ്, ഇടവേള ബാബു, ഭാമ ബിന്ദു പണിക്കർ തുടങ്ങിയ സിനിമ മേഖലയിലെ പ്രമുഖർ കോടതിയില്‍ മൊഴി മാറ്റിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇവർ ഉള്‍പ്പെടെ ഇരുപതോളം സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നു.

നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത് മുതല്‍ അമ്മ ഷോയുടെ റിഹേഴ്സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിനിമ താരങ്ങളില്‍ നിന്നും പ്രധാനമായും മൊഴിയെടുത്തിരുന്നത്. ഇവരെല്ലാം കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ കേസില്‍ താന്‍ കൂറുമാറിയെന്ന ആരോപണം പൂർണ്ണമായി നിഷേധിക്കുകയാണ് ബിന്ദു പണിക്കർ. സിനിമതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മാധ്യമങ്ങളില്‍ ഏറെ വിവാദമായ വാർത്തയിലെ താരത്തിന്റെ വിശദീകരണം. അഭിമുഖത്തില്‍ ഭർത്താവ് സായി കുമാറും അവർക്കൊപ്പമുണ്ടായിരുന്നു.
'ആ വിഷയത്തില്‍ എനിക്ക് ഒരു റോളും ഇല്ലായിരുന്നു. ആക്രമിക്കപ്പെട്ട നടിയാണെങ്കിലും കാവ്യ മാധവനാണെങ്കിലും മഞ്ജു വാര്യർ ആണെങ്കിലും ദിലീപാണെങ്കിലും എനിക്ക് എല്ലാവരോടും ഒരുപോലെ ആയിരുന്നു. പക്ഷെ എന്നോട് പൊലീസുകാർ ചോദിച്ചത് അവിടെ ആ സമയത്ത് അങ്ങനെ ഒരു അടിയുണ്ടായത് ബിന്ദു കണ്ടോ എന്നായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല' ബിന്ദു കൃഷ്ണ പറയുന്നു.
ഇവർ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതേ ഞാന്‍ എപ്പോഴും കണ്ടിട്ടുള്ളു. അല്ലാതെ എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലായിരുന്നു. ആദ്യം മുതല്‍ തന്നെ ഈ വിഷയത്തില്‍ ഒരേ കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. കോടതിയില്‍ ഞാന്‍ കൂറുമാറിയെന്ന് അവർ എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് എനിക്ക് അറിയില്ല.
ആ സമയത്ത് ബിന്ദുവും കല്‍പ്പന ചേച്ചിയും അവിടെ ഉണ്ടായിരുന്നുവെന്ന് സിദ്ദീഖും ദിലീപും പറഞ്ഞല്ലോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ. അപ്പോഴും ഞാന്‍ പറഞ്ഞത് 'അങ്ങനെ ഒരു സംഭവം ഞാന്‍ കട്ടിട്ടില്ല. കാണാത്ത കാര്യം എങ്ങനെയാണ് കണ്ടു എന്ന് പറയുന്നത് എന്നായിരുന്നു. പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് ഞാന്‍ കൂറുമാറിയതെന്നാണ്. അന്നും ഇന്നും എന്നും ഒരെ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ബിന്ദു പണിക്കർ പറയുന്നു.
അവർ (അന്വേഷണ സംഘം) ഇവർക്ക് കുറച്ചേ പേപ്പറുകള്‍ കൊണ്ടു കൊടുത്തിരുന്നു. എന്നിട്ട് നോക്കി പറഞ്ഞാല്‍ മതിയെന്ന് നിർദേശിച്ചു. അപ്പോള്‍ ഞാനാണ് പറയുന്നത് നീ ഇത് കണ്ട് നോക്കി പറയണ്ട. നീ കണ്ട കാര്യം പറഞ്ഞാല്‍ മതിയെന്ന്. നമ്മള്‍ പറഞ്ഞ സ്റ്റേറ്റ്മെന്റ് ഇവിടെ വന്നാണ് എടുത്തോണ്ട് പോയത്. എന്നോട് കൂടെ വന്നിരിക്കാന്‍ പറഞ്ഞപ്പോള്‍ അത് ശരിയല്ലെന്നും പറഞ്ഞ് ഞാന്‍ മുറിയില്‍ പോയി ഇരുന്നു. പിന്നീട് ഇവള്‍ പറഞ്ഞതില്‍ പലതും അവരുടെ കയ്യില്‍ ഇല്ലായിരുന്നുവെന്ന് സായി കുമാറും പറഞ്ഞു.
അതേസമയം, കേസില്‍ ദിലീപിനെതിരായ ഉറച്ച് നിന്ന ഒരു താരം കുഞ്ചാക്കോ ബോബനായിരുന്നു. ദിലീപ് ഇടപെട്ട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴി. കോടതിയിലും അദ്ദേഹം ഇത് തന്നെ ആവർത്തിച്ചു.












Click it and Unblock the Notifications