കോന്‍ ബനേഗ ക്രോര്‍പതിയില്‍ പുതിയ 1 കോടി ജേതാവ്; കോടീശ്വരനെത്തിയത് 13ാം ദിനം
ന്യൂഡല്‍ഹി: കോന്‍ ബനേഗ ക്രോര്‍പതിയുടെ 15ാം സീസണില്‍ പുതിയ കോടീശ്വരന്‍. 13 ദിവസത്തെ മത്സരത്തിലാണ് ഈ സീസണിലെ ആദ്യത്തെ കോടീശ്വരന്‍ പിറന്നത്. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരണ്‍ ഈ സീസണില്‍ ആദ്യമായി ഒരു കോടി നേടുന്ന മത്സരാര്‍ത്ഥിയാവുന്നതാണ്, ഈ റിയാലിറ്റിയുടെ ഷോയുടെ പുതിയ പ്രൊമോയിലുള്ളത്. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചന്‍ ജസ്‌കരണിനോട് 7 കോടി രൂപയുടെ അവസാന ചോദ്യം ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ഈ എപ്പിസോഡില്‍ ജസ്‌കരണ്‍ മൊത്തം എത്ര പണം നേടുമെന്ന് കാണിച്ചിട്ടില്ല. സോണി എന്റര്‍ടെയിന്‍മെന്റ് ടിവിയില്‍ ഈ എപ്പിസോഡ് സെപ്റ്റംബര്‍ 4,5 തിയതികളായി രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. സോണി എന്റര്‍ടെയിന്‍മെന്റ് ടിവിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് പുതിയ പ്രൊമോ പുറത്തുവിട്ടത്. പഞ്ചാബിലെ ഒരു ചെറു ഗ്രാമത്തില്‍ ജനിച്ച് , ഇന്നിവിടെ വരെയെത്തിയാണ് ജസ്‌കരണ്‍ ഈ നേട്ടം സ്വന്തമാക്കുന്നതെന്ന് അമിതാഭ് ബച്ചന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ജസ്‌കരണ്‍ ഒരു കോടി രൂപ സ്വന്തമാക്കിയെന്ന് അമിതാഭ് ബച്ചന്‍ പ്രഖ്യാപിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. മത്സരാര്‍ത്ഥിയുടെ വ്യക്തി ജീവിതത്തെ കുറിച്ചാണ് പിന്നീട് കാണിക്കുന്നത്. പഞ്ചാബിലെ സ്വന്തം ഗ്രാമത്തിലെ വിരലില്‍ എണ്ണാവുന്ന ബിരുദധാരികളില്‍ വരുന്നയാളാണ് ജസ്‌കരണ്‍. ഇക്കാര്യം വീഡിയോയില്‍ അദ്ദേഹം പറയുന്നു. യുപിഎസ്‌സി എന്‍ട്രന്‍സ് പരീക്ഷയ്ക്കായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്നും ജസ്‌കരണ്‍ പറയുന്നു.
ബിഗ് ബി 7 കോടിയുടെ അവസാന ചോദ്യം ജസ്‌കരണിനോട് ചോദിക്കുന്നതോടെയാണ് ഈ പ്രൊമോ അവസാനിക്കുന്നത്. കോന്‍ ബനേഗ ക്രോര്‍പതി 15 തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്ക് സോണി ടിവിയിലാണ് സംപ്രേഷണം ചെയ്യാറുളളത്. സോണി ലിവ് ആപ്പില്‍ ഷോ സ്ട്രീം ചെയ്യാവുന്നതാണ്. ചെറിയ മാറ്റങ്ങളും ഈ സീസണിലുണ്ട്.
സൂപ്പര്‍ സന്ദൂക്ക് എന്നൊരു ഓപ്ഷനും ഇതില്‍ വന്നിട്ടുണ്ട്. ഗെയിം ഷോയ്ക്കിടെ നഷ്ടമായ കാര്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഡബിള്‍ ഡിപ്പ് എന്ന ലൈഫ് ലൈനും ഇത്തവണ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പ്രേക്ഷക പങ്കാളിത്തം ഉറപ്പുവരുത്താന്‍ ദേശ് കാ സവാല്‍ എന്നൊരു ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications