ക്രിസ്ത്യൻ വധുവായി കീർത്തി; പ്രിയതമന് സ്നേഹ ചുംബനം, സ്റ്റൈലിഷായി ആന്റണിയും, വൈറലായി വിവാഹ ചിത്രങ്ങൾ
വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ആന്റണി തട്ടിലും ഡിസംബർ 12 ന് വിവാഹിതരായത്. പരമ്പരാഗത ബ്രാഹ്മിൺ വേഷത്തിലാണ് കീർത്തിയും ആന്റണിയും വിവാഹത്തിന് എത്തിയത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. വിജയ് ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു.
ഇപ്പോൾ ക്രിസ്ത്യൻ ആചാര പ്രകാരവും കീർത്തിയും ആന്റണിയും വിവാഹിതരായിരിക്കുകയാണ്. കീർത്തി തന്നെ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അച്ഛൻ സുരേഷ് കുമാറിന്റെ കൈ പിടിച്ച് വിവാഹ വേദിയിലേക്ക് കയറുന്നതിന്റെയും ഭർത്താവ് ആന്റണി തട്ടിലിനെ ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം. വെള്ള ഗൗണായിരുന്നു കീർത്തിയുടെ വേഷം. വെള്ള സ്യൂട്ടാണ് വരൻ ആന്റണി ധരിച്ചത്.

P C: Keerthy Suresh/ FB
ഡിസംബർ 12 ന് നടന്ന ചടങ്ങിൽ കീർത്തി ധരിച്ച സാരിക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മഞ്ഞയും പച്ചയും കലർന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പാഗത രീതിയിൽ നെയ്തതാണ് എന്നാണ് വിവരം. ഗോൾഡൻ വർക്കുകൾ ചെയ്തതായിരുന്നു സാരിയ. കീർത്തി എഴുതിയ പ്രണയ കവിതകൾ സാരിയിൽ തുന്നിച്ചേർത്തിരുന്നു. 405 മണിക്കൂർ കൊണ്ടാണ് ഈ സാരി നെയ്തത്.
15 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് കീർത്തി സുരേഷും ആന്റണിയും വിവാഹിതരായത്. വളരെ രഹസ്യമായാണ് താരം പ്രണയം സൂക്ഷിച്ചത്. കീർത്തി പ്ലസ്ടുവിൽ പഠിക്കുമ്പോൾ മുതൽ ആന്റണിയെ പരിചയമുണ്ട്. എഞ്ചിനിയറായ ആന്റണി ഇപ്പോൾ ബിസിനസ്സുകാരനാണ്. പല നടന്മാരുടെ പേരുമായി ചേർത്ത് കീർത്തി പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ ഉണ്ടായിരുന്നു. അപ്പോഴൊക്കെ താരം പ്രണയം രഹസ്യമായി സൂക്ഷിച്ചു. ഗോസിപ്പുകൾക്കിടയിലാണ് കീർത്തി വിവാഹിതയാവാൻ പോകുന്ന വിവരം പുറത്ത് വന്നത്.
അതേ സമയം കീർത്തി ബോളിവുഡിൽ അരങ്ങേറുന്ന ചിത്രമായ ബേബി ജോൺ റിലീസിന് ഒരുങ്ങുകയാണ്. വരുൺ ധവാനാണ് നായകൻ. ഡിസംബർ 25 നാണ് റിലീസ്. ബാലതാരമായി സിനിമയിൽ അരങ്ങേറിയ കീർത്തി പ്രയദർശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് നായികയാവുന്നത്. പിന്നീട് മറ്റ് ഭാഷകളിലും താരം അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിന് കീർത്തിക്ക് ദേശിയ അവാർഡ് ലഭിച്ചു. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് കീർത്തി.












Click it and Unblock the Notifications