മമ്മൂട്ടിയെ വീഴ്ത്തി പൃഥ്വിരാജ് മികച്ച നടന്‍? പാർവതിക്കും മേലെ ഉർവശി; പുരസ്‌കാര പ്രഖ്യാപനം 16 ന്
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ആഗസ്റ്റ് പതിനാറിന് പ്രഖ്യാപിച്ചേക്കും. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറി പുരസ്കാരങ്ങള്‍ സംബന്ധിച്ച അവസാനഘട്ട തീരുമാനങ്ങളിലേക്ക് എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ജൂറി അംഗങ്ങളായി ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരും പ്രവർത്തിച്ചു.
മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ ജനപ്രിയ പുരസ്കാരങ്ങളിലേക്കെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നതെന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച അവസാനഘട്ട ചർച്ചകളും അന്തിമ തീരുമാനവും മാത്രമാണ് ജൂറിക്ക് മുന്നിലുള്ളത്. ആദ്യഘട്ടത്തില്‍ 160 ലേറെ ചിത്രങ്ങളായിരുന്നു ജൂറിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് അമ്പതിലേക്ക് എത്തിക്കാന്‍ ജൂറിക്ക് സാധിച്ചു.

കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. പതിവ് പോലെ കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്‌ക്രീനിങ് നടക്കുന്നത്. അന്തിമ പട്ടികയിലെ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാകുന്നതോടെ ആഗസ്ത് പതിനാറിന് തന്നെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചേക്കും.
മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് ഇത്തവണ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഈ ചിത്രങ്ങള്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതവും മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്.
തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ മത്സരത്തിന് എത്തിയ ചിത്രങ്ങളും ജൂറി കാണും. മികച്ച നടനുള്ള പുരസ്കാരത്തിന് വേണ്ടിയും മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് മത്സരം. സ്‌ക്വാഡിലെയും കാതലിലെയും പ്രകടനമാണ് മമ്മൂട്ടിയെ പട്ടികയില്‍ എത്തിച്ചതെങ്കില്‍ ആടുജീവിതത്തിലെ അഭിനയത്തിലാണ് പൃഥ്വിരാജിന്റെ എന്‍ട്രി.
കടുത്ത മത്സരമാണ് മികച്ച നടനുള്ള പുരസ്കാരത്തിന് വേണ്ടി നടക്കുന്നതെങ്കിലും പൃഥ്വിരാജിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് സൂചന. ഒരു പക്ഷെ രണ്ടുപേർക്കും പുരസ്കാരമോ ഒരാള്‍ക്ക് പ്രത്യേക ജൂറി പരാമർശമോ ലഭിച്ചേക്കാം. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇതോടെ മികച്ച നടനുള്ള പുരസ്കാരം ആറ് തവണ നേടിയ നടനായി മമ്മൂട്ടി മാറി.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും സ്വന്തമാക്കിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരത്തിന് വേണ്ടി ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഉർവശിയും പാർവതിയുമാണ് മത്സര രംഗത്തുള്ളത്. മത്സരത്തില്‍ ചെറിയ മുന്‍തൂക്കം ഉർവശിക്കാണ്.
നേരത്തെ അഞ്ച് തവണ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുള്ള താരമാണ് ഉർവശി. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലൂടെയാണ് ഉർവശി പുരസ്കാരം നേടിയത്. അതേസമയം, ചാർലി, എന്ന് നിന്റെ മൊയ്തീന്‍ (2015), ടേക്ക് ഓഫ് (2017) എന്നീ ചിത്രങ്ങളിലൂടെ പാർവതിയും മികച്ച നടിയായിട്ടുണ്ട്.












Click it and Unblock the Notifications