ബോളിവുഡില്‍ പച്ച പിടിക്കാതെ ഖാന്‍, കപൂര്‍, ചോപ്രമാര്‍; ഭാഗ്യം മാത്രം പോര, പാതിവഴി വീണവര്‍
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും ശ്രീദേവിയുടെ ഇളയ മകൾ ഖുഷിയും മൂക്ക് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു വഴിയായി എന്നും രണ്ടു പേരുടെയും മൂക്കിന് ഇത്തിരി റിപ്പയർ വേണ്ടി വരുമെന്നുമാണ് ബോളിവുഡിൽ നിന്നുള്ള വാർത്ത. നമ്മളെ പറ്റി നാട്ടുകാർ അപരാധം പറഞ്ഞു കൊണ്ടിരുന്നാൽ നമ്മുടെ മൂക്ക് ചൊറിയുമെന്ന് നാട്ടിലൊരു പറച്ചിലുണ്ട് അഥവാ പ്രയോഗമുണ്ട്. ആദ്യം The Archies ഇപ്പോൾ Nadaaniyan നാദാനിയാൻ എന്ന സിനിമയിലെ മോശം പ്രകടനത്തിനാണ് രണ്ടു പേരും പരിഹാസവും വിമർശനവും ഏറ്റു വാങ്ങി കൊണ്ടിരിക്കുന്നത്. നെപ്പോട്ടിസം ബേബീസിനെ കൊണ്ട് സഹി കെട്ടു, ഇവർക്ക് ഒക്കെ ആരാണ് സിനിമ കൊടുക്കുന്നത്? ഇവർക്ക് വേറെ എന്തെങ്കിലും പണി നോക്കിയാൽ പോരേ? എന്താണിത്? നന്നായി അഭിനയിക്കാൻ അറിയുന്നവർക്ക് ഇവിടെ സിനിമ കിട്ടുന്നില്ല, അപ്പോഴാണ് ഇവരൊക്കെ ഇങ്ങനെ മനുഷ്യരെ വെറുപ്പിക്കുന്നത് എന്നു തുടങ്ങി നെപ്പോട്ടിസത്തിന് എതിരെയുള്ള ആഞ്ഞടിക്കൽ തുടരുന്നു.
ഇതിന് മുമ്പ് ഇതേ പോലെ ഒരു വലിയ വിമർശാക്രമണം നടന്നത് സോയ അക്തറിന്റെ ആർച്ചീസ് ഇറങ്ങിയപ്പോഴായിരുന്നു. അതും നെറ്റ് ഫ്ലിക്സ് അവതരിപ്പിച്ച സിനിമ ആയിരുന്നു. ഖുഷി അതിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മാത്രമല്ല ഖുഷിക്ക് ഒപ്പമുണ്ടായിരുന്നവരും നെപ്പോ ബേബീസ് ആയിരുന്നു. ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദ, കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ സുഹാന. സംവിധാനം ചെയ്തത് ജാവേദ് അക്തറിന്റെ മകളും ഫർഹാന്റെ സഹോദരിയുമായ സോയ. താരപാരമ്പര്യം തിരശ്ശീലയിലും പുറത്തും വഴിഞ്ഞൊഴുകിയ ചിത്രമായിരുന്നു ആർച്ചീസ്. ചിത്രീകരണസമയത്തും റിലീസ് സമയത്തും റിലീസിന് ശേഷവും എല്ലാം ആർച്ചീസിലെ താരങ്ങൾ പഴി കേട്ടു.

താരങ്ങളുടെ മക്കളും മരുമക്കളും പേരക്കുട്ടികളും അനന്തരവൻമാരും ചാർച്ചക്കാരുമെല്ലാം അഭിനയിക്കാനോ നിർമിക്കാനോ ഒക്കെയായി സിനിമാലോകത്ത് തന്നെ ചുറ്റിക്കറങ്ങുന്നത് ബോളിവുഡിൽ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളുടെ പഴക്കമുണ്ട് ആ കൈമാറ്റത്തിന്. വിഷയം ഒരു പ്രശ്നമായതും നെപ്പോട്ടിസത്തിന്റെ പേരിലും പിന്തുണക്കാൻ ഗോഡ് ഫാദർമാർ ഇല്ലാത്തതിന്റെ പേരിലും കഴിവുള്ളവർ തഴയപ്പെടുന്നു എന്ന വിഷയം ചർച്ചയായപ്പോഴാണ്. അങ്ങനെ തഴയപ്പെടുന്നവരുടെ വേദനയുടെയും അവർ നേരിടുന്ന അവഗണനയുടെയും അവർ അനുഭവിക്കുന്ന മാനസികസംഘർഷത്തിന്റെയും പ്രതീകമായി സുശാന്ത് സിങ് രാജ്പുത് മാറിയപ്പോൾ നെപ്പോട്ടിസം വിരുദ്ധ വാദങ്ങളുടെ ശക്തിയേറി.
തല തൊട്ടപ്പൻമാർ ഇല്ലാത്തതിന്റെ പേരിൽ ബോളിവുഡിലെത്തുന്ന ഭാഗ്യാന്വേഷികളിൽ വലിയൊരു വിഭാഗത്തിനും നിരാശപ്പെടേണ്ടി വരികയോ ഒതുങ്ങേണ്ടി വരികയോ കുറച്ചധികം കാത്തിരിക്കേണ്ടി വരികയോ ചെയ്യാറുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ മറുവശത്ത് കുടുംബപേരിന്റെ ബലത്തിൽ മാത്രം എല്ലാവർക്കും ബോളിവുഡിൽ പിടിച്ചുനിൽക്കാനായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും.
കപൂർ കുടുംബത്തിലെ അപവാദങ്ങൾ
ആദ്യത്തെ ഉദാഹരണം ബോളിവുഡിന്റെ പ്രഥമ തറവാടായ കപൂർ കുടുംബത്തിൽ നിന്ന് തുടങ്ങാം. ഇന്ത്യൻ സിനിമയുടെ ഷോമാൻ ആയ രാജ് കപൂറിന്റെ മൂന്ന് ആൺമക്കളും സിനിമയിലെത്തി. രൺധീർ കപൂറോ റിഷി കപൂറോ നേടിയ തിളക്കം ഇളയവൻ രാജീവിന് ഉണ്ടായിരുന്നില്ല. രാം തേരി ഗംഗാ മൈലി പോലൊരു സൂപ്പർ ഹിറ്റും രാജീവിന് വേണ്ടത്ര ഉയർച്ചയുടെ ആദ്യപടിയായില്ല. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച് രാജീവ് തിരശ്ശീലക്ക് പിന്നിലേക്ക് ഒതുങ്ങി. സിനിമകളുടെ എണ്ണവും വിജയവം കണക്കിലെടുത്താൽ രൺധീറിനും അച്ഛന്റെ തലപ്പൊക്കത്തിന്റെ നിഴൽ വെട്ടത്ത് എത്താൻ കഴിയില്ല. റിഷി കപൂറാണ് പിന്നെയും നീണ്ട കാലം തിളങ്ങിയത്. പ്രണയനായകനിൽ നിന്ന് വഴിമാറി നടക്കാൻ ആദ്യമുണ്ടായിരുന്ന മടി മാറ്റി വെച്ചത് കൊണ്ട്, കാലത്തിനൊപ്പം നടക്കാൻ തീരുമാനിച്ചത് കൊണ്ട്.
രാജ് കപൂറിന്റെ സഹോദരങ്ങളും പൃഥ്വീരാജിന്റെ ഇളയ മക്കളുമായ ഷമ്മി കപൂറിൻറെയും ശശി കപൂറിൻറെയും മക്കളും ബോളിവുഡിലെ സെറ്റുകളിൽ ഇരുപ്പുറപ്പിച്ചില്ല. അവരുടെ അമ്മമാരും അഭിനേതാക്കളായിരുന്നു എന്ന് ഓർക്കണം. ഷമ്മിയുടെ മകൻ ആദിത്യ ചില സിനിമകളിൽ മുഖം കാണിച്ചു, സംവിധാനത്തിൽ സഹായിച്ചു. പിന്നെ ബിസിനസിലേക്ക് കളം മാറി. ശശിയുടെ മൂത്ത മകൻ കുനാൽ ആകെ മുഖം കാണിച്ചത് എട്ട് സിനിമകളിൽ(1972-2019). പിന്നെ കുനാൽ പേരെടുത്തത് പരസ്യ ചിത്രനിർമാണത്തിൽ . രണ്ടാമത്തെ മകൻ കരൺ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർ. ഒരു കാലത്ത് ഇന്ത്യക്ക് അകത്തും പുറത്തും യുവതികളുടെ മനം കവർന്ന സുന്ദരനായിരുന്നു പൂച്ചക്കണ്ണുള്ള കരൺ. ബോംബെ ഡൈയിങ് പരസ്യങ്ങളുടെ മറുവാക്കായിരുന്ന കരൺ അഭിനയിച്ച സിനിമകളുടെ എണ്ണം എടുക്കാൻ പത്ത് വിരലു പോലും വേണ്ട. മുത്തച്ഛന്റെ പേരിലുള്ള തീയേറ്റർ നോക്കി നടത്താനാണ് ശശിയുടെ മകൾ സഞ്ജന പരിശ്രമിച്ചത്. പൃഥ്വി തീയേറ്ററിന് പിന്നാലെ ജുനൂർ തീയേറ്റർ എന്ന സ്വന്തം പ്രസ്ഥാനവുമായി സഞ്ജന അച്ഛൻ വഴിയും അമ്മ വഴിയും ഉള്ള നാടകബന്ധം തുടരുന്നു. സിനിമ സഞ്ജനയെ ആകർഷിച്ചില്ല. വർഷങ്ങൾക്കിപ്പുറം കുനാലിന്റെ മകൻ സഹാൻ ഇപ്പോൾ ഓഡീഷനുകൾ പിന്നിട്ട് പതുക്കെ പതുക്കെ ശ്രദ്ധിക്കപ്പെടുന്ന രണ്ട് കഥാപാത്രങ്ങളായി അഭിനയരംഗത്ത് ചുവട് വെച്ചിരിക്കുന്നു. ചിത്രങ്ങളുടെയും റോളുകളുടെയും കാര്യത്തിൽ വേറിട്ട തെരഞ്ഞെടുപ്പുകളുമായി.
പാവം അഭിഷേക്, ട്വിങ്കിൾ...വൈകിയെത്തിയ തിളക്കം
അഗസ്ത്യയുടെ അരങ്ങേറ്റത്തെ ആക്ഷേപിച്ചവർ അഭിഷേക് ബച്ചന്റെ കഷ്ടപ്പാട് സൗകര്യപൂർവം മറക്കുന്നു. അമിതാഭ് ബച്ചൻറെയും ജയാഭാദുരിയുടേയും മകൻ സ്വന്തം മേൽവിലാസത്തിൽ വിജയം നേടിത്തുടങ്ങിയതും നിരൂപകപ്രശംസ നേടിത്തുടങ്ങിയതും ഏറെ കഷ്ടപ്പെട്ടിട്ടാണ്. അഭിഷേകിന് സ്വന്തം മേൽവിലാസമുണ്ടാക്കൽ ഒട്ടും എളുപ്പമായിരുന്നില്ല. അച്ഛനും അമ്മയും സൂപ്പർ താരങ്ങളായിട്ടും ട്വിങ്കിലും റിങ്കിയും സിനിമയിൽ തിളങ്ങിയില്ല. രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മൂത്തമകൾ അഭിനയിച്ചത് ഇരുപതിൽ താഴെ സിനിമകളിലാണ്. ട്വിങ്കിൾ തിളങ്ങിയത് കോളമിസ്റ്റായും ഇനറീരിയർ ഡിസൈനറായും. അനിയത്തി റിങ്കിയാകട്ടെ അഭിനയിച്ചത്പ ത്തിൽ താഴെ മാത്രം
രക്ഷപ്പെടാത്ത സഹോദരങ്ങൾ
അച്ഛൻ സലീംഖാന്റെ തലപ്പൊക്കവും മൂത്ത സഹോദരൻ സൽമാൻ ഖാന്റെ വിജയത്തിളക്കവും അർബാസിനെയും സൊഹൈലിനെയും സഹായിച്ചില്ല. അവരെല്ലാവരും കൂടി അവതരിപ്പിച്ച പുതുമുഖങ്ങൾ ബോളിവുഡിൽ ഒന്നും രണ്ടുമല്ല എന്നതും കൂടി ഓർക്കണം. കാജലിന്റെ സഹോദരി തനീഷക്കും കുറച്ചു കാലം അടുത്ത സ്നേഹിതനായിരുന്ന ഉദയ് ചോപ്രക്കും ബോളിവുഡിൽ മേൽവിലാസമുണ്ടാക്കാൻ കുടുംബബന്ധങ്ങൾ തുണയായില്ല. തനീഷക്ക് അമ്മ തനൂജയുടെ അഭിനയപാരമ്പര്യവും അച്ഛൻ ഷോമുവിന്റെ നിർമാണ സംവിധാന പാരമ്പര്യവും രക്ഷയായില്ല. അഭിനയമോഹം മാറ്റി വെക്കേണ്ടി വന്ന ഉദയിന് യാഷ് ചോപ്രയെന്ന ബോളിവുഡിന്റെ വടവൃക്ഷത്തിന്റെ തണലിൽ നിർമാണത്തിന്റെ കണക്കുപുസ്തകങ്ങളാണ് രക്ഷയായത്. അമീർഖാൻറെ സഹോദരൻ ഫൈസൽ ഖാനും പാരമ്പര്യം കൊണ്ട് രക്ഷപ്പെടാത്ത താരസഹോദരനാണ്.
കിങ് ഖാൻ എന്നാ സുമ്മാവാ
ഖാൻ, കപൂർ, ചോപ്ര....ശരിയാണ്. ഇത്തരം ചില സർനെയിമുകൾ കുറേ പേർക്ക് തുടക്കം എളുപ്പത്തിലാക്കിയിട്ടുണ്ട്. വാതിലുകൾ പെട്ടെന്ന് തുറന്നു നൽകിയിട്ടുണ്ട്. പക്ഷേ അത് ബോളിവുഡിൽ സ്ഥിരപ്പെടുത്തൽ ഉറപ്പ് നൽകിയിട്ടില്ല. അത് നേടിയവർ പ്രതിഭയുള്ളവരാണ്. കഷ്ടപ്പെട്ട് അധ്വാനിച്ചവരാണ്. ഏറ്റവും മികച്ച ഉദാഹരണം ബോളിവുഡിന്റെ കിങ് ഖാൻ തന്നെ. ഷാരൂഖ് ഖാൻ ബോളിവുഡിന്റെ ബാദ്ഷാ സ്ഥാനം നേടിയത് പാരമ്പര്യത്തിന്റെ ബാഗും തൂക്കിയിട്ടല്ല. കഷ്ടപ്പെട്ട് തന്നെ നടന്നെത്തിയാണ്. ആയുഷ്മാൻ ഖുരാനക്ക് ദേശീയ പുരസ്കാരവും പ്രേക്ഷകപ്രീതിയും ആരും വെള്ളിത്തളികയിൽ വെച്ച് നീട്ടിയതല്ല. വിക്രാന്ത് മസ്സി, ജയ് ദീപ് അഹ്‍ലാവത്ത് അങ്ങനെ നിരവധി പേർ. ഐശ്വര്യ റോയിക്കും ദീപിക പദുക്കോണിനും പ്രിയങ്ക ചോപ്രക്കും വഴിയൊരുക്കിയത് സൗന്ദര്യമത്സരങ്ങളും ഫാഷൻ ഷോയും. അനുഷ്ക ശർമ ഓഡീഷൻ പരീക്ഷണങ്ങൾ നേരിട്ട് തന്നെയാണ് എത്തിയത്. അഭിനയിക്കാൻ അറിയും എന്ന് തെളിയിച്ചതു കൊണ്ടാണ് വിദ്യാ ബാലനെയും തപ്സി പൊന്നുവിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സിനിമയെടുക്കാൻ ആളെത്തിയത്.
ഭാഗ്യം is a must പക്ഷേ..
സിനിമയിൽ എല്ലാ കാലത്തും ഭാഗ്യത്തിന് ഒരു റോളുണ്ട്. കാൾ ഷീറ്റ് ഇല്ലാത്ത, നിശ്ചിത ദിവസമോ സമയമോ ഇല്ലാത്ത ഒരു റോൾ ആണ് ഭാഗ്യത്തിനുള്ളത്. ഭാഗ്യം കൂടെ കൂടിയതു കൊണ്ടോ കുടുംബത്തിന്റെ മേൽവിലാസം ഉന്തിതള്ളി വിട്ടതു കൊണ്ടോ പക്ഷേ നിരവധി പേർ മോഹിച്ചെത്തുന്ന സിനിമാലോകത്തെ മത്സരത്തിൽ ജയിച്ചു കയറാൻ കഴിയില്ല. അതിന് നല്ല അധ്വാനവും അർപണ ബോധവും കഴിവും വേണം.
എവിടെ ആർക്ക് ഏത് വീട്ടിൽ ജനിക്കുന്നു എന്നത് ഒരാളുടെ സ്വന്തം തീരുമാനമോ തെരഞ്ഞെടുപ്പോ അല്ല. അതു കൊണ്ട് തന്നെ ജന്മം എവിടെയായി എന്നതിന്റെ സൗകര്യവും അസൗകര്യവും ഒരാളുടെ ബാധ്യതയുമല്ല. അതൊരാളെ ഒരു പാതയിൽ നിശ്ചയമായും എത്തിക്കുമെന്ന് തന്നെ കരുതുക, പക്ഷേ ആ പാതയിൽ മുന്നേറാൻ കഴിയുക സ്വന്തം സിദ്ധി കൊണ്ട് തന്നെയാണ്. സ്വന്തം ഇച്ഛാശക്തി കൊണ്ട് തന്നെയാണ്. സ്വന്തം അധ്വാനം കൊണ്ടാണ്. അതുണ്ടോ എന്ന് നോക്കൂ. മുന്നേറുന്നുണ്ടോ എന്ന് നോക്കൂ. എന്നിട്ട് മാർക്കിടൂ.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications