നടിയുടെ 15 വയസ് മുതല്‍ രഹസ്യ ബന്ധം, ഡേറ്റിങ്: വിവാദച്ചുഴിയില്‍ കെ ഡ്രാമ സൂപ്പർ സ്റ്റാർ കിം സൂ ഹ്യൂണ്‍
ആഗോള വിനോദ വാർത്ത മേഖലയില്‍ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് കെ ഡ്രാമ സൂപ്പർ സ്റ്റാർ കിം സൂ ഹ്യൂണും (Kim Soo-Hyun) അന്തരിച്ച നടി കിം സെയ് റോണും (Kim Sae-Ron) തമ്മിൽ രഹസ്യബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍. നടിയുടെ 15 വയസ്സ് മുതല്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന ദക്ഷിണ കൊറിയയിലെ ഒരു പ്രമുഖ യൂട്യൂബ് ചാനലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
മരണപ്പെട്ട കിം സെയ് റോണിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗാരോസെറോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന യൂട്യൂബ് ചാനല്‍ അവകാശപ്പെടുന്നത്. നടിയുടെ കുടുംബത്തിലെ ഒരു വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണവും ചാനല്‍ തങ്ങളുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച കിം സൂ ഹ്യൂണ്‍ യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

24 വയസുകരിയായ കിം സെയ് റോണിനെ അവരുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 17 നാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയില്‍ അടക്കം നിരവധി ആരാധകരുള്ള ലിസൻ ടു മൈ ഹാര്‍ട്ട്, ദ ക്വീൻസ് ക്ലാസ് റൂം, ഹായ്! സ്കൂൾ-ലവ് ഓൺ തുടങ്ങിയ കെ-ഡ്രാമകളിലൂടെയാണ് കിം പ്രശസ്തയാകുന്നത്. നടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കിം സെയ് റോണിന് 15 വയസ്സുള്ളപ്പോള്‍ നടന്‍ അവരുടെ ഡേറ്റ് ചെയ്തിരുന്നുവെന്നാണ് വീഡിയോയിലെ പ്രധാന ആരോപണം. അന്ന് കിം സൂ ഹ്യൂണിന് പ്രായം 27 ആയിരുന്നു. കഴിഞ്ഞ വർഷം നടി കിം സൂ ഹ്യൂണിനൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നെങ്കിലും അത് നിമിഷ നേരം കൊണ്ട് തന്നെ പിന്‍വലിക്കപ്പെട്ടു. ഈ സംഭവും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചർച്ചയാകുന്നുണ്ട്.
2019 ൽ സെ-റോൺ കിം സൂ-ഹ്യുണിന്റെ മാനേജ്മെന്റ് കമ്പനിയായ ഗോൾഡ് മെഡലിസ്റ്റിൽ ചേർന്നുവെന്നും തന്റെ മുൻ ലേബലായ വൈ ജി എന്റർടൈൻമെന്റുമായുള്ള കരാർ നീട്ടാൻ തീരുമാനിച്ചില്ലെന്നും വീഡിയോ അവകാശപ്പെടുന്നു. 2022 മെയ് വരെ ആറ് വർഷത്തോളം ഇവരുടെ ബന്ധം തുടർന്നു. സോളിലൂടെ നടി മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഇരുവരുടേയും പ്രണയത്തേയും ബാധിക്കുകയായിരുന്നു. വാഹനഅപകടത്തില്‍ താരം പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും ആ സംഭവം അവരുടെ കരിയറിനെ വലിയ രീതിയില്‍ തന്നെ ബാധിച്ചു.
ഈ സമയത്ത് കിം സൂ-ഹ്യുനും അദ്ദേഹത്തിന്റെ കമ്പനിയായ ഗോൾഡ് മെഡലിസ്റ്റും സാഹചര്യം കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുകയും ഏകദേശം 483000 ഡോളർ നഷ്ടപരിഹാരത്തിനായി നല്‍കുകയും ചെയ്തു. എന്നാല്‍ ഗോൾഡ് മെഡലിസ്റ്റുമായുള്ള കരാർ അവസാനിച്ചതിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. 2024 ൽ പണം തിരികെ നൽകാൻ ഏജൻസി കിം സെയ്-റോണിന് നിയമപരമായ നോട്ടീസ് അയച്ചു. ഇതോടെ കിം സൂ-ഹ്യുനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്‍ അവരുടെ കോളുകൾക്ക് മറുപടി നൽകിയില്ലെന്നും ചാനല്‍ ആരോപിക്കുന്നു.
കിം സൂ-ഹ്യുന്റെ ഏറ്റവും പുതിയ സീരീസായ ക്വീൻ ഓഫ് ടിയേഴ്‌സ് സംപ്രേഷണം ആരംഭിച്ച ഈ സമയത്ത് തന്നെയാണ് ഇരുവരുടേയും ചിത്രം നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്നത്. 483000 ഡോളർ തിരികെ നല്‍കാന്‍ കഴിയാത്തതിന്റെ സമ്മർദത്തില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആന്റി ആരോപിക്കുന്നത്. ഇതോടെയാണ് നടന്റെ ഏജന്‍സി നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നത്. എന്നാല്‍ കിം സെയ്-റോണിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള കൂടുതല്‍ വെളിപ്പെടുത്തല്‍ പങ്കുവെച്ചുകൊണ്ടാണ് ഗരോസെറോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരിച്ചടിച്ചത്.
ചാനല്‍ പുറത്തുവിട്ട തെളിവുകള്‍ക്കിടയില്‍ 2023 മാർച്ച് 19 ന് സൂ-ഹ്യുണിന് കിം സെയ്-റോണിൽ നിന്ന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശവും ഉണ്ടായിരുന്നു. പണം തിരികെ നൽകാൻ കുറച്ച് സമയം നൽകണമെന്ന് നടി അപേക്ഷിക്കുന്നതാണ് ടെക്സ്റ്റ് മെസേജിലെ ഉള്ളടക്കം. കൂടാതെ, കിം സൂ-ഹ്യുൻ അവളുടെ കവിളില്‍ ചുംബിക്കുന്ന 2016 ലെ ഒരു ചിത്രവും കിം സെയ്-റോണ്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കിം സൂ-ഹ്യുൻ നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ്. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നതുവരെ നടനുമായുള്ള ബന്ധം വിച്ഛേദിച്ചതായി നിരവധി ബ്രാൻഡുകളും ടെലിവിഷൻ ഷോകളും പ്രഖ്യാപിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications