കെ-ഡ്രാമ സൂപ്പർ സ്റ്റാറിന് കലികാലം: കിം സൂ ഹ്യൂണിന്റെ പുതിയ സീരീസ് നോക്ക് ഓഫിന്റെ ഭാവി തുലാസില്‍
കിം സൂ ഹ്യൂണുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസ്നി പ്ലസ് നിർമ്മിക്കുന്ന കെ-ഡ്രാമ 'നോക്ക് ഓഫി'ന്റെ ഭാവി അനിശ്ചിതത്വത്തില്‍. കെ-ഡ്രാമ സൂപ്പർ സ്റ്റാറിനെ തന്നെ പ്രധാന കഥാപാത്രമാക്കി നിർമ്മിക്കുന്ന നോക്ക് ഓഫിന്റെ റിലീസിനായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് നടി കിം സെയ് റോണിന്റെ മരണത്തിന് കാരണം കിം സൂ ഹ്യൂണ്‍ ആണെന്ന തരത്തിലുള്ള ആരോപണം ഉയർന്ന് വരുന്നത്.
തെളിവുകള്‍ അടക്കം പുറത്ത് വന്നതോടെ കിം സൂ ഹ്യൂണുമായി സഹകരിക്കുന്ന ബ്രാന്‍ഡുകള്‍ അടക്കം താല്‍ക്കാലികമായെങ്കിലും കരാറുകളില്‍ നിന്ന് പിന്മാറി. ഇതോടെയാണ് നോക്ക് ഓഫിന്റെ ഭാവിയും അനിശ്ചിതത്തിലായത്. വിവാദം അടങ്ങുന്നത് വരെ സ്പോൺസർമാരില്‍ ചിലർ കിം സൂ ഹ്യൂണുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നാണ് സൂചന.

വിവാദങ്ങൾ ശക്തമാണെങ്കിലും അതൊന്നും നോക്ക് ഓഫിന്റെ നിർമ്മാണത്തെന ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് ഡിസ്നി പ്ലസ് അറിയിക്കുന്നത്. മുന്‍കൂട്ടി തീരുമാനിച്ചത് പോലെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും 2025 ന്റെ ആദ്യ പകുതിയിൽ പരമ്പര റിലീസ് ചെയ്യുമെന്നുമാണ് വിവാദങ്ങളുടെ തുടക്കത്തില്‍ കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യം സീരിസിന്റെ നിർമ്മാണത്തെ തന്നെ ബാധിച്ചിരിക്കുന്നുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വിവാദം അടങ്ങിയതിന് ശേഷം മാത്രമായിരിക്കാം സീരിസിന്റെ റിലീസ്, അല്ലെങ്കില്‍ നിർമ്മാണം തന്നെ പൂർണ്ണമായി ഉപേക്ഷിക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. നിലവിലെ സാഹചര്യം തങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് നോക്ക് ഓഫിന്റെ സ്പോൺസർമാരില്‍ ഒരാളായ സേഫ്റ്റി സോൺ കൊറിയയുടെ സി ഇ ഒ പാർക്ക് കി-പ്യോ തുറന്ന് സമ്മതിക്കുകയും ചെയ്തു.
കിം സെയ്-റോണിന്റെ മരണത്തില്‍ കിം സൂ-ഹ്യുനിന് പങ്കുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോയാണ് വിവാദങ്ങള്‍ ഇവിടം വരെ എത്തിച്ചത്. നടിയുടെ 15 വയസ്സ് മുതല്‍ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും വേർപിരിഞ്ഞ ശേഷം തിരികെ നല്‍കാനുള്ള പണം നല്‍കാനായി നടന്റെ ഏജന്‍സി സമ്മർദ്ദം ചെലുത്തി. ഇത് നടിയുടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നായിരുന്നു വിഡോയോ അവകാശപ്പെട്ടത്. എന്നാല്‍ നടിയുമായുള്ള പ്രണയ ബന്ധം അവർക്ക് പ്രായപൂർത്തിയായ ശേഷം മാത്രമാണ് ആരംഭിച്ചതെന്നും പണത്തിനായി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് നടന്റെ അവകാശവാദം.












Click it and Unblock the Notifications