കൊല്ലം സുധിയുടെ മരണം വിറ്റ് കാശാക്കി, സാജു നവോദയുടെ വിമര്‍ശനം; ഒടുവില്‍ പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിടെ ഠമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകള്‍ അവതരിപ്പിച്ച് കൊണ്ടാണ് ലക്ഷ്മി നക്ഷത്ര പേരെടുക്കുന്നത്. അടുത്തിടെ നിരവധി വിവാദങ്ങളിലും ലക്ഷ്മി നക്ഷത്ര ഉള്‍പ്പെട്ടിരുന്നു. അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്.
കൊല്ലം സുധിയുടെ മരണശേഷം ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ച വീഡിയോ വലിയ വിവാദമായിരുന്നു. അതിന് ശേഷം കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ലക്ഷ്മിക്കെതിരെ ഉയര്‍ന്നിരുന്നു. നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവര്‍ ലക്ഷ്മിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാന്‍ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. കണക്ടിംഗ് മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. സാജു നവോദയ അടക്കമുള്ളവര്‍ തനിക്കെതിരെ രംഗത്തുവന്നതില്‍ പ്രതികരിക്കാനില്ലെന്നും ലക്ഷ്മി പറഞ്ഞു.
' നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. അവരെ ഞാന്‍ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാല്‍ മതി. എനിക്കെതിരെ മോശം പറഞ്ഞവര്‍ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ,' ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു. തന്റെ പ്രവൃത്തിയില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവര്‍ വ്യക്തമാക്കി.
കൊല്ലം സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കുന്നത് രേണുവിന്റെ ആവശ്യപ്രകാരമാണ് എന്നും അക്കാര്യത്തില്‍ അവരും താനും സന്തുഷ്ടരാണ് എന്നും ലക്ഷ്മി പറഞ്ഞു. 'എന്റെ വീട്ടുകാര്‍ക്കും അവരുടെ കുടുംബത്തിനും എന്നെ അറിയാം. അത്ര മാത്രം മതി. സഹപ്രവര്‍ത്തകരുടെ പ്രതികരണം എന്നെ ബാധിക്കില്ല. ഞാന്‍ അവരെപ്പോലെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല,' ലക്ഷ്മമി പറഞ്ഞു.
അതേസമയം ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന് പരിപാടി അവസാനിപ്പിച്ചതിലും അവര്‍ പ്രതികരിച്ചു. ഏഴ് വര്‍ഷമായി ആ പരിപാടി തുടങ്ങിയിട്ട് എന്നും അതില്‍ മാറ്റം വേണം എന്ന് എല്ലാവരും പറഞ്ഞിരുന്നു എന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. ഇതൊരു താല്‍ക്കാലിക ഇടവേള മാത്രമാണ് എന്നും അതു കഴിഞ്ഞാല്‍ ഉറപ്പായും പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനുള്ള വകയുണ്ടാകും എന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications