കൊല്ലം സുധിയുടെ സ്വപ്നം..ഒടുവിൽ ആ സന്തോഷം പങ്കിട്ട് രേണു; 'സ്വപ്നം പോലും കാണാൻ സാധിക്കാത്തൊന്ന്'
നടൻ കൊല്ലം സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം എറണാകുളത്ത് ഒരു പരിപാടി അവതരിപ്പിച്ച് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടാണ് സുധി മരിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായൊരു വീടെന്ന ആഗ്രഹം ബാക്കിവെച്ചായിരുന്നു സുധിയുടെ മടക്കം.
പല അവസരങ്ങളിലും ഒരു വീടീന് വേണ്ടിയുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ച് സുധി പങ്കുവെച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് സുധിയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് ഒരുക്കാൻ അദ്ദേഹത്തിനെ സ്നേഹിക്കുന്നവർ രംഗത്തെത്തിയത്. കേരള ഹോം ഡിസൈൻസ് ആണ് സുധിയുടെ സ്വപ്ന ഭവനം പണിയുന്നത്. ഇപ്പോഴിതാ തങ്ങളുടെ വീടിന്റെ പുതിയ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് ഭാര്യ രേണു.

പുതിയ വീടിന് നൽകാനിരിക്കുന്ന പേരാണ് രേണു പങ്കുവെച്ചത്. 'സുധിലയം' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. നെയിംപ്ലേറ്റുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം എല്ലാവരോടുമുള്ള നന്ദിയും രേണു പങ്കുവെച്ചു. നിരവധി പേരാണ് രേണുവിൻറെ പോസ്റ്റിന് താഴെ ആശംസ അറിയിച്ചത്. ഞങ്ങൾ മനസിൽ ആഗ്രഹിച്ച പേര് എന്നാണ് ചിലർ കുറിച്ചത്. സുധിയുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നല്ലത് മാത്രം വരട്ടെയെന്നും ചിലർ കുറിച്ചു. ഗൃഹപ്രവേശം കഴിഞ്ഞോയെന്നാണ് മറ്റ് ചിലർക്ക് അറിയേണ്ടത്. ഇതിന് ഇല്ലെന്നും രേണു മറുപടി നൽകുന്നുണ്ട്.
തങ്ങൾ ആഗ്രഹിച്ചതിനെക്കാൾ വലിയ വീടാണ് ലഭിച്ചിരിക്കുന്നതെന്ന് നേരത്തേ രേണു പറഞ്ഞിരുന്നു-' 'വീട് പണി നന്നായിട്ട് പോകുന്നു. കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി. നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ', എന്നായിരുന്നു രേണുവിന്റെ വാക്കുകൾ.
കേരള ഹോം ഡിസൈൻസ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിക്ക് സൗജന്യമായി വീട് വെച്ചുനൽകുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴ് സെന്റ് സ്ഥലത്താണ് വീട്. ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ആണ് വീട് വെക്കാൻ സ്ഥലം നൽകിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications