'ലക്ഷ്മി നക്ഷത്ര എല്ലാ മാസവും ഞങ്ങൾക്ക് പൈസ അയച്ച് തരും'; തുറന്ന് പറഞ്ഞ് രേണു, വിമർശനങ്ങൾക്ക് ചുട്ട മറുപടി
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബവുമായി ഏറെ ആത്മബന്ധം പുലർത്തുന്ന താരമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ഇടയ്ക്കിടെ ലക്ഷ്മി സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും വീട്ടിൽ സന്ദർശിക്കാറുണ്ട്. ഇതിന്റെ വീഡിയോകൾ അവർ പങ്കുവെച്ചിട്ടുമുണ്ട്. എന്നാൽ വീഡിയോയ്ക്ക് താഴെ ലക്ഷ്മിയെ അതിരൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് ഉയരാറുള്ളത്.
സുധിയുടെ വീട്ടിൽ ചെന്ന് ചീപ്പ് ഷോ കാണിക്കുകയാണ് ലക്ഷ്മിയെന്നും സ്വന്തം യുട്യൂബ് ചാനലിന്റെ റീച്ച് കൂടാൻ വേണ്ടിയാണ് ഇത്തരത്തിൽ രേണുവിനേയും മക്കളേയും പോയി കണ്ട് ഓരോ സമ്മാനങ്ങളൊക്കെ നൽകുന്നതെന്നൊക്കെയാണ് പലപ്പോഴും കമന്റുകൾ. എന്നാൽ ഇപ്പോൾ ഇതാ ഇത്തരം കമന്റുകൾക്ക് വായടപ്പിച്ച് മറുപടി നൽകുകയാണ് രേണു. സുധിച്ചേട്ടന്റെ സ്വന്തം പെങ്ങളെ പോലെയാണ് ലക്ഷ്മി നക്ഷത്രയെന്ന് അവർ പ്രതികരിച്ചു.

'ലക്ഷ്മി നക്ഷത്ര എന്ന് പറയുന്നത് സുധിച്ചേട്ടന്റെ സ്വന്തം പെങ്ങളായിട്ടാണ് ഞങ്ങൾ കാണുന്നത്. അവൾ അന്നും ഇന്നും ഒരുപോലെയാണ്. എല്ലാ മാസവും അവൾ ഒരു തുക ഞങ്ങൾക്ക് നൽകുന്നുണ്ട്. എനിക്ക് ജോലിയൊന്നും ആയിട്ടില്ല, വീട്ടിൽ പപ്പാക്ക് ജോലി ആയിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ചോദിക്കാതെ തന്നെ അവൾ എല്ലാ മാസവും പൈസ ഇട്ട് തരും. അവൾക്ക് വേണമെങ്കിൽ ഇക്കാര്യം പബ്ലിക്ക് ആയി പറയാം. പക്ഷേ പറഞ്ഞിട്ടില്ല. അവൾക്ക് ആത്മാർത്ഥമായിട്ടുള്ള സ്നേഹമാണ് ഉള്ളത്. അത് എവിടെയാണെങ്കിലും ഞാൻ പറയും.
എന്റെ സുധിച്ചേട്ടന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. ഞാൻ നന്നായി നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ഞാൻ പിച്ചക്കാരിയായിട്ടോ വെള്ള സാരിയിട്ടോ ഒക്കെ നടന്ന് കഴിഞ്ഞാൽ ആളുകൾക്ക് സന്തോഷമായിരിക്കും. പക്ഷേ എന്റെ ജീവിതത്തിൽ അത് വിഷമമായിരിക്കും. സുധിച്ചേട്ടന്റെ ആത്മാവിനും എന്റെ മക്കൾക്കുമെല്ലാം അത് വിഷമമായിരിക്കും. നന്നായി നടക്കണ്ടേ നമ്മൾ.
ഞാൻ അലമുറയിട്ട് കരഞ്ഞാൽ സുധിച്ചേട്ടൻ തിരിച്ചുവരുമോ? അദ്ദേഹത്തിന്റെ ആത്മാവ് എനിക്കൊപ്പം ഉള്ളിടത്തോളം കാലം ഞാൻ ഇങ്ങനെ തന്നെ നടക്കും. എന്റെ ജീവിതത്തിൽ വീണ്ടുമൊരു വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങളുടെ വീട് പണി നടക്കുന്നുണ്ട്. നാല് മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്', രേണു പറഞ്ഞു.
അപ്രതീക്ഷിതമായിട്ടായിരുന്നു കൊല്ലം സുധിയുടെ വേർപാട്. പരിപാടി കഴിഞ്ഞ് മടങ്ങവേ സുധി സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു.












Click it and Unblock the Notifications