കോളേജ് വിദ്യാർത്ഥിനിയാവാൻ കൊല്ലം സുധിയുടെ ഭാര്യ; രേണു സുധി അഭിനയ രംഗത്തേക്ക്
കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഭാര്യ രേണുവും മക്കളും. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും രേണു സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കിടാറുണ്ട്. ഇപ്പോൾ രേണു അഭിനയ രംഗത്തേക്ക് കടക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
നാടകത്തിലാണ് രേണു അഭിനയിക്കുന്നത്. കൊച്ചിൻ സംഗമിത്രയുടെ ഇരട്ട നഗരം നാടകത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് രേണു അഭിനയിക്കുന്നത് എന്നാണ് വിവരം. നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യ വാരം ഇരട്ടനഗരം പ്രദർശനത്തിനെത്തും. അഭിനയും നൃത്തവും ഒക്കെ ഏറെ ഇഷ്ടപ്പെടുന്ന രേണു ഇതിന് മുൻപ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയം ഇഷ്ടമാണെന്നും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും രേണു നേരത്തെ പറഞ്ഞിരുന്നു. നിർമാണത്തിൽലിരിക്കുന്ന സിനിമയിൽ വേഷം ചെയ്യുന്നുണ്ടെന്നും രേണു നേരത്തെ പറഞ്ഞിരുന്നു. വാകത്താനത്ത് വാടക വീട്ടിലാണ് താമസിക്കുന്നതെന്നും സുധിച്ചേട്ടൻ പങ്കെടുത്ത സ്റ്റാർ മാജിക് പരിപാടിയുടെ ഫാൻസുകാരാണ് വീട്ടുവാടക നൽകുന്നതെന്നും ലക്ഷ്മി നക്ഷത്പ എല്ലാ മാസവും മുടങ്ങാതെ പണം അയച്ച് തരുന്നുണ്ടെന്നും രേണു പറഞ്ഞിരുന്നു.
വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ - കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ രണ്ട് പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നേഴ്സാണ്. 2017 മേയിൽ ആണ് സുധിയുമായുള്ള വിവാഹം കഴിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. വിവാഹ വാർഷിക ദിനത്തിൽ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് രേണു പങ്കുവെച്ചിരുന്നു.
സിന്ദൂരം ഇട്ടുകൊണ്ടുള്ള ഫോട്ടോയാണ് വിവാഹ വാർഷിക ദിനത്തിൽ രേണു പങ്കുവെച്ചത്. ഭർത്താവ് മരിച്ച ഭാര്യമാർ സിന്ദൂരം തൊടാറില്ലെന്നും പക്ഷേ ഇന്ന് താൻ തൊട്ടുവെന്നും രേണു അന്ന് പങ്കുവെച്ച കുറിപ്പിൽ കുറിച്ചു, ഏഴാം വിവാഹ വാർഷികത്തിലായിരുന്നു രേണു സിന്ദൂരം ചാർത്തിയത്. സ്വർഗത്തിൽ ഇരുന്ന് സുധി ചേട്ടൻ എല്ലാം അറിയുന്നുണ്ടാകുമല്ലേ എന്നും രേണു കുറിച്ചിരുന്നു.
അതേ സമയം താൻ രണ്ടാം വിവാഹം കഴിക്കില്ലെന്ന് രേണു പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നാണ് രേണു പറഞ്ഞത്. ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ വിവാഹം ഇല്ലെന്നും രേണു പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞു.












Click it and Unblock the Notifications