'കൃഷ്ണപ്രസാദിന്റെ രാഷ്ട്രീയം ഇപ്പോൾ ഫാസിസത്തിന് എതിരെയാണ്'; അഭിനന്ദിച്ച് ഹരീഷ് പേരടി
കർഷക വിഷയത്തിൽ പ്രതികരിച്ച നടൻ കൃഷ്ണപ്രസാദിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. കൃഷ്ണപ്രസാദിന്റെ രാഷ്ട്രീയം എന്തായാലും ഇപ്പോൾ അയാൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു .തൊഴിലാളി വർഗ്ഗമെന്ന ഓമനപേരിലിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുഖംമൂടിയാണ് കൃഷ്ണപ്രസാദിന്റെ തുറന്ന് പറച്ചലിലൂടെ അഴിഞ്ഞുവീണതെന്നും ഹരീഷ് പേരടി പോസ്റ്റിൽ പറഞ്ഞു.
തനിക്ക് നെല്ലിനു പണം കിട്ടാത്തതിന്റെ പേരിലല്ല സപ്ലൈകോയ്ക്ക് നെല്ല് നല്കിയിട്ട് പണം ലഭിക്കാത്ത പതിനായിരക്കണക്കിനു നെല്കര്ഷകര്ക്കുവേണ്ടിയാണ് താൻ സമരത്തിന് ഇറങ്ങിയതെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാങ്കില്നിന്ന് ലോണായിട്ടാണ് തനിക്ക് പണം ലഭിച്ചത്. നെല്ല് നല്കിയതിന് പണമല്ലേ നല്കേണ്ടതെന്നും കൃഷ്ണപ്രസാദ് ചോദിച്ചിരുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഉൽപ്പാദിപിച്ച ഉൽപ്പന്നത്തിന് വില കൊടുക്കുന്നതിനുപകരം പണം കടമായി(Loan) കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് നട്ടെല്ല് നിവർത്തി കൃഷണ് പ്രസാദ് എന്ന കർഷകൻ ഉറക്കെ പറഞ്ഞപ്പോളാണ് കേരളം ആ സത്യം മനസ്സിലാക്കുന്നത്. കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുമ്പോൾ ബാക്കിയുള്ള 25000 കർഷകർക്ക് കടത്തിന്റെ റസീപ്റ്റും ഇല്ലെന്നറിയുമ്പോൾ, തൊഴിലാളി വർഗ്ഗമെന്ന ഓമനപേരിലിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ മുഖമൂടിയാണ് അഴിഞ്ഞുവിഴുന്നത്.
സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും...ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു....കൃഷണ് പ്രസാദ്..നിങ്ങളുടെ രാഷ്ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്..ആശംസകൾ'.
നേരത്തേ കർഷകപ്രശ്നങ്ങൾ ഉന്നയിച്ച് കളമശ്ശേരിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രസംഗിച്ച ജയസൂര്യയെ അനുകൂലിച്ചും ജയസൂര്യ പോസ്റ്റ് പങ്കിട്ടിരുന്നു. 'പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത് മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല...ജൈവ കൃഷികൊണ്ടല്ല ,രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്, അത് അവിടെ നിൽക്കട്ടെ, എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു.
മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു...അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട...നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്...പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക...നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ', എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.












Click it and Unblock the Notifications