കുബേരയ്ക്ക് ധനുഷും നാഗാര്‍ജുനയും വാങ്ങിയ പ്രതിഫലം കേട്ടോ? സിനിമയുടെ ബഡ്ജറ്റ് ഉയരാന്‍ കാരണമിതോ?
2025 ല്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു കുബേര. ജൂണ്‍ 20 നാണ് ചിത്രം പുറത്തിറങ്ങിയത്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഈ തെലുങ്ക് ത്രില്ലറില്‍ ധനുഷ്, നാഗാര്‍ജുന അക്കിനേനി, രശ്മിക മന്ദാന എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിരയാണ് അഭിനയിക്കുന്നത്. റിലീസ് ചെയ്തതിന് പിന്നാലെ കുബേരയ്ക്ക് മികച്ച അഭിപ്രായമാണ് നാനായിടത്ത് നിന്നും ലഭിക്കുന്നത്.
ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം നടത്തുന്ന ചിത്രങ്ങൡലൊന്നായിരിക്കും കുബേര എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അതേസമയം കുബേരയുടെ ആഖ്യാനമോ സ്‌ക്രീനിലെ ആക്ഷനോ മാത്രമല്ല ശ്രദ്ധ ആകര്‍ഷിക്കുന്നത്. കുബേര സിനിമയുടെ വമ്പന്‍ ബജറ്റിനെയും അഭിനേതാക്കളുടെ പ്രതിഫലത്തെയും കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

കുബേരയുടെ ആദ്യ ബജറ്റ് 90 കോടി രൂപയായിരുന്നു, എന്നാല്‍ ചിത്രത്തിന്റെ ചെലവ് 120 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ ഇത് സമീപകാലത്തെ ഏറ്റവും ചെലവേറിയ തെലുങ്ക് ത്രില്ലറുകളില്‍ ഒന്നായി മാറി. ദേവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷിന്റെ പ്രതിഫലമാണ് സിനിമയില്‍ മുന്നില്‍. 30 കോടി രൂപയാണ് കുബേരയ്ക്കായി താരം പ്രതിഫലമായി വാങ്ങിയത് എന്നാണ് വിവരം.
ദീപക് എന്ന കൗതുകകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെറ്ററന്‍ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയാണ് പ്രതിഫല കാര്യത്തില്‍ രണ്ടാം സ്ഥാനമത്ത്. ഈ കഥാപാത്രത്തിന് അദ്ദേഹം 14 കോടി രൂപ വാങ്ങിയതായി പറയപ്പെടുന്നു. അതേസമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളാണെങ്കിലും, രശ്മിക മന്ദാന, കുബേരയ്ക്ക് വേണ്ടി 4 കോടി രൂപ മാത്രമെ വാങ്ങിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
സാധാരണ അഞ്ച് കോടി മുതല്‍ 12 കോടി വരെയാണ് രശ്മിക മന്ദാന വാങ്ങിക്കാറുള്ളത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ കുറവാണ്. താരത്തിന്റെ കുറഞ്ഞ പ്രതിഫലത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കൂടാതെ കൂടാതെ, ദലിപ് താഹില്‍, സയാജി ഷിന്‍ഡെ, ദിവ്യ ഡെക്കേറ്റ്, ഹരീഷ് പെരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും അമിഗോസ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന കുബേരയില്‍ ശക്തമായ ഒരു ടെക്‌നിക്കല്‍ ടീമും ഉള്‍പ്പെടുന്നു. നികേത് ബൊമ്മിറെഡ്ഡി ഛായാഗ്രഹണവും കാര്‍ത്തിക് ശ്രീനിവാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കുന്നു.












Click it and Unblock the Notifications