'ആ കുഴിയിൽ നാം വീഴരുത്': കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോണ്‍ പറയുന്നു
കുഞ്ചാക്കോ ബോബന്‍, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെയ്ക്കിങില്‍ പതിവ് ടിനു പാപ്പച്ചന്‍ പുലർത്തുന്ന ചിത്രം മികച്ച സന്ദേശം നല്‍കുന്നുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
മെയ്ക്കിങ് ഗംഭീരമാണെങ്കിലും ജോയ് മാത്യൂവിന്റെ തിരക്കഥയില്‍ പാളിച്ചയുണ്ടായെന്നാണ് ചിത്രത്തിനെതിരായ പ്രധാന വിമർശനം. അതേസമയം തന്നെ ചിത്രത്തിനെതിരെ മനഃപ്പൂർവ്വമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ജോയി മാത്യൂവിന്റെ രാഷ്ട്രീയ നിലപാടുകളില്‍ എതിർപ്പുള്ളവരാണ് ഇതിന് പിന്നിലെന്നും പറയപ്പെട്ടുന്നു. ഇപ്പോഴിതാ ആർഎസ്പി നേതാവും സിനിമ നിർമ്മാതാവ് കൂടിയായ ഷിബു ബേബി ജോണും ചാവേറിനെതിരെ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

'ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്' എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
Tinu, I am proud of you...
ഞാനിന്ന് ചാവേർ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിൻ്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേർ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്.
എന്നാൽ, ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുത്.
ചാവേർ നാമോരോരുത്തരും തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജപ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തീയേറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ.












Click it and Unblock the Notifications